പോർച്ചുഗൽ കിരീട നേട്ടങ്ങളിലെ പങ്കാളി, വിവാഹിതനായിട്ട് ആഴ്ചകൾ മാത്രം; ജോട്ടയുടെ വിയോഗത്തിൽ ഞെട്ടി കായികലോകം

ഡിയോഗോ ജോട്ടയുടെ(28) മരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഫുട്‌ബോൾ ലോകം. ലിവർപൂളിന്റെ പോർച്ചുഗൽ താരമായ ജോട്ട സ്‌പെയിനിലെ സമോറയിൽ നടന്ന കാറപകടത്തിലാണ് മരിച്ചത്. വിവാഹതിയനായിട്ട് ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ് ജോട്ട വിടവാങ്ങുന്നത്. അപകടം നടന്ന കാറിൽ സഹോദരനും ഫുട്‌ബോൾ താരവുമായ ആന്ദ്രെ സിൽവയും(26) ഉണ്ടായിരുന്നു
വ്യാഴാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ഇരുവരും ബെനവെന്റെയിലേക്ക് പോകുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ഇവരുടെ ലംബോർഗിനിയുടെ ടയർ പൊട്ടിത്തെറിക്കുകയും കാറിന് തീപിടിക്കുകയുമായിരുന്നു. സഹോദരനും ജോട്ടക്കൊപ്പം മരിച്ചു.
അത്‌ലറ്റികോ മാഡ്രിഡിന്റെ താരമായിരുന്ന ജോട്ട ലോൺ അടിസ്ഥാനത്തിൽ പോർട്ടോയിൽ എത്തിയിരുന്നു. 2017ലാണ് പ്രീമിയർ ലീഗിന്റെ ഭാഗമാകുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ വോൾവർഹാംപ്ടണിലായിരുന്നു തുടക്കം. 2020ൽ ലിവർപൂളിലെത്തി. 2022ൽ ലിവർപൂളിന് എഫ്എ കപ്പ് നേടി കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
പ്രീമിയർ ലീഗ് കഴിഞ്ഞ സീസണിൽ ലിവർപൂൾ കിരീടം നേടുമ്പോൾ 9 ഗോളുകളുമായി ജോട്ടയും ടീമിലുണ്ടായിരുന്നു. പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗിൽ കിരീടം നേടിയ രണ്ട് തവണയും ജോട്ട ടീമിലുണ്ടായിരുന്നു. ദേശീയ ജേഴ്‌സിൽ 49 മത്സരങ്ങളും ജോട്ട കളിച്ചിട്ടുണ്ട്