തരംതാഴ്ത്തലിനെതിരെ അപ്പീൽ നൽകാൻ പികെ ശശി; കെടിഡിസി ചെയർമാൻ സ്ഥാനം രാജി വെച്ചേക്കും
പാർട്ടിയിൽ നിന്ന് തരംതാഴ്ത്തൽ നടപടി നേരിട്ട സിപിഎം നേതാവ് പികെ ശശി അപ്പീൽ നൽകിയേക്കും. ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ സംസ്ഥാന സമിതിയിലാണ് അപ്പീൽ നൽകുക. ചടങ്ങൾ പാലിച്ചല്ല തനിക്കെതിരെ നടപടിയെടുത്തതെന്ന് പികെ ശശി ചൂണ്ടിക്കാട്ടും
അതേസമയം കെടിഡിസി ചെയർമാൻ സ്ഥാനവും പികെ ശശി രാജിവെച്ചേക്കും. പാർട്ടി ആവശ്യപ്പെടും മുമ്പ് രാജിവെക്കാനാണ് നീക്കം. അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തിൽ കെടിഡിസി ചെയർമാൻ സ്ഥാനമൊഴിയാൻ പാർട്ടി നിർദേശിച്ചേക്കുമെന്ന വിലയിരുത്തലിലാണ് ഇതിന് മുമ്പേ രാജിവെക്കാൻ ഒരുങ്ങുന്നത്.
അതേസമയം വ്യാപക ക്രമക്കേടുകളാണ് പികെ ശശിക്കെതിരെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുള്ളത്. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നാണ് ആരോപണം