വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം രണ്ട് പലസ്തീനികളെ വെടിവെച്ചുകൊന്നു; ഒരാൾ കൗമാരക്കാരൻ

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു കൗമാരക്കാരനും ഉൾപ്പെടുന്നു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം, തെക്കൻ ഹെബ്രോണിൽ നിന്നുള്ള 16 വയസ്സുകാരനായ അംജദ് അബു അവാദ് മധ്യ റാമല്ലയിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ഇസ്രായേൽ സൈന്യം റാമല്ലയിലെ നിരവധി വീടുകളിൽ റെയ്ഡ് നടത്തുകയും സ്വത്തുക്കൾക്ക് നാശനഷ്ടങ്ങൾ വരുത്തുകയും നിരവധി യുവാക്കളെ ചോദ്യം ചെയ്യുകയും ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാഫ റിപ്പോർട്ട് ചെയ്തു.
തെക്കൻ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലെ മെയ്താർ ക്രോസിംഗിന് സമീപം മറ്റൊരു യുവാവിനെയും ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. ഇസ്രായേൽ സൈന്യം 24 വയസ്സുകാരനായ സമിർ അൽ-സഘർനയ്ക്ക് നേരെ വെടിയുതിർത്തെന്നും, ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് മരിച്ചെന്നും പലസ്തീൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
2023 ഒക്ടോബറിൽ ഗാസയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം, വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പിലും അനധികൃത കുടിയേറ്റക്കാരുടെ ആക്രമണങ്ങളിലും ആയിരത്തിലധികം പലസ്തീനികൾ കൊല്ലപ്പെടുകയും 7,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം പറയുന്നു. അന്താരാഷ്ട്ര നിയമമനുസരിച്ച് ഇസ്രായേലിന്റെ അധിനിവേശം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ജൂലൈയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രഖ്യാപിച്ചിരുന്നു.