
അബുദാബി: യുഎഇയിൽ രാത്രികാലങ്ങളിൽ ഹെഡ്‌ലൈറ്റ് ഓണാക്കാതെ വാഹനമോടിക്കുന്നവർക്ക് കർശന ശിക്ഷ. 500 ദിർഹം (ഏകദേശം 11,300 ഇന്ത്യൻ രൂപ) പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് യുഎഇ ട്രാഫിക് അധികൃതർ അറിയിച്ചു.
മറവി കാരണവും, റോഡുകളിൽ തെരുവ് വിളക്കുകൾ ഉള്ളതുകൊണ്ടും പലരും രാത്രിയിൽ ഹെഡ്‌ലൈറ്റ് ഓണാക്കാൻ മറക്കുന്നുണ്ട്. എന്നാൽ, ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും മറ്റ് വാഹനങ്ങളിലുള്ള യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഫെഡറൽ ട്രാഫിക് നിയമമനുസരിച്ച് രാത്രിയിലും മൂടൽമഞ്ഞുള്ള കാലാവസ്ഥയിലും വാഹനത്തിന്റെ ലൈറ്റുകൾ ഓണാക്കേണ്ടത് നിർബന്ധമാണ്.
വാഹനം ഓടിക്കുമ്പോൾ ഹെഡ്‌ലൈറ്റ് പ്രവർത്തിക്കാത്തതുമൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായാൽ 400 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കും. ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്ന് അധികൃതർ ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു