ആർക്കെതിരെയാണ് പരാതി എന്നത് തുറന്നു പറയാൻ സ്ത്രീകൾ ആർജവം കാണിക്കണം; വനിതാ കമ്മീഷൻ അധ്യക്ഷ

ആർക്കെതിരാണ് പരാതി എന്നത് തുറന്നു പറയാൻ സ്ത്രീകൾ ആർജ്ജവം കാണിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പരാതി പറയാനും നിയമനടപടി ആവശ്യപ്പെടാനും ഒരു സ്ത്രീക്ക് കഴിയും. അതിൽ മടി കാണിക്കേണ്ടതില്ലെന്നും സതീദേവി പറഞ്ഞു.
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷന് കേസെടുക്കാൻ ആകില്ല. കൃത്യമായി പരാതി ലഭിച്ചാൽ നടപടി ഉണ്ടാകുമെന്നും സതീദേവി പറഞ്ഞു യുവനടി പേര് വെളിപ്പെടുത്താത്ത ലൈംഗികാരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം.
പരാതിയുള്ള സ്ത്രീകൾ ആരോപണവിധേയന്റെ പേര് പറയാൻ ഭയപ്പെടേണ്ടതില്ലെന്നും ഇരകൾക്കൊപ്പം സർക്കാരുണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു. ഈ വനിതകൾക്ക് പേര് വെളിപ്പെടുത്താൻ ഏതെങ്കിലും തരത്തിലുള്ള ഭീതിയുണ്ടെങ്കിൽ അവർ ഭയപ്പെടേണ്ടതില്ല. പൂർണ പിന്തുണയും സംരക്ഷണവും നൽകി സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു