National
ജമ്മു കാശ്മീർ കിഷ്ത്വാറിലെ മേഘവിസ്ഫോടനം: മരണസംഖ്യ 17 ആയി ഉയർന്നു

ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനത്തിൽ മരണസംഖ്യ 17 ആയി ഉയർന്നു. പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്ടമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
അപകടത്തെ കുറിച്ച് അറിഞ്ഞയുടൻ സിവിൽ, പോലീസ്, സൈന്യം, ദുരന്തനിവാരണ സേനകൾക്ക് രക്ഷാപ്രവർത്തനത്തിന് നിർദേശം നൽകിയതായി ജമ്മു കാശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു. മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്നിടത്താണ് മേഘവിസ്ഫോടനമുണ്ടായത്
കിഷ്ത്വാർ കലക്ടറുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ചോസിതി മേഖലയിൽ കാര്യമായ ആൾനാശത്തിന് കാരണമായേക്കാവുന്ന മേഘവിസ്ഫോടനമുണ്ടായിട്ടുണ്ട്. ഭരണകൂടം രക്ഷാപ്രവർത്തനം ആരംഭിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു