2134 കോടി ചെലവ്, 8.1 കിലോമീറ്റർ ഇരട്ട ടണൽ: വയനാട് തുരങ്കപാത നിർമാണത്തിന് നാളെ തുടക്കം

വയനാട് തുരങ്കപാത നിർമാണത്തിന് നാളെ തുടക്കമാകും. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തി ആരംഭിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2134 കോടി രൂപയ്ക്കാണ് പാത നിർമിക്കുന്നത്. 8.71 കിലോമീറ്റർ പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണൽ ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്
കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡാണ് പാതയുടെ നിർവഹണ ഏജൻസി. കോഴിക്കോട്, വയനാട് ജില്ലകളിലായി ഇതിനായി 33 ഹെക്ടറോളം ഭൂമി ഏറ്റെടുക്കും. ഇതിൽ വനഭൂമി നേരത്തെ കൈമാറി. കൂടാതെ 90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തിട്ടുണ്ട്
ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവർത്തി നിലവിൽ ആരംഭിച്ചു. രണ്ട് പാക്കേജുകളിലാണ് നിർമാണം പൂർത്തിയാക്കുക. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണൽപാത നിർമാണം രണ്ടാമത്തെ പാക്കേജിലുമാണ്. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽ നിന്ന് 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിലെത്താനാകും.