ശിശിരം: ഭാഗം 13
രചന: മിത്ര വിന്ദ
കാലത്തെ ചായകുടിയും ഒക്കെ കഴിഞ്ഞ്, ഗിരിജയും നാത്തൂനും കൂടി വെറുതെ സൊറ പറഞ്ഞു കൊണ്ട് അരഭിതിയിൽ ഇരിക്കുകയാണ്.
അപ്പോഴാണ് പ്രിയമോളുടെ ഫോൺകോൾ വരുന്നത്.
ഹലോ മോളെ..
അമ്മേ തിരക്കാണോ.
അല്ലടി മോളെ,എന്താടി വിളിച്ചത്,നീ കാര്യം പറഞ്ഞൊളു.
ഒന്നുമില്ല അമ്മേ ഒരു സന്തോഷവാർത്ത പറയാനാണ് വിളിച്ചത്…
ങ്ങെ.. എന്താടി അത്.?വിശേഷം വല്ലോം ആയോ മോളെ.
ശോ, ഈ അമ്മയുടെ ഒരു കാര്യം അതൊന്നുമല്ലന്നേ.
പിന്നെന്താടി …
അതോ…. ഒരു വെടിക്ക് രണ്ട് പക്ഷി എന്നൊക്കെ അമ്മ കേട്ടിട്ടില്ലേ.. അത് തന്നെ…
ഇങ്ങനെ വളച്ചു കെട്ടാതെ നീ കാര്യം പറയുന്നുണ്ടോ മര്യാദയ്ക്ക്..
ഹ്മ്മ്… പറയുന്നേ…. ഒരു മിനിറ്റ്.
ഞാൻ അമ്മേടെ കൈയിൽ കൊടുക്കാം..
അവൾ മനോജിന്റെ അമ്മയുടെ കയ്യിലേക്ക് ഫോൺ കൈമാറി എന്ന് ഗിരിജയ്ക്ക് മനസ്സിലായി.
ഹലോ… ഗിരിജമ്മേ….
എന്തോ…. എന്താണ് ചേച്ചി കാര്യം, ഇവള് കുറെ നേരം ആയിട്ട് ഉരുണ്ടു കളിക്കുന്നു.
നമ്മുടെ കിച്ചനും യദുവിനും,ഓരോ വിവാഹാലോചനകൾ വന്നിട്ടുണ്ട്. ഒരാള് ഇന്നലെ ചേച്ചി ഇവിടെ വന്നപ്പോൾ കണ്ട കുട്ടിയാണ് ശ്രുതി, അവൾ ടീച്ചറാണ്, പിന്നെ ചേച്ചിക്ക് അറിയാമല്ലോ അല്ലേ അവളെ കുറിച്ചു ഒക്കെ..നമ്മുടെ കിച്ചനുവേണ്ടി അവളെ ആലോചിക്കാം എന്നോർത്ത് ആയിരുന്നു.ഞാനും പ്രിയ മോളും ഈ കാര്യം ശ്രുതിയുടെ വീട്ടിൽ സംസാരിച്ചു.എല്ലാവർക്കും ഒരുപാട് ഇഷ്ടമായി.ഇനി ജാതകങ്ങൾ തമ്മിൽ ഒന്നും നോക്കണം. പ്രിയമോള് കിച്ചന്റെ ഡേറ്റ് ഓഫ് ബർത്തും സമയവും ഒക്കെ പറഞ്ഞു തന്നിട്ടുണ്ട്.
എല്ലാം കേട്ടതും ഗിരിജയ്ക്ക് സന്തോഷം ആയിരുന്നു. കാരണം തലേദിവസം ശ്രുതിയെ കണ്ടപ്പോൾ ഗിരിജയും ആഗ്രഹിച്ചിരുന്നു, തന്റെ മകന്റെ ഭാര്യയായി ആ കുട്ടി വന്നിരുന്നുങ്കിൽ എന്നു.
ഗിരിജയ്ക്ക് അവളെ ഇഷ്ടമായോ?
എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചി ആ കുട്ടിയെ,നല്ല മോളാണ്,എന്റെ കിച്ചന് അവൾ നന്നായി ചേരും.
അതെ, പ്രിയക്കും ഒരുപാട് ഇഷ്ടമാണ് അവളെ,ആളൊരു പാവമാണ് കേട്ടോ, പിന്നെഈ കാര്യം സംസാരിക്കാനായി ഞാൻ,എന്റെ മൂത്ത അമ്മാവനെ ഒന്ന് വിളിച്ചു,ആകെക്കൂടി ഞങ്ങളുടെ കുടുംബത്തിൽ കാരണവരായിട്ടുള്ളത് അമ്മാവനാണ്, അങ്ങനെ വിളിച്ചപ്പോഴാണ് പറയുന്നത്, അമ്മാവന്റെ ഏറ്റവും ഇളയ മകൻ ദത്തൻ, ഏട്ടന്റെ മകൾ മീനാക്ഷി രണ്ടുമാസം ആയതേയുള്ളൂ, പോസ്റ്റ് ഓഫീസിൽ ജോലി കിട്ടി കയറിയിട്ട്. അവർക്ക് ഒരു ഗവൺമെന്റ് ജോലിക്കാരനെ വേണമത്രേ, ആ കുട്ടിക്കും ഇപ്പോൾ കല്യാണസമയം ആണെന്ന്. ഞാൻ ഈ കാര്യം പ്രിയ മോളോട് പറഞ്ഞപ്പോൾ, യദുവിനു വേണ്ടി ആലോചിച്ചാലോ എന്ന് മോള് പറഞ്ഞു. ഇതൊക്കെ ഒന്ന് സംസാരിക്കാനാണ് ഞങ്ങൾ രണ്ടാളും കൂടി കാലത്തെ ഗിരിജയെ വിളിച്ചത്.
എല്ലാം കേട്ടതും ഗിരിജയ്ക്ക് സന്തോഷം കൊണ്ട് മതിമറന്ന അവസ്ഥയായിരുന്നു.
രണ്ടു മക്കളുടെയും ഡേറ്റ് ഓഫ് ബർത്ത് ടൈമും കൃത്യമായിട്ട്, ഗിരിജ പറഞ്ഞുകൊടുത്തു. എന്നിട്ട് പൊരുത്തം നോക്കുവാൻ മകളെ ഏൽപ്പിച്ചു. ജാതകവശാൽ കുഴപ്പമൊന്നുമില്ലെങ്കിൽ നമ്മൾക്ക് മുന്നോട്ടു പോകാം എന്നായിരുന്നു ഗിരിജ അറിയിച്ചത്.
എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ ലീല അമ്മായിക്കും സന്തോഷമായി..
സതി താഴെ ഒറ്റയ്ക്ക് ഉള്ളൂ എന്ന് പറഞ്ഞ്, ഈ കാര്യങ്ങളൊക്കെ അവരെയും ഒന്ന് അറിയിക്കാം, എന്ന് കരുതി ഇരുവരും കൂടി സതിയുടെ വീട്ടിലേക്ക് പോയി.
എല്ലാം എത്രയും പെട്ടെന്ന് മംഗളമായി നടക്കട്ടെ എന്നായിരുന്നു സതി പറഞ്ഞത്.
ഉച്ചയ്ക്കും,ഇടവിട്ടുള്ള നേരങ്ങളിലും ഒക്കെ,അമ്മു സതി അമ്മയുടെ വിവരം തിരക്കി ഫോൺ വിളിക്കാറുണ്ട്. അമ്മായി തനിക്ക് കൂട്ടായി ഉണ്ട് എന്ന് സതി പറഞ്ഞപ്പോൾ അവൾക്ക് ആശ്വാസമായി..
എങ്ങനെയെങ്കിലും ഒന്ന് വീടെത്തിയാൽ മതിയെന്നാണ് പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴൊക്കെ അവളുടെ ചിന്ത.
അങ്ങനെ നാലു മണി ആയപ്പോഴേക്കും, ക്ലാസ്സ് കഴിഞ്ഞ് അമ്മു ഇറങ്ങി.
മഴയ്ക്ക് നല്ല കാറും കോളും ഉണ്ടായിരുന്നു.
അതുകൊണ്ട് ഒരു ഓട്ടോ പിടിച്ചു പോകാമെന്ന് കരുതി അവൾ ജംഗ്ഷനിലേക്ക് നടന്നു.
അപ്പോഴാണ് നകുലന്റെ വണ്ടി അവൾ കണ്ടത്.
അമ്മുവിന് അവളുടെ കാലുകൾ വിറച്ചു.
ഒരു വഷളൻ ചിരിയോടുകൂടി തന്റെ താടി ഉഴിഞ്ഞ്, അവൻ അമ്മുവിനെ നോക്കി നിന്നു.
” നീ എങ്ങോട്ടാ ഈ മഴ വരുന്ന നേരത്ത്”?
അവൾ അടുത്തെത്തിയതും നകുലൻ ശബ്ദമുയർത്തി.
” ഞാൻ ഒരു ഓട്ടോയിൽ, വീട്ടിലേക്ക് പോകാൻ നിൽക്കുകയാണ്”
” കേറ് ഞാൻ കൊണ്ട് ഇറക്കാം”
“വേണ്ട… എന്നും ഞാൻ ഒറ്റയ്ക്കാണ് പോകുന്നതും വരുന്നതും ഒക്കെ ആരുടെയും സഹായം എനിക്ക് ആവശ്യമില്ല”
അവൾ ഗൗരവത്തിൽ നകുലിന് മറുപടി നൽകി.
” മര്യാദയ്ക്ക് വണ്ടിയിൽ കയറടി ഇല്ലെങ്കിൽ ഇവിടെ ഒരു സീൻ ആകും ”
“നകുലേട്ടൻ നകുലേട്ടന്റെ ജോലി നോക്ക്,എനിക്ക് പോയിട്ട് ധൃതിയുണ്ട്, ഒന്നാമത് എന്റെ അമ്മയ്ക്ക് വയ്യ, ആകെക്കൂടി എന്റെ അമ്മയ്ക്ക് സ്വന്തം എന്ന് പറയാൻ ഈ ലോകത്ത് ഞാൻ മാത്രമേയുള്ളൂ”
അത് പറയുകയും അവളുടെ ശബ്ദം നേർത്തു പോയി.
” അപ്പച്ചിക്ക് എന്താ പറ്റിയത്”
“അമ്മയ്ക്ക് സുഖമില്ല, നെഞ്ചുവേദന ആയിട്ട് ഹോസ്പിറ്റലിൽ കാണിച്ചതാണ്, ഹാർട്ടിന് പ്രോബ്ലം ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്, അമ്മ ഇപ്പോൾ അംഗനവാടിയിലെ ജോലി ഉപേക്ഷിച്ചു, വീട്ടിൽ ഇരിപ്പാണ്, ആകെക്കൂടി, ഞങ്ങൾക്ക് ജീവിക്കണമെങ്കിൽ എന്റെ ഈ വരുമാനം മാത്രമേയുള്ളൂ, ദയവുചെയ്ത് നഗുലേട്ടൻ ഒരു പ്രശ്നം ഉണ്ടാക്കരുത്, ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചോളാം, പ്ലീസ് ”
മിഴികൾ നിറച്ചുകൊണ്ട്,പറയുന്നവളെ അവൻ ഒന്ന് അടിമുടി നോക്കി.
” തലേദിവസം അവനിൽ നിന്നും, നേരിട്ട് കാര്യങ്ങൾ ഓർക്കുമ്പോൾ അമ്മുവിന് പേടിച്ചിട്ട് വയ്യായിരുന്നു, പിന്നെ ഇത് ടൗൺ ആയതുകൊണ്ട്, അവന്റെ വിളച്ചില്കളൊന്നും തന്റെ നേർക്ക് വരില്ല എന്നും ഓർത്ത്, അവൾ ധൈര്യം സംഭരിച്ച് കാര്യങ്ങളൊക്കെ നേരിട്ട് സംസാരിച്ചത്.
നീ ഇപ്പോൾ വണ്ടിയിൽ കയറ്, ഞാൻ കൊണ്ടുപോയി വിടാം.
മഴത്തുള്ളികൾ അവളുടെ,അദ്ദേഹത്തേക്ക് പതിച്ചപ്പോൾ, നകുലൻ പെട്ടെന്ന് പറഞ്ഞു.
വേണ്ടെന്ന് നകു ലേട്ടാ ഞാൻ ഒരു ഓട്ടോയ്ക്ക് പോയിക്കോളാം, പ്ലീസ്…
ഒന്നും നോക്കാതെ കൊണ്ട് അമ്മു വേഗന്ന് ഒരു ഓട്ടോ കൈകാണിച്ചു വിളിച്ചു..
അത് കണ്ടതും അവന്റെ കടപ്പല്ലുകൾ ഞെരിഞ്ഞു.
ഞാൻ പോകുവാ,ദയവുചെയ്ത് ഉപദ്രവിക്കാൻ വരരുത്,
അത്രമാത്രം പറഞ്ഞുകൊണ്ട് അമ്മു പെട്ടെന്ന് തന്നെ , ഓട്ടോറിക്ഷയിൽ കയറി പോയി.
അതിൽ കയറിയ ശേഷമാണ് അവൾ ഒന്ന് ശ്വാസം എടുത്തു വലിച്ചത്.
മിക്കവാറും കാണുമ്പോൾ അവനെ നല്ല വെള്ളത്തിന്റെ മണമാണ്. ഒപ്പം സിഗരറ്റിന്റെയും. ഇന്നെന്തോ കുടിച്ചിട്ടില്ലെന്ന് തോന്നുന്നു, അടുത്തുനിന്ന് സംസാരിച്ചപ്പോൾ സിഗരറ്റിന്റെ മണം മാത്രമേ വന്നുള്ളൂ എന്ന് അമ്മു ഓർത്തു..
ഇടയ്ക്കൊക്കെ അവൾ ഓട്ടോയുടെ പിന്നിലെ പ്ലാസ്റ്റിക് കവറിൽ കൂടി നകുലൻ ഫോളോ ചെയ്യുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
വീട്ടിലെത്തിയ ശേഷം അമ്മയെ കണ്ടപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്.
അമ്മേ എന്തെങ്കിലും വയ്യാഴിക ഉണ്ടായിരുന്നോ, കൃത്യസമയത്ത് മരുന്നും ഭക്ഷണവും ഒക്കെ കഴിച്ചില്ലേ അല്ലേ,ഗിരിജയമ്മായി എപ്പോളാ പോയത്.
താൻ മേടിച്ചു കൊണ്ടുവന്നിരുന്ന കവർ പാല് പൊട്ടിച്ച് ഒരു ചരുവത്തിലേക്ക് ഒഴിച്ച് ചായക്ക് വയ്ക്കുകയാണ് , അമ്മു.
ഒപ്പം നൂറു ചോദ്യങ്ങളും..
ആ സമയത്താണ്,യദുവിനും കിച്ചനും വന്ന വിവാഹ ആലോചനകളെക്കുറിച്ച്,സതി മകളോട് പറഞ്ഞത്.
കേട്ടപ്പോൾ സന്തോഷം കൊണ്ട് അവൾ തുള്ളിച്ചാടി.
രണ്ടാളുടെയും വിവാഹം പെട്ടെന്ന് നടന്നാൽ മതിയായിരുന്നു,അമ്മേ അവർക്കൊക്കെ ഇഷ്ടപ്പെടുമോ, പെൺകുട്ടികളെ കാണാൻ എങ്ങനെയുണ്ട്? അമ്മായി എന്താണ് പറഞ്ഞത്?
പ്രിയ മോളും മറ്റും കുറച്ചു മുന്നേ വിളിച്ചിരുന്നു, ജാതകങ്ങൾ ഒക്കെ നല്ല പൊരുത്തമുണ്ട്. ഈ ഞായറാഴ്ച, പെണ്ണുകാണൽ ചടങ്ങ് നടത്താമെന്നാണ് അറിയിച്ചത്. ഇനി യദുക്കുട്ടന്റെയും കിച്ചന്റെയും തീരുമാനം അറിയണം. അതാണ് വലുത്..
അവരൊക്കെ എന്ത് തീരുമാനിക്കാൻ ആണെന്ന്, നല്ല ബന്ധം ആണെങ്കിൽ, മുന്നോട്ടുകൊണ്ടുപോകാമല്ലോ. പിന്നെ പ്രിയേച്ചിക്ക് അറിയുന്ന കുട്ടികൾ ആയതുകൊണ്ട്, വേറെ എന്താ കുഴപ്പം..
രണ്ടാളും കൂടി വിവാഹ കാര്യം സംസാരിച്ചുകൊണ്ട് നിന്നപ്പോഴാണ് യദു അവിടേക്ക് വന്നത്.
അവൻ ഓഫീസിൽ നിന്നും നേരെ അപ്പച്ചിയുടെ അരികിൽ ആണ് വന്നത്.രോഗ വിവരങ്ങൾ തിരക്കുവാനായി.
അമ്മുവും സതിയും വളരെ സന്തോഷത്തോടുകൂടി ചിരിച്ച മുഖവുമായി നിൽക്കുന്നത് കണ്ടപ്പോൾ യദുവിനു കാര്യം പിടികിട്ടിയില്ല.
അമ്മുവാണ് ഒരു പ്രത്യേക ഈണത്തിലും താളത്തിലും ഒക്കെ വിവാഹ ആലോചനയെക്കുറിച്ച് അവനോട് പറഞ്ഞത്.
കേട്ടതും യദുവിന്റെ മുഖം വാടി.
യദുവേട്ട, പോസ്റ്റ് ഓഫീസിലെ ജോലി എന്നൊക്കെ പറയുമ്പോൾ തരക്കേടില്ലാത്ത ശമ്പളം കിട്ടില്ലേ,പ്രിയേച്ചി പറഞ്ഞത് വെച്ച് നോക്കുമ്പോൾ കാണാനും നല്ല പെൺകുട്ടി ആയിരിക്കും,രണ്ടാളുടെയും കല്യാണം,അടിച്ചുപൊളിക്കേണ്ടതാണ്. ഈയാഴ്ച തന്നെ പൊയ്ക്കോണം കേട്ടോ ഏട്ടൻ കുട്ടിയെ കാണാന്.
അതീവ താല്പര്യത്തോടുകൂടി അവന്റെ വിവാഹത്തെക്കുറിച്ച് ഓരോ കാര്യങ്ങളും പറയുന്ന അമ്മുവിനെ അവൻ കണ്ണിമ ചിമ്മാതെ നോക്കി..
എന്നിട്ട് മെല്ലെ തല കുലുക്കിക്കൊണ്ട് അവൻ എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു.
അവളുടെ ഉള്ളിൽ,ഒരിക്കലും തന്നോട് പ്രണയം എന്നൊരു വികാരം ഇല്ലെന്ന് അവന് മനസ്സിലാകുകയായിരുന്നു..
വർദ്ധിച്ചുവന്ന വിഷമത്തോടുകൂടി,യദു പടിപ്പുര കടന്ന്,മുറ്റത്തേക്ക് കയറി….തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…