ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 92
[ad_1]
രചന: റിൻസി പ്രിൻസ്
കാലത്തെ ഉണരുമ്പോൾ അവന്റെ കരതലങ്ങളിൽ സുരക്ഷിതമായി കിടക്കുകയാണ് ശ്വേത… കണ്ണുകൾ തുറന്ന് അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു കുഞ്ഞു കുട്ടിയോട് തോന്നുന്ന വാത്സല്യമാണ് അവൾക്ക് തോന്നിയത്. കഴിഞ്ഞ രാത്രിയിലെ ലാസ്യമാർന്ന നിമിഷങ്ങൾ അവളുടെ മനസ്സിലൂടെ ഒരു നിമിഷം കടന്നുപോയി. നാണവും പ്രണയവും ഒരുപോലെ വന്നുപോയ ഒരു നിമിഷം ആയിരുന്നു അത്. സ്വതവെ വെളുത്ത അവന്റെ മുഖത്തെ ആ താടിയും നീണ്ട മുടിയിഴകളും കുറച്ചുകൂടി അവനെ സുന്ദരനാക്കിയിരിക്കുന്നു. ഈ ചുവന്ന ആധരങ്ങൾ അല്ലേ ഇന്നലെ തന്നെ ചുംബിച്ചു ഉണർത്തിയത് ഓർമിക്കവേ അവളിൽ നാണം പൂത്തുലഞ്ഞു. എന്നും പ്രണയം നിറഞ്ഞിരിക്കുന്ന ആ കണ്ണുകൾ പാതി തുറന്നിരിക്കുന്നുണ്ട്. രോമാവൃതമായ ആ കരതലങ്ങൾ കൊണ്ടാണ് തന്നെ പുണർന്നിരിക്കുന്നത് ഒരു കൈ സുരക്ഷിതമായി തന്നെ ചേർത്തു പിടിച്ചിരിക്കുന്നു.. ഷർട്ട് ഇല്ലാതെ കിടക്കുന്നതുകൊണ്ട് തന്നെ നെഞ്ചിലെ രോമരാജികൾ നന്നായി കാണാൻ സാധിക്കുമായിരുന്നു. അതിനിടയിൽ ആയി ചെറിയൊരു സ്വർണ ചെയിനും അതിൽ ഒരു കുരിശും. ഒപ്പം കറുത്ത ചരടിൽ തീർത്ത ഒരു കൊന്തമാലയും. നോക്കുംതോറും അവന് സൗന്ദര്യം കൂടി വരുന്നതായി അവൾക്ക് തോന്നി. ഏറെ പ്രണയത്തോടെ അവന്റെ തലമുടി ഇഴകൾ മാടിയൊതുക്കി പുറകിലേക്ക് വച്ച് ആ കവിളിൽ ഒന്ന് ചുംബിച്ചിരുന്നു അവൾ.
ആ നിമിഷം തന്നെ അവൻ കണ്ണുകൾ തുറന്നു. അവളെ നോക്കി വിടർന്ന ഒരു പുഞ്ചിരി നൽകി പിന്നെ രണ്ടു കൈകൾ കൊണ്ടും അവളെ തന്റെ ശരീരത്തോട് ഒന്നുകൂടി ചേർത്ത് മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു പുതപ്പ് എടുത്ത് ഒന്നുകൂടി മൂടി. അങ്ങനെ ചേർത്ത് കിടത്തി. ഒരിക്കൽ കൂടി ഉറങ്ങി, പിന്നെ അലാറം അടിക്കുന്നത് കേട്ടാണ് അവൾ ഉണർന്നത്.. സമയം നോക്കിയപ്പോൾ ആറുമണി കഴിഞ്ഞു.. ഇനിയും എഴുന്നേൽക്കാതിരിക്കുന്നത് ശരിയല്ലന്ന് അവൾക്ക് തോന്നി. അതുകൊണ്ട് തന്നെ എഴുന്നേൽക്കാനായി ശ്രമിച്ചപ്പോഴാണ് വസ്ത്രങ്ങളെല്ലാം കട്ടിലിന് താഴെയാണ് കിടക്കുന്നത് എന്ന ബോധം വന്നത്. ഒരു നിമിഷം അവനെ ഒന്നുകൂടി നോക്കിയപ്പോൾ അവൾക്ക് വീണ്ടും നാണം കാലശലായി. ആ നിമിഷം തന്നെ അവൾ വസ്ത്രങ്ങൾ വാരിയെടുത്തു ഒരു ബെഡ്ഷീറ്റും പുതച്ചുകൊണ്ട് നേരെ ബാത്റൂമിലേക്ക് പോയിരുന്നു.. അവിടെനിന്ന് വസ്ത്രങ്ങൾ മാറി പല്ലും തേച്ച് തിരിച്ചിറങ്ങി വന്നു. മാറാനുള്ള വസ്ത്രങ്ങളും തോർത്തും എടുത്ത് മുടി ഒരു വലിയ ക്ലിപ്പ് കൊണ്ട് പൊക്കി കെട്ടിവച്ചു.
ശേഷം ബാത്റൂമിലേക്ക് കയറി ദേഹം കഴുകി തിരിച്ചിറങ്ങി. ഒരു ലോങ്ങ് സ്കേർട്ടും ബനിയനും ആണ് ധരിച്ചിരുന്നത്. അപ്പോഴും സാം നല്ല ഉറക്കമാണ്. കണ്ണാടിയിൽ നോക്കി മുഖത്ത് പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തി സ്കിൻ കെയറും ചെയ്ത ശേഷം നേരെ താഴേക്ക് പോയിരുന്നു.. പോകുന്ന വഴിയിൽ സാമിനെ പുതപ്പ് കൊണ്ട് നന്നായി ഒന്ന് മൂടി കിടത്താനും അവൾ മറന്നിരുന്നില്ല…
അടുക്കളയിലേക്ക് ചെന്നപ്പോൾ ജെസ്സി മാത്രമാണ് ഉള്ളത്..
” ആഹാ മോൾ ഇത്ര നേരത്തെ എഴുന്നേൽക്കുമോ..?
ജെസ്സിയുടെ ചോദ്യം കേട്ട് തന്നെ കളിയാക്കിയതാണോ എന്ന് പോലും അവൾക്ക് തോന്നിയിരുന്നു. കാരണം സമയം അപ്പോഴേക്കും ഏഴുമണിയോടെ അടുത്തിരുന്നു.
” 7 മണി ആയില്ലേ
അവൾ ചോദിച്ചു.
“ഇവിടെ ഇതൊന്നും ഒരു സമയമല്ല മോളെ, ഓരോന്ന് എഴുന്നേറ്റ് വരുമ്പോൾ എട്ടര ഒമ്പതാവും.. ഞാൻ മാത്രം ഒരു ആറര ആകുമ്പോൾ എഴുന്നേൽക്കും. നിനക്ക് ചായയാണോ കാപ്പിയാണോ ഇഷ്ടം.? ഞാൻ കാപ്പിയാണ് കുടിക്കുന്നത്… ഇവിടെ എല്ലാവർക്കും ചായ ആണ് ഇഷ്ട്ടം…
” എനിക്ക് കാപ്പിയാ ഇഷ്ടം
അവൾ പറഞ്ഞു
” അപ്പൊ പിന്നെ എനിക്ക് കാപ്പി കുടിക്കാൻ ഒരു കമ്പനിയായി. കാപ്പി ആണെങ്കിൽ ഫ്ലാസ്കിൽ ഉണ്ട്,
അതും പറഞ്ഞു ഫ്ലാസ്ക്കും ഗ്ലാസും അവൾക്ക് നേരെ നീട്ടിവെച്ചുകൊണ്ട് കബോർഡ് തുറന്ന് ഒരു ടിന്നും എടുത്ത് അടുക്കളയുടെ പടിയിലേക്ക് ഇരുന്നിരുന്നു ജെസ്സി. കാപ്പി എടുത്തുകൊണ്ട് അവർക്കരികിലേക്ക് ശ്വേതയും ഇരുന്നു. കയ്യിലിരുന്ന ടിൻ തുറന്ന് രണ്ടു ബിസ്ക്കറ്റ് എടുത്ത് ശ്വേതയ്ക്ക് നേരെ അവർ നീട്ടി..
” വേണ്ടാമ്മേ എനിക്ക് രാവിലെ ബിസ്ക്കറ്റ് ഒന്നും തിന്നു ശീലമില്ല…
” എനിക്ക് പണ്ട് തൊട്ടേ ശീലമുള്ള ഒരു കാര്യം ആണ് ഇത്. ഇല്ലെങ്കിൽ എനിക്ക് ഇടയ്ക്ക് ഛർദ്ദിക്കാൻ വരും. ഇതാവുമ്പോൾ കുറച്ച് വൈകി ബ്രേക്ക് ഫാസ്റ്റ് കഴിച്ചാലും കുഴപ്പമില്ലല്ലോ..
ജെസ്സി പറഞ്ഞു.. ആ സമയം കൊണ്ട് ജെസ്സിയെ നന്നായി അറിയുകയായിരുന്നു ശ്വേത. നന്നായി സംസാരിക്കുന്ന എന്നാൽ നല്ല കാര്യവിവരമുള്ള ഒരു വീട്ടമ്മയാണ് ജെസ്സി എന്ന് അവൾക്ക് തോന്നിയിരുന്നു. ആദ്യകാലങ്ങളിൽ ഒക്കെ കാണുമ്പോൾ നല്ല അലിവുള്ള കാരുണ്യം തൂകുന്ന ഒരു സ്ത്രീയാണ് തോന്നിയിട്ടുള്ളത്. ഓരോ വട്ടം കണ്ടപ്പോഴും അവരോടുള്ള ബഹുമാനം വർധിച്ചിട്ടേ ഉള്ളൂ. ഇപ്പോഴും അങ്ങനെ തന്നെ..
” ഇച്ചായൻ നല്ല ഉറക്കം ഞാൻ ചായ ഇട്ടു കൊണ്ട് കൊടുക്കാം..
” അങ്ങനൊന്നും ശീലിപ്പിക്കേണ്ട കൊച്ചേ, അവൻ ഇവിടെ വന്ന് കുടിച്ചോളും, ഇവിടെ അങ്ങനെ ഉള്ളൂ. ഉറക്കം ഒക്കെ എഴുന്നേൽക്കുമ്പോൾ തന്നെ ഇങ്ങ് ഇറങ്ങി വന്നോളും, അന്നേരം ചായ ഇട്ടു ഫ്ലാസ്കിൽ കൊണ്ട് ഡൈനിങ് ടേബിളിൽ വെച്ചാൽ മതി. അത് എടുത്ത് കുടിച്ചോളും, കിടക്കുന്നിടത് നിന്ന് ഈ ചായ കൊടുത്തു പഠിപ്പിച്ചാൽ പിന്നെ ജീവിതകാലം മൊത്തം അങ്ങനെ കൊടുത്തുകൊണ്ടിരിക്കണം. അതിന്റെ ഒന്നും ആവശ്യമില്ല. നമുക്ക് ആവശ്യമുള്ളതൊക്കെ എവിടെപ്പോയാലും ആരുടെ സഹായമില്ലാതെ ചെയ്യാൻ നമ്മൾ തന്നെ പഠിച്ചിരിക്കണം. ഞാനിവിടെ അവൻ കഴിക്കുന്ന പാത്രങ്ങളൊന്നും കഴുകി വെക്കത്തില്ല. കാരണം എന്താ എനിക്ക് അവന്റെ പാത്രം കൂടെ കഴുകാനുള്ള ബുദ്ധിമുട്ടു കൊണ്ടല്ല, അവൻ പാത്രം കഴുകി പഠിക്കണം. അതുകൊണ്ട് എന്താ എവിടെ ചെന്നാലും അവൻ കഴിച്ച പാത്രം അവൻ തന്നെ കഴുകും. അതുപോലെ അവന്റെ തുണിയൊന്നും ഞാൻ നനയ്ക്കാറില്ല. അവൻ തന്നെയാ കഴുകാറുള്ളത്. അവനവന്റെ കാര്യങ്ങൾ അവനവൻ തന്നെ ചെയ്തു പഠിക്കണം. അതൊരു നല്ല കാര്യമാണ്.. ഇനിയിപ്പോൾ നീ ആയിട്ട് അവനെ പുതിയ ശീലങ്ങൾ ഒന്നും പഠിപ്പിക്കാൻ നിൽക്കേണ്ട.. ആമ്പിള്ളേർ ഉഴപ്പമാരാവുന്നത് കല്യാണം കഴിയുമ്പോൾ തൊട്ട് ആണ്.. എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാൻ ഭാര്യയുണ്ടെന്ന ഒരു തോന്നൽ അവർക്ക് ഉണ്ടാവാൻ പാടില്ല. നീ മിടുക്കി ആണെങ്കിൽ നിന്റെ തുണിയും കൂടെ അവനെ കൊണ്ട് കഴുകിപ്പിക്കണം..
ജെസ്സിയുടെ സംസാരം കേട്ട് ശ്വേത ചിരിച്ചു പോയിരുന്നു.. അവളുടെ ചിരി കണ്ട് ജെസ്സിയും ചിരിച്ചു.
“തമാശ പറഞ്ഞതാ കേട്ടോ, എന്റെ ചെറുക്കനെ കൊണ്ട് നീ ബുദ്ധിമുട്ടരുത് എനിക്ക് അത്ര ഉള്ളു…
ഇനിയിപ്പോ ഭർത്താവിന് ചായ ഇട്ടു കൊടുക്കാൻ ഞാൻ സമ്മതിച്ചില്ല എന്നുള്ള വിഷമം ആണ് നിനക്കെങ്കിൽ നീ തന്നെ ചായ ഇട്ടു ആ ഫ്ലാസ്ക്കിൽ ഒഴിച്ചു വച്ചേക്ക് വന്ന് എടുത്തു കുടിച്ചോളും… പിന്നെ ഒമ്പതരയ്ക്കാ പള്ളിയിൽ കുർബാന, നിങ്ങളുടെ ആദ്യത്തെ കുർബാന ആണ്.. രണ്ടുപേരും കൂടെ പോയി കൂടണം, അതുകൊണ്ട് നീ പോയി അവനെ വിളിച്ച് വന്ന് ചായ കുടിക്കാൻ പറ..
ജെസ്സി അവളോട് പറഞ്ഞു, അവൾ പെട്ടന്ന് ചായ ഇട്ടു ഫ്ലാസ്കിൽ ഒഴിച്ച് വച്ചു.
” ബ്രേക്ഫാസ്റ്റിന് എന്റെ എന്തെങ്കിലും ഹെല്പ് വേണോ അമ്മേ…?എന്തെങ്കിലും അരിയാനോ മറ്റോ ഉണ്ടെങ്കിൽ അമ്മ തന്നാൽ ഞാൻ പെട്ടെന്ന് അരിഞ്ഞു തരാം.
“ഓ… എന്നാത്തിനാ ഞാൻ അതൊക്കെ ഇന്നലെ വൈകിട്ട് തന്നെ അരിഞ്ഞു ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്. ഇനി അതൊക്കെ ഉണ്ടാക്കിയാൽ മതി. അതൊക്കെ ഞാൻ ചെയ്തോളാം. സഹായം വേണമെങ്കിൽ ഞാൻ അത് പറയാൻ ഒരു മടിയും കാണിക്കില്ല.. അങ്ങനെ ഞാൻ ജോലി ചെയ്യിപ്പിക്കില്ല എന്നുള്ള ഒരു ചിന്തയും നിനക്ക് വേണ്ട. എന്റെ കെട്ടിയോനെ കൊണ്ടുവരെ ഞാനിവിടെ പണിയെടുപ്പിക്കും, പിന്നെ നിന്നെ ഞാൻ ഇവിടെ വെറുതെ ഇരുത്തുമോ.?ഇപ്പൊ തൽക്കാലം ഒന്നും ആവശ്യമില്ല. നീ ചെന്ന് നിന്റെ കെട്ടിയോനെ വിളിച്ച് പള്ളിയിൽ പോകാൻ നോക്ക്…
ചെറുചിരിയോട് ജെസ്സി അത് പറഞ്ഞപ്പോൾ ഭംഗിയായി അവരെ നോക്കി ഒന്ന് ചിരിച്ചതിനു ശേഷം അവൾ നേരെ മുകളിലേക്ക് കയറി പോയിരുന്നു……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]