Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 38

[ad_1]

രചന: റിൻസി പ്രിൻസ്

അന്നാദ്യമായി മാധവിയോടെ കള്ളം പറയാതെ സുധിയെ കാണാൻ ആണെന്ന് പറഞ്ഞു തന്നെ അവൾ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു.  തടയാൻ മാധവിക്കും തോന്നിയില്ല. അമ്പലത്തിന്റെ ആൽത്തറയിലെക്ക്  നടന്നപ്പോൾ കണ്ടിരുന്നു പരിചിതമായ ആ കാർ. കാലുകൾക്ക് ധ്രുത വേഗം ചലനം വർധിക്കുന്നതുപോലെ അവൾക്ക് തോന്നി.

ഒരു വർഷത്തിനുശേഷം കാണുകയാണ്,  പ്രകടമായി മാറ്റങ്ങൾ ഒന്നും അവനിൽ കാണാനില്ലെങ്കിലും അല്പം കൂടി തടി വച്ചതായും തലയിലെ മുടിക്ക് അല്പംകൂടി കട്ടി കുറഞ്ഞതായും ഒക്കെ അവൾക്ക് തോന്നിയിരുന്നു.  മുഖം ഒന്നുകൂടി വെളുത്തിട്ടുണ്ട്,  തന്നെ കണ്ടതും മനസ്സ് നിറഞ്ഞ ചിരിയോടെ നിൽക്കുകയാണ് .

” ഒരുപാട് നേരമായോ വന്നിട്ട്..?

 അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു,

”  കുറച്ചു നേരം ആയിട്ടേയുള്ളൂ.

 ചെറു ചിരിയോടെ അവൻ പറഞ്ഞു,

” തൊഴുതോ..?

”  ഇല്ല താൻ കൂടി വരട്ടെന്ന് കരുതി,  രണ്ടുപേരും ഒരുമിച്ചാണ് ക്ഷേത്രത്തിനുള്ളിലേക്ക് കയറിയത്. ശ്രീക്കോവിലിന് മുൻപിൽ കണ്ണുകൾ അടച്ച് നിൽക്കുമ്പോൾ അവൾക്ക് പ്രാർത്ഥിക്കാൻ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല, മനസ്സ് മുഴുവൻ തനിക്ക് അരികിൽ നിൽക്കുന്നവനെ ഭ്രമണം ചെയ്യുകയാണെന്ന് അവൾക്ക് തോന്നി. ആദ്യമായാണ് ഇങ്ങനെ ഒന്നും പറയാതെ ഭഗവാന് മുന്നിൽ നിൽക്കുന്നത്.  ഇത്രയും നല്ല മനസ്സുള്ള ഒരാളെ തനിക്ക് വേണ്ടി കാത്തു വച്ചതിന്റെ നന്ദി മാത്രമേ പറയാൻ ബാക്കിയുള്ളൂ.  ജീവിതം പൂർണമായതുപോലെ തോന്നുകയാണ്.  പ്രണയത്തെക്കാളും ഇഷ്ടത്തേക്കാളും കൂടുതൽ അവനോട് തോന്നുന്നത് ബഹുമാനമാണ്,  അവന്റെ ഉറച്ച നിലപാടുകളോടുള്ള ആരാധനയാണ്..!

 ഉള്ളംകയ്യിലേക്ക് ഇലച്ചീന്തിൽ വെച്ചുതന്ന  ചന്ദനം തുടുവിരലാൽ തോണ്ടി അവന്റെ നെറുകയിലേക്ക് പതിപ്പിക്കാൻ ഇത്തവണ അവളോട് പ്രത്യേകമവന് ആവശ്യപ്പെടേണ്ടിയിരുന്നില്ല.  അങ്ങനെയൊരു സംസാരത്തിന്റെ മേമ്പൊടിയില്ലാതെ അവൾ തന്നെ അവന്റെ നെറുകയിൽ ആ ചന്ദന കുളിർ ചാർത്തി കഴിഞ്ഞിരുന്നു.  ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി അവനിലും ബാക്കിയായി.

”  ഇനിയെന്താ പരിപാടി..?

 ചെറുചിരിയോടെ അവൻ ചോദിച്ചു,  മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് അവൾ നോക്കി. ആൽമരത്തിന്റെ ഇലകൾക്കിടയിലൂടെ എത്തിനോക്കുന്ന സൂര്യവെളിച്ചം അവളുടെ മൂക്കിലെ ചുവന്ന മുക്കുത്തി കലിനെ കൂടുതൽ പ്രകാശിപ്പിച്ചു കൊണ്ടേയിരുന്നു.  ആ കാഴ്ച അവന് ഒരു കൗതുകം നിറയ്ക്കുന്നതായിരുന്നു.

” നമുക്ക് ഒരിടം വരെ പോകണം, അതിനാണ് ഞാൻ കാണണം എന്ന് പറഞ്ഞത്.

  അവളുടെ മുഖത്തേക്ക് തന്നെ നോക്കി അവൻ പറഞ്ഞു.

” എവിടെയാ.?  ഒരുപാട് ദൂരെയാണോ.? ഞാൻ അമ്മയോട് അമ്പലത്തിൽ പോകാമെന്ന് പറഞ്ഞിട്ട് ആണ് വന്നത്.

 അവളുടെ വാക്കുകളിൽ നിറഞ്ഞുനിന്ന നിഷ്കളങ്കത അവന് മനസ്സിലാകുമായിരുന്നു.

”  അത്ര ദൂരെയൊന്നുമല്ല ഇവിടെ അടുത്ത് തന്നെയാണ്,  താലിമാല ഒക്കെ സെറ്റ് ആക്കി വെച്ചിട്ടുണ്ട്   പക്ഷേ താലി നോക്കിയിട്ടില്ല.  തന്റെ കൂടി ഇഷ്ടം അറിഞ്ഞിട്ട് താലി വാങ്ങാമെന്ന് ഞാൻ കരുതിയത്. അതിനിപ്പോൾ ഒരുപാട് സമയം ഒന്നും വേണ്ടല്ലോ അതുകൊണ്ട് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു ഞാൻ വന്നതിനുശേഷമെടുത്താൽ മതിയെന്ന്.. അതിന് തന്നെ കൂടി കൂട്ടാനാ ഞാൻ വന്നത്, ഇവിടെ അടുത്തൊരു ജ്വല്ലറി ഉണ്ടല്ലോ,  നമുക്ക് അവിടെ പോയിട്ട് താലി ഒന്ന് സെലക്ട് ചെയ്യാം,  എന്നിട്ട് തന്നെ പെട്ടെന്ന് തിരിച്ചുകൊണ്ടു വിട്ടേക്കാം…

 അവന്റെ മുഖത്തെ പ്രതീക്ഷ കണ്ടപ്പോൾ മറുതു പറയാൻ അവൾക്കു തോന്നിയിരുന്നില്ല,  സമ്മതപൂർവ്വം അവൾ തലയാട്ടി    കാറിലേക്ക് കയറി ഇരിക്കുമ്പോഴും പരിഭ്രമം അവളെ മൂടുന്നുണ്ടായിരുന്നു, ഇടയ്ക്കിടെ തൂവാല കൊണ്ട് വിയർപ്പൊപ്പുന്ന അവളുടെ ആ പ്രവർത്തി തന്നെ പരിഭ്രമം വിളിച്ചു കാണിക്കുന്നുണ്ടായിരുന്നു.

”  തനിക്ക് ടെൻഷൻ ഉണ്ടോ..?

 ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവൻ ചോദിച്ചു.

”  ടെൻഷൻ ഒന്നുമില്ല ആരെങ്കിലും കണ്ടാൽ മോശമല്ലെന്ന് ഒരു തോന്നൽ,

”  എടോ ഒരു നാലഞ്ചു ദിവസം കഴിഞ്ഞാൽ തന്റെ കഴുത്തിൽ താലികെട്ടെണ്ട ആളാണ് ഞാൻ,  അതുകൊണ്ട് ആരും മോശം വിചാരിക്കില്ല.  അങ്ങനെയൊന്നും പേടിക്കണ്ട,

ചെറുചിരിയോട് അവൻ പറഞ്ഞപ്പോൾ അവളും ഒന്ന് ചിരിച്ചിരുന്നു,  സ്റ്റീരിയോയിൽ നിന്നും ഒഴുകിയെത്തിയ ഗാനത്തിൽ ലയിച്ചു പോയിരുന്നു അവൾ.

“എന്റെ മൌനരാഗമിന്നു നീയറിഞ്ഞുവോ
തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്റെ മോഹ ജാലകങ്ങൾ നീ തുറന്നുവോ”

 ജ്വല്ലറിക്ക് മുൻപിൽ വണ്ടി നിന്നപ്പോഴാണ് അവളാ ലോകത്ത് നിന്നും തിരികെ എത്തിയത്.  അവൻ വിളിച്ചപ്പോൾ അവൾ ഡോർ തുറന്ന് ഇറങ്ങിയിരുന്നു,  അവനെ അനുഗമിച്ചുകൊണ്ട് ജ്വല്ലറിക്കുള്ളിലേക്ക് നടക്കുമ്പോൾ അവളിലും ഒരു കൗതുകം നിറഞ്ഞുനിന്നിരുന്നു   പ്രാണന്റെ പാതി ആകേണ്ടവനാണ് അതിനുള്ള അടയാളമാണ് തിരഞ്ഞെടുക്കേണ്ടത്,  അതിൽ തന്റെ കൂടെ ഇഷ്ടം അവൻ നോക്കിയതും തനിക്ക് അവൻ നൽകുന്ന പരിഗണന തന്നെയാണെന്ന് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.  കുറേ താലിയുടെ ഡിസൈൻസ് സെയിൽസ്മാൻ കാണിച്ചുവെങ്കിലും അവളുടെ കണ്ണുടക്കിയത് കുഞ്ഞ്താലിയിൽ ആണ്,

”  ഇതുപോരെ സുധിയേട്ടാ…

 ഒരു കുഞ്ഞു താലി കയ്യിലെടുത്തുകൊണ്ട് അവൾ കാണിച്ചപ്പോൾ സുധിയും അതിലേക്ക് നോക്കി,  അവനും അത് ഇഷ്ടമായി എന്ന് തോന്നി.

”  സാധാരണ ഇപ്പൊൾ കല്യാണങ്ങൾക്ക് എല്ലാവരും വലിയ താലിയാ എടുക്കാറുള്ളത്.

 സെയിൽസ്മാൻ പറഞ്ഞു. അവൾ മറുപടിക്ക് വേണ്ടി സുധിയെ നോക്കി.

” തനിക്ക് ഇതാണ് ഇഷ്ടമായതെങ്കിൽ ഇത് വാങ്ങിക്കാം,

”  എന്റെ ഇഷ്ടം മാത്രം നോക്കണ്ട.  സുധിയേട്ടന് ഏതാ ഇഷ്ടായത് എന്നുവച്ചാൽ  അതെടുത്തോ.., ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ,

” എനിക്ക് അത് ഇഷ്ടമായി.

സുധി പറഞ്ഞു,

”  എങ്കിൽ പിന്നെ അത് തന്നെ എടുത്തോളൂ,

സുധി പറഞ്ഞപ്പോൾ അയാൾ അത് പാക്ക് ചെയ്യാനായി എടുത്തിരുന്നു,

” വേറെ എന്തെങ്കിലും വേണോ  സർ..?

”  വേറെ ഇപ്പോൾ ഒന്നും വേണ്ട..

 സുധി പറഞ്ഞു,

”  താലിയുടെ വലിപ്പത്തിൽ അല്ലല്ലോ അതിട്ട് എങ്ങനെ ജീവിക്കുന്നു എന്നതിലല്ലേ കാര്യം..?

 സുധി അവളോട് പറഞ്ഞു.  ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി അവളിലും നിറഞ്ഞു നിന്നിരുന്നു.
 ജ്വല്ലറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരു ഹോട്ടലിന്റെ മുൻപിൽ അവൻ കാർ നിർത്തി. മനസിലാവാതെ നോക്കുന്നവളോട് വാച്ചിൽ നോക്കി പറഞ്ഞു 

” സമയം നോക്ക്, ഒന്നേമുക്കാൽ ആകുന്നു.  ഇനി എന്തെങ്കിലും കഴിച്ചിട്ട് പോകാം,

”  അത്ര സമയം ആയോ..? ഞാൻ കാലത്തെ 11 മണി ആയപ്പോഴേ ഇറങ്ങിയതാ. അമ്മ എന്നെ തിരക്കുന്നുണ്ടാവും,  അവൾ അവന്റെ മുഖത്തേക്ക് നോക്കി അല്പം പരിഭ്രമത്തോടെ പറഞ്ഞു.

”  ഫോൺ എടുത്തിട്ട് അമ്മയെ വിളിച്ചു പറ താലി നോക്കാൻ വേണ്ടി ഞാൻ വിളിച്ചുകൊണ്ടു വന്നതാണെന്ന്,

”  ഞാൻ ഫോൺ എടുത്തിട്ടില്ല സുധിയേട്ടാ,  ഫോൺ ഞാൻ വീട്ടിൽ വച്ചിട്ട്  ആണ് വന്നത്.

 പോക്കറ്റിൽ നിന്നും ഫോണെടുത്ത് അൺലോക്ക് ചെയ്ത് മാധവിയുടെ നമ്പർ ഡയൽ ചെയ്ത് അവൾക്ക് നേരെ നീട്ടി സുധി,  അവൻ പറഞ്ഞ കാര്യങ്ങൾ മാധവിയോട് പറഞ്ഞപ്പോൾ മാധവി സാരമില്ല എന്ന് അവളോട് പറഞ്ഞിരുന്നു.  ഭക്ഷണം കഴിച്ചതിനുശേഷം തിരികെ വരുമെന്നും അവൾ ഫോണിൽ പറഞ്ഞു,  മാധവിയത് സമ്മതിക്കുകയും ചെയ്തു.  ശേഷം തിരികെ ഫോൺ അവന് നേരെ നീട്ടുന്നതിനിടയിലാണ് അവൾ അവന്റെ ഫോണിലെ വാൾപേപ്പർ ശ്രദ്ധിച്ചത്.  തന്റെ പേര് എഴുതിയ മോതിരമാണ് വാൾപേപ്പർ ആക്കിയിരിക്കുന്നത്.  അറിയാതെ അവന്റെ മിഴികളിലേക്ക് ഒരു നിമിഷം അവളുടെ നോട്ടം ചെന്നെത്തി.  മറ്റെന്തോ കാര്യത്തിൽ ശ്രദ്ധിച്ചുകൊണ്ട് നിൽക്കുകയാണ് ആള്,  ചെറിയ ചിരിയോടെ അവൾ ഫോൺ ലോക്ക് ചെയ്തു അവന് നേരെ നീട്ടി,

”  അമ്മയുടെ അനുവാദം കിട്ടിയോ?

 ചെറുചിരിയോടെ അവൻ ചോദിച്ചു.

”  അനുവാദത്തിന്റെ അല്ല ഞാൻ പറഞ്ഞില്ലല്ലോ,  അതാ, പേടിക്കും.  പണ്ടുമുതലേ ഞങ്ങൾ എവിടേലും പോയി വരാൻ വൈകിയാൽ അമ്മയ്ക്ക് പേടി തുടങ്ങും,

 അവനൊന്ന് ചിരിച്ചിരുന്നു.
 ഹോട്ടലിലേക്ക് കയറിയതും അവൻ രണ്ട് ചിക്കൻ ബിരിയാണി ആണ് പറഞ്ഞത്, അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി അവൾ.. അവൻ ഇരു കണ്ണുകളും ഒന്ന്  ചിമ്മി കാണിച്ചു.

”  ബിരിയാണി ഇഷ്ടമാണെന്നല്ലേ പറഞ്ഞത്..?

അവൻ ചോദ്യം ചോദിച്ചപ്പോൾ അവൾ അമ്പരന്നു പോയിരുന്നു. ഫോണിൽ സംസാരിച്ചു തുടങ്ങിയ ആദ്യകാലത്തോ മറ്റോ പറഞ്ഞതാണ്. ഇഷ്ടപ്പെട്ട ഭക്ഷണം എന്താന്ന് ചോദിച്ചപ്പോൾ ബിരിയാണിയുടെ പേര്.  ഇപ്പോഴും അത് ഓർത്തു വച്ചിരിക്കുന്നു,  ഇപ്പോൾ ഒരു വർഷത്തോളമായി തമ്മിൽ സംസാരിക്കാൻ തുടങ്ങിയിട്ട്.  ഇതിനിടയിൽ പല വിഷയങ്ങളും സംസാരത്തിൽ വന്നുപോയി,  എന്നിട്ടും ഇക്കാര്യം ഓർമ്മിച്ചു വെച്ചത് അവൾക്കൊരു അത്ഭുതമായി തോന്നി.  ഭക്ഷണം കഴിച്ചു കഴിഞ്ഞതും സുധി അവളെ വീട്ടിലേക്ക് തന്നെയാണ് കൊണ്ടുവിട്ടത്.

” ഇനി അമ്പലത്തിൽ ഇറക്കേണ്ടല്ലോ നാലുദിവസം കൂടി കഴിഞ്ഞാല്‍ ഈ വീട്ടുപടിക്കൽ എനിക്ക് അവകാശത്തോടെ വരാല്ലോ? അതുകൊണ്ട് ഇനി ആരെങ്കിലും കണ്ടാലും കുഴപ്പമില്ല,  വീടിനുമുന്നിൽ തന്നെ വിടാം, വഴിയിൽ ഇറക്കി വിട്ടു എന്ന സങ്കടം എനിക്കും ഇല്ല…

വീടിന് അരികിൽ വണ്ടി നിർത്തി അവൻ പറഞ്ഞു,

“കയറുന്നില്ലേ..?

വീടിന് അരികിലായി അവൻ വണ്ടി നിർത്തിയപ്പോൾ അവൾ ചെറുചിരിയോടെ ചോദിച്ചു,

”  വേണ്ട ഞാൻ പറഞ്ഞതുപോലെ നാല് ദിവസം കൂടി കഴിഞ്ഞ് അവകാശത്തോടെ വന്നു കയറാം, ഇപ്പോൾ താൻ ചെല്ല്,

 അവനോട് എന്തോ ചോദിക്കാനുള്ളത് പോലെ പോകാൻ മടിച്ച് അവൾ നിന്നു.
 മനസ്സിലാവാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി,

“എന്തെ പോകാൻ തോന്നുന്നില്ലേ…?   അല്പം കുസൃതിയുടെ മേമ്പടിയോടെയാണ് അവൻ ചോദിച്ചത്…

” ഇത്ര സമയം കൂടെ ഉണ്ടായിട്ടും സുധിയെട്ടനോട് ഒന്ന് സംസാരിക്കാൻ പറ്റിയില്ല,  സുധിയേട്ടൻ പോയിക്കഴിയുമ്പോൾ എനിക്ക് തോന്നും ഒന്ന് സംസാരിച്ചില്ലല്ലോന്ന്, അത്രനേരം കൂടെയുണ്ടായിരുന്നല്ലോന്ന്, മനപ്പൂർവം ഞാൻ ഒഴിഞ്ഞുമാറുന്നതല്ല, എനിക്കും സുധിയേട്ടനോട് ഒരുപാട് നേരം സംസാരിക്കണം എന്നൊക്കെ ഉണ്ട്.   പക്ഷേ എനിക്ക് എന്തോ അങ്ങനെ സംസാരിക്കാൻ സാധിക്കുന്നില്ല.

തന്റെ അവസ്ഥ അവൾ പറഞ്ഞു..

” സാരമില്ല നമ്മൾ അങ്ങനെ ഒരുപാട് വട്ടം ഒരുമിച്ച് കണ്ടിട്ടില്ലല്ലോ നേരിൽ , നിശ്ചയം കഴിഞ്ഞാകെ ഒന്നോ രണ്ടോ വട്ടമല്ലേ നേരിൽ കണ്ടിട്ടുള്ളൂ, ഫോണിൽ സംസാരിക്കുന്ന പോലെയല്ല നേരിൽ സംസാരിക്കുമ്പോഴും കാണുമ്പോഴും,  ഒരു ബുദ്ധിമുട്ടുണ്ടാവും.  അത്  പതിയെ മാറിക്കോളും, പിന്നെ ഇനി ഒരു ജീവിതകാലം മുഴുവൻ നമ്മുക്ക് ബാക്കിയുണ്ടല്ലോ….

സുധി കണ്ണുകളിൽ പ്രണയം നിറച്ചു പറഞ്ഞു…

” ഇനിയങ്ങോട്ട് ഞാൻ തിരക്കിലായിരിക്കും കല്യാണം വരെ,  ചിലപ്പോൾ പഴയപോലെ ഫോണിൽ വിളിക്കാനും ഒരുപാട് നേരം സംസാരിക്കാനും ഒന്നും പറ്റില്ല. പരിഭവം ഒന്നും തോന്നരുത്   എല്ലാത്തിനും ഓടി നടക്കാൻ ഞാനല്ലേ ഉള്ളൂ,

 ചെറുചിരിയോട് അവൾ തലയാട്ടി  നടന്നകലുന്നത് വരെ അവൻ അങ്ങനെ തന്നെ നോക്കി നിന്നു. അവളുടെ നിറഞ്ഞ പുഞ്ചിരി മാത്രം അവന്റെ ഹൃദയത്തിൽ ഒരു ചിത്രം പോലെ കോറി വരയ്ക്കപ്പെട്ടിരുന്നു.  ആ പുഞ്ചിരിയോടെ തന്നെ അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു  ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button