Novel

നിലാവിന്റെ തോഴൻ: ഭാഗം 83

രചന: ജിഫ്‌ന നിസാർ

“ഇയ്യ് കളിക്കാണ്ട് കാര്യം പറയെടോ”

അങ്ങേയറ്റം ആത്മാർത്ഥ നിറഞ്ഞ ഷാനവാസിന്റെ സ്വരം ഫോണിലൂടെ കേട്ടതും മുഹമ്മദ്‌ ചിരിച്ചു.

“അപ്പൊ ഇത്രേം ഖൽബിൽ കയറ്റി വെച്ചിട്ടാണോടോ ഹംക്കേ ഇയ്യ് ആ പാവം ഉമ്മാന്റെ പേരും പറഞ്ഞിട്ട് ഇന്നേ അങ്ങോട്ട്‌ വിട്ടത്.. ഏഹ്?”

ഗൗരവത്തോടെയാണ് അത് ചോദിക്കുന്നുവെങ്കിലും മുഹമ്മദപ്പോഴും ചിരിക്കുകയാണ്.

“അവരെന്താണ് പറഞ്ഞതെന്ന് പറഞ്ഞിട്ട് പോരേ അന്റെയീ പുരാണം പററച്ചില് ന്റെ മമ്മദേ.. മനുഷ്യനിവിടെ തീയിൽ നിക്കുന്ന പോലാ. അപ്പഴാ ഓന്റെയൊരു ഒലക്കമ്മലെ വർത്താനം..”

ഷാനവാസ് അത്യാവശ്യം കലിപ്പിൽ തന്നെയാണ്.

മുഹമ്മദിന് അത് മനസ്സിലായി.

“ഇയ്യ് ഇങ്ങനെ ബേജാറാവണ്ട ചെങ്ങായി. ആദ്യം ആ പെണ്ണിന്റെ ഉള്ളിലെന്താണ് ന്ന് കൂടി അറിഞ്ഞിട്ട് പോരെ ഈ കുതിച്ചു പൊങ്ങുന്നത്. ”

അയാളത് പറഞ്ഞതും ഒരു നിമിഷം ഷാനവാസ് നിശബ്ദതനായി.

“വേറൊന്നും കൊണ്ടല്ല ഷാനോ.. ഒടുക്കം.. ഇതിന്റെ പേരിൽ അന്റെ മനസ്സ് വിഷമിക്കാൻ ഇടവരരുത്. ഇനിക്കത്രേം മതി ”

അയാളത് പറഞ്ഞ നിമിഷം തന്നെ സൂപ്പർമാർക്കറ്റിൽ ഓഫീസ് റൂമിൽ ഇരുന്നു കൊണ്ട്.. ചില്ല് ഗ്ലാസ്സിനപ്പുറം ഏതോ കസ്റ്റമർക്ക് വേണ്ടതെന്തോ എടുത്തു കൊടുത്തു ചിരിക്കുന്ന ലില്ലിയിൽ ഷാനവാസിന്റെ കണ്ണുകളുടക്കി നിന്നത്.

അവരുടെ കൂടെയുള്ള ചെറിയൊരു കുഞ്ഞിന്റെ കവിളിൽ തൊട്ട് കൊണ്ട് ആ കൈവിരൽ ഉമ്മ കൊടുത്തു ചിരിക്കുന്ന ലില്ലി.

അയാൾക്കുള്ളിൽ ഒരു ആളലുയർന്നു താഴ്ന്നു.

എന്താണെന്നും ഏതാണെന്നുമറിയാത്തൊരു വേദനയോ.. അതോ വേദനപുരണ്ടൊരു സുഖമോ അയാൾക്കുള്ളിൽ ഉറവിടുന്നുണ്ടായിരുന്നു അപ്പോഴെല്ലാം.

“ഡാ..”
മുഹമ്മദ്‌ അൽപ്പം ഉച്ചത്തിൽ വിളിച്ചപ്പോഴാണ് അയാളെ ഷാനവാസ് ഓർത്തത് തന്നെ.

“ഞാൻ പറഞ്ഞത് വല്ലോം കേട്ടോ ഷാനോ ഇയ്യ്?”

മുഹമ്മദ്‌ ചോദിച്ചു.

“ഇല്ല.. ഇയ്യ് ഒന്നൂടെ പറ ”

ചിരിയൊതുക്കി കൊണ്ട് അയാൾ പറഞ്ഞു.

“എടാ.. അവർക്കങ്ങനെ എതിർപ്പൊന്നും ഇല്ല. മകൾക്കൊരു നല്ല ജീവിതം വേണം എന്ന് മാത്രമാണ് അവരുടെ മനസ്സിൽ ”

മുഹമ്മദ്‌ വീണ്ടും പറഞ്ഞു.

“അതല്ലടാ…”

ഷാനവാസത് പറയാൻ അറച്ചു.

“ഏതാല്ലടാ.. അതുമിതും പറയാതെ ഇയ്യങ്ങോട്ട് കാര്യം പറയെന്റെ ഷാനോ. ഇനിക്ക് പോയിട്ട് വേറേം ജോലി ഉള്ളതാ ”

“അതല്ലടാ… ജാതി.. അതിനെ കുറിച്ച് വല്ലോം പറഞ്ഞോ അവര്?”
ആകാംഷ നിറഞ്ഞ ഷാനവാസിന്റെ ചോദ്യം കേട്ടതും മുഹമ്മദ്‌ ഒരു നിമിഷം നിശബ്‍ദനായ്.

മുഹമ്മദിന്റെ മൗനം കൂട്ടുകാരന്റെ ഹൃദയമിടിപ്പ് കൂടാൻ ധാരാളമായിരുന്നു.

“പറഞ്ഞു.. അവരത് പ്രതേകിച്ചു പറഞ്ഞു.”
മൗനമുടച്ചു കൊണ്ട് മുഹമ്മദ്‌ പറയുമ്പോൾ ഷാനവാസ് നിരാശയോടെ കണ്ണുകൾ ഇറുക്കി അടച്ചു.

അങ്ങനൊരു മോഹം ഉള്ളിൽ മുളച്ചു പൊന്തിയ ആ നിമിഷം മുതൽ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ ഒരേയൊരു കാര്യം..

ജാതി… മതം..

കേൾക്കാൻ വളരെ.. വളരെ ചെറിയ രണ്ടു വാക്കുകൾ. പക്ഷേ… വിളറി പിടിച്ചു നടക്കുന്ന ചില മനുഷ്യർക്കത് ജീവനേക്കാൾ വലുതാണെന്ന് തോന്നിയിട്ടുണ്ട്… പലപ്പോഴും.. പലവട്ടം.

ഒന്നിച്ചാൽ മനോഹരമായേക്കാവുന്ന പല മനസ്സുകളെയുംജീവിതങ്ങളെയും ഈ ഒരൊറ്റ പേരിൽ…ഒന്നിക്കാതെ..ഓർത്തു നീറാൻ വേണ്ടി മാത്രം പുതിയൊരു ജീവിതത്തിലേക്ക് തള്ളി വിട്ടു ഊറ്റം കൊള്ളൂന്നവരാരും മരിച്ചത് പോലെ ജീവിച്ചു തീർക്കുന്ന അവരെ അറിഞ്ഞിട്ടുണ്ടാവില്ല.

ഇനിയെല്ലാം അതിജീവിച്ചു ഒന്നായവരെ പോലും ജാതി വെറി പൂണ്ടു വെട്ടി നുറുക്കിയതും വെറും കഥയല്ല. കണ്മുന്നിലെ ജീവിതങ്ങളായിരുന്നു.

“അവര്.. അവരെന്താടാ പറഞ്ഞത്?”
ഉള്ളിലെ നിരാശ മുഴുവനും മുഴച്ചു നിന്നിരുന്ന ഷാനവാസിന്റെ ചോദ്യം.

“ജാതി.. മൂത്ത ഒരെണ്ണം അവരുടെ വീട്ടിലെ തോട്ടത്തിലുണ്ടെന്ന്. അതിന് ഒരു മരം എന്നതിൽ കവിഞ്ഞൊരു പ്രാധാന്യവും അവർ കൊടുക്കുന്നില്ലെന്ന് ”

വല്ലാത്തൊരു അഭിമാനമുണ്ടായിരുന്നു മുഹമ്മദ്‌ അത് പറയുമ്പോൾ.

എത്രയൊക്കെ ഒതുക്കി പിടിച്ചിട്ടും ഷാനവാസ് ആ ഉത്തരമെന്നിൽ മാത്രം ഉലഞ്ഞു പോയിരുന്നു.

അയാൾക്കുള്ളാം പേരറിയാത്തത്തൊരു വിങ്ങൽ വീർപ്പുമുട്ടി.സന്തോഷമായിരുന്നു അത്. മനുഷത്വമുള്ള ഏതൊരാളും കേട്ടാൽ പുളകം കൊള്ളുന്ന കുറച്ചു വരികളായിരുന്നുവത്.

“മനസ്സിനെണങ്ങിയ ഒരു മഹറ് പണിയാൻ ഏല്പിക്കെടാ ഇയ്യ് ആദ്യം. എന്നിട്ട് അന്റുമ്മാനോട്‌ പോയി പറയ്യ്.. അന്റെ കൈ പിടിച്ചൊരു പെണ്ണ് വരും. സ്നേഹിക്കാൻ.. പരിഗണിക്കാൻ.. ജീവിതം പങ്കിടാൻ ഒരു പെണ്ണ് വരും ന്ന്. അത്രേം മതി.. അത്മാത്രം മതി ”

പറയുമ്പോൾ ഷാനവാസിനെക്കാൾ ആവേശത്തിലായിരുന്നു മുഹമ്മദ്‌.
പിന്നൊന്നും പറയാതെ അയാൾ ആ ഫോൺ കട്ട് ചെയ്തു പോയിട്ടും.. ഷാനവാസ് അതങ്ങനെ കാതോട് ചേർത്ത് പിടിച്ചു.

കാതിലാകമാനം വീണ്ടും വീണ്ടും ആ വാക്കുകൾ അലയടിക്കുന്നുണ്ട്..

അതയാളെ ആവേശത്തിലാഴ്ത്തി.. വീണ്ടും വീണ്ടും സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നുമുണ്ട്.

❣️❣️

“ഞാൻ.. ഞാൻ ചെയ്ത തെറ്റെന്താ റിഷിയേട്ടാ. അതൊന്ന് പറഞ്ഞു താ എനിക്കദ്യം. എന്നിട്ട് പോരെ എന്നെയിങ്ങനെ അവഗണിക്കുന്നത്?”

വെറുപ്പോടെ നോക്കുന്ന റിഷിന്റെ മുന്നിലേക്ക് കയറി നിന്ന് കൊണ്ട് ഗൗരി ചോദിക്കുമ്പോൾ അവനവളെ അടിക്കാനുള്ള കലിയുണ്ടായിരുന്നു.
പക്ഷേ പിന്നെ അതിന് പിറകെ വരുന്ന പ്രശ്നങ്ങളെയും.. ഒരിക്കലും നടക്കാതെ പോകുന്ന തന്റെ സ്വപ്നങ്ങളെയും ഓർത്തപ്പോൾ അവനതു സഹിക്കുകയെ മാർഗമുണ്ടായിരുന്നുള്ളു.

“തെറ്റ്… തെറ്റ് ചെയ്തത് നീ അല്ല ഗൗരി.. ഞാൻ.. ഞാനാണ്. നിനക്കെന്നോട് സ്നേഹമുണ്ടെന്ന് ഞാൻ വിശ്വസിച്ചു.. എന്നേക്കാൾ നിന്നെ സ്നേഹിച്ചു. അതിനെനിക്ക് നീ പകരം തന്ന സമ്മാനം.. അതാണെന്നെ ഇത്രേം നോവിക്കുന്നത് ”

ഉള്ളിൽ അവളോട് തോന്നുന്ന ദേഷ്യമത്രയും അവന്റെ പല്ലിനിടയിൽ ഞെരിഞ്ഞു തീരുന്നുണ്ടായിരുന്നു അപ്പോഴും.

“എനിക്കെന്തു ചെയ്യാനാവും. ഇങ്ങനൊക്കെ വരുമെന്ന് ഞാനാറിഞ്ഞോ?”
ഗൗരി സങ്കടത്തോടെ അവനെ നോക്കി.
റിഷിന് അവിടെനിന്നൊന്ന് മാറി നിന്നേ പറ്റൂ. ഗൗരിയായുള്ള ഇഷ്യു കോളേജിൽ അറിഞ്ഞതോടെ പിന്നെ അവിടേക്ക് പോവാൻ റിഷിന് തോന്നിയില്ല. പഠനം നിർത്തി… ഇനി എക്സാം മാത്രം അറ്റന്റ് ചെയ്യാം എന്നൊരു തീരുമാനത്തിൽ എത്തി നിൽക്കുകയാണ് അവൻ.

കയ്യിൽ ഒറ്റ പൈസ പോലും അവശേഷിക്കുന്നില്ല എന്നത് മറ്റൊരു സത്യം.
എങ്ങോട്ടേലും ഒന്ന് മാറി നിൽക്കിയുകയെ തത്കാലം നിവൃത്തിയൊള്ളു.
ഇതിൽ നിന്നൊന്ന് ഊരി തരാൻ ഗൗരി വിചാരിച്ചാൽ കഴിഞ്ഞേക്കും എന്നവന് തോന്നി.

അങ്ങനെ വിളിച്ചു വരുത്തിയതാണ് അവളെ.

അന്നത്തെ ആ പ്രശ്നത്തിന് ശേഷം അവളെ വിളിക്കുകയോ അവൾ വിളിച്ചാൽ എടുക്കുകയോ തമ്മിൽ കാണുകയോ ചെയ്തിട്ടില്ല.

അങ്ങയുള്ളപ്പോൾ ഒന്ന് കാണണമെന്നു പറഞ്ഞു വിളിച്ചപ്പോൾ അവളുടെ കോളനിയിലേക്ക് ചെല്ലാൻ പറഞ്ഞു.
പുറത്തേക്കൊന്നും അവൾ വരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ മനസ്സോടെയല്ലേലും അവനങ്ങോട്ട് പോകാതെ വേറെ വഴിയില്ലായിരുന്നു.

“എന്തൊക്കെയാണേലും.. പരസ്പരം സ്നേഹിച്ചിട്ട് നമ്മൾക്ക് ഒന്നാകാൻ പറ്റിയല്ലോ. തത്കാലം അതോർത്തു സന്തോഷിക്കയല്ലേ വേണ്ടത്..”
ഗൗരി സ്നേഹത്തോടെ റിഷിന്റെ കയ്യിൽ പിടിച്ചു.

അവൻ വെറുപ്പോടെ അവളുടെ കൈ കുടഞ്ഞെറിഞ്ഞു.

“ഇതാണോടി ഒന്നാകൽ . മനുഷ്യനെ നാണം കെടുത്തി കുത്ത് പാള എടുപ്പിച്ചിട്ട് അവളുടെയൊരു വർത്താനം ”

റിഷിൻ അവൾക്ക് നേരെ ചീറി.

ഉള്ളിലെ ദേഷ്യം കൊണ്ട് അവന് പലപ്പോഴും സ്വയം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

എത്രയൊതുക്കി പിടിച്ചിട്ടും ഉള്ളിലെ പിരിമുറുക്കം അവന്റെ വാക്കുകൾ വെളിവാക്കുന്നുണ്ട്.

“ഇതൊന്നും വരുത്തി വെച്ചത് ഞാനല്ല ”
ഗൗരിയുടെ സ്വരം കടുത്തു.

“പിന്നെ ഞാൻ ആണോടി?”

“ആ നിങ്ങള് തന്നെ. ഇവിടെ ആളെ കൂട്ടി വന്നിട്ട് ഓരോന്നു വിളിച്ചു പറയുമ്പോൾ ഓർക്കണം.. കാശിനു ഇച്ചിരി കുറവുണ്ടേലും ഇവിടെ ഉള്ളതും മനുഷ്യര് തന്നെയാണ്. അവർക്കും ഉണ്ട് അഭിമാനം എന്നുള്ളത്. അതൊക്കെ മറന്നത് ഞാനല്ല. നിങ്ങളാ ”

സ്വന്തം കൂട്ടരേ അന്ന് പറഞ്ഞു പോയ ഓരോ വാക്കുകളും ഉള്ളിൽ നൽകിയ അക്നിയുണ്ടായിരുന്നു.. അത് പറയുമ്പോൾ ഗൗരിയുടെ വാക്കുകൾക്ക്.

“ദേ… നിന്നോട് ഞാൻ ഒരായിരം പ്രാവിശ്യം പറഞ്ഞു കഴിഞ്ഞു. അത്.. അന്ന് വന്നത് ഞാനല്ല. എനിക്കറിയില്ല അന്നെന്താണ് നടന്നതെന്ന്. എന്നിട്ടും അവള് നിന്ന് പറയുന്നു.”

റിഷിൻ അവൾക്ക് നേരെ തുറിച്ചു നോക്കി.

“വന്നവരിൽ ഒരാൾക്ക് പേര് റിഷിൻ എന്നായിരുന്നു. മറ്റൊരാൾ ക്രിസ്റ്റീയും. അങ്ങനെയാണ് ഇവിടെ പറഞ്ഞത്.”

ഗൗരി അവനെ വെല്ലുവിളിയോടെ നോക്കി.

“എന്നിട്ട് അവനല്ലന്ന് പറഞ്ഞത് നീയും നിന്റളുകളും വിശ്വസിച്ചു. ഞാൻ പറയുന്നത് കള്ളം. അതെവിടുത്തെ ന്യായമാണെടി?”
റിഷിൻ വീണ്ടും ശബ്ദമുയർത്തി.

“അതിനെകുറിച്ചൊന്നും എനിക്കിപ്പോ ഒന്നും പറയാനില്ല. നിങ്ങളോടത് പറഞ്ഞിട്ടും കാര്യമില്ല. ഇപ്പൊ എന്തിനാ എന്നെ കാണണമെന്നു പറഞ്ഞു വിളിച്ചത്. അത് പറ?”
അവന്റെ ദേഷ്യം അൽപ്പം പോലും വകവെയ്ക്കാതെ ഗൗരി പറഞ്ഞു.

ബൈക്കിലേക്ക് ചാരി നിന്നിട്ട് റിഷിൻ ഒരു നിമിഷം കണ്ണുകൾ അടച്ചു പിടിച്ചിട്ട് ഉള്ളിലെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു.

“നീ പറഞ്ഞത് പോലെ.. ഏതായാലും ഇത്രയൊക്കെ സംഭവിച്ചു. ഇനി നീ എനിക്കും ഞാൻ നിനക്കും സ്വന്തമാണ്.. അങ്ങനല്ലേ?”
വച്ചു കെട്ടിയ ചെറിയൊരു ചിരിയോടെ അവനതു പറഞ്ഞതും ഗൗരിയുടെ മുഖം ചുളിഞ്ഞു.

അവനെന്താണ് പറഞ്ഞു വരുന്നതെന്നവൾക്ക് മനസിലായില്ല.

“സ്നേഹം കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ലല്ലോ ഗൗരി. അതിന് പണം വേണം. പണം വെറുതെ ഉണ്ടാവില്ല.. അതിന് നല്ലൊരു ജോലി വേണം. അറിയാലോ നിനക്ക്? ”

ഉള്ള് പുകയുമ്പോഴും റിഷിൻ ഗൗരിയെ ചേർത്ത്… അവളുടെ തോളിൽ കയ്യിട്ട് പിടിച്ചു.

അവൾ ഒന്നും മിണ്ടാതെ അവനോട് ചേർന്നു നിന്നു കൊണ്ട് അവൻ പറയുന്നത് കേട്ടു.

“കോളേജിൽ ഇനി പോവാൻ കഴിയില്ല. കഴിയില്ല എന്നല്ല. നാണം കെട്ട് കൊണ്ട് ഞാനവിടേക്ക് കയറി പോവില്ല.കൂടെയുണ്ടായിരുന്ന എന്റെ കൂട്ടുകാർ പോലും എന്നെ ഏറെക്കുറെ ഉപേക്ഷിച്ച മട്ടാ..”
അത് പറയുമ്പോൾ അവന്റെ പല്ലുകൾ ഞെരിഞ്ഞു.

“എന്റെയൊരു കൂട്ടുകാരൻ ബാംഗ്ലൂരിൽ ഉണ്ട്. അവന്റെ അരികിലെത്തിയാൽ എനിക്കൊരു ജോലി കിട്ടും. എക്സാം ആകുമ്പോൾ വന്നിട്ട് അതൊന്ന് അറ്റന്റ് ചെയ്തിട്ട് പോയാൽ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടും,ജോലിയും കിട്ടും ”

റിഷിൻ അത്രയും പറഞ്ഞിട്ടും ഇതൊക്കെ എന്തിനാ ഇവനെന്നോട് പറയുന്നത് എന്നായിരുന്നു ഗൗരിയുടെ മനസ്സിൽ.

“അപ്പൊ പറഞ്ഞു വന്നത്.. നമ്മൾക്ക് ഒന്നായി ജീവിക്കാൻ ഞാനീ പറഞ്ഞതൊക്കെ നടന്നെ മതിയാവൂ. എന്നെപോലെ അതിപ്പോ നിന്റെം കൂടി ആവിശ്യമാണ്. അല്ലേ?”
വീണ്ടും അവന്റെ സ്നേഹം നിറഞ്ഞ സ്വരം വീണ്ടും അവളെ തഴുകി.

“സ്വന്തം കാലിൽ നിന്നിട്ട് എന്റെ പെണ്ണിന്റെ കൈ പിടിക്കണം എന്നാണ് എനിക്ക്. അതിനെനിക്ക് ഇവിടെ വിട്ടു പോയെ പറ്റൂ ”
റിഷിൻ വീണ്ടും ഊന്നി പറഞ്ഞു.

“ഞാനിപ്പോ ന്താ വേണ്ടത് ന്നാ റിഷായേട്ടൻ പറയുന്നത്?”
ഒടുവിൽ സഹികെട്ട് ഗൗരി ചോദിച്ചു.

“പറയാം.. അത് തന്നെയാ റിഷിയേട്ടൻ പറയുന്നതും ”
അപ്പോഴേക്കും അവന്റെ വിരൽ തേരാട്ടയെ പോലെ അവളിൽ അലഞ്ഞു തുടങ്ങിയിരുന്നു.

“നീ നിന്റെ ആൾക്കാരോട് പറയണം. അല്ലാതെ അവരെന്നെ വിടില്ല. കല്യാണം കഴിയാതെ. ഇവർ പറഞ്ഞാലേ… എന്റെ വീട്ടിൽ ഒരുത്തൻ ഉണ്ടല്ലോ.. എന്റെ ചേട്ടൻ എന്ന് പറയുന്ന ഒരു പുണ്യാളൻ.. അവനും അനുസരിക്കുകയൊള്ളു .”

റിഷിൻ ഗൗരിയെ നോക്കി.

“ക്രിസ്റ്റി ഏട്ടനെ കുറിച്ച് ഇല്ലാത്തത് പറയല്ലേ?”
അവൾ കണ്ണുരുട്ടി.

“ഓ.. നീയും ഇപ്പൊ അവന്റെ ആളാണല്ലോ അല്ലേ. ഞാനത് മറന്നു ”

റിഷിൻ പുച്ഛത്തോടെ അവളെ നോക്കി.

ഗൗരി ഒന്നും മിണ്ടിയില്ല.
അവളെ കൂടുതൽ പ്രകോപിപ്പിച്ചാൽ, താൻ വന്ന കാര്യം നടക്കില്ലെന്നുറപ്പുള്ളത് കൊണ്ട് റിഷിൻ പിന്നൊന്നും അതിനെ കുറിച്ച് പറയാൻ ധൈര്യപ്പെട്ടതുമില്ല.

“ആ.. അതൊക്കെ പോട്ടെ.. നമ്മളെന്തിനാ വല്ലോരുടേം കാര്യം പറഞ്ഞിട്ട് ടൈം കളയുന്നത്. അല്ലേ?”

ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് റിഷിൻ അവളെ നോക്കി.

“ക്രിസ്റ്റിയേട്ടൻ അങ്ങനെ വല്ലോരുമാണോ..? എത്ര നല്ലതാ. എന്തൊരു സ്നേഹമാണ് “ഗൗരിയുടെ മുഖത്തുള്ള ചിരിയിലേക്ക് നോക്കുമ്പോൾ റിഷിന് വീണ്ടും വീണ്ടും അവളോടുള്ള ദേഷ്യം അടങ്ങുന്നില്ല.

“ഞാനിപ്പോ വന്നതെന്തിനാ ന്ന് നീ എന്താ ഗൗരി ചോദിക്കാത്തത്?”
റിഷിൻ വീണ്ടും ആ സംസാരം തുടരാൻ താല്പര്യമില്ലയെന്നത് പോലെ ഗൗരിയെ നോക്കി.

“ഇതായിപ്പോ നന്നായത്.. ഞാനെത്ര വട്ടമായി ചോദിക്കുന്നു. റിഷിയേട്ടൻ കൃത്യമായി ഒരുത്തരം പറയാഞ്ഞിട്ടല്ലേ?”

ഗൗരി അവനെ നോക്കി പറഞ്ഞു.

“നാളെയോ മറ്റന്നാളോ ചെന്നോളാൻ എന്റെ ഫ്രണ്ട് പറഞ്ഞിട്ടുണ്ട്. വൈകിയാൽ ആ വെക്കൻസി പിന്നെ ഉണ്ടാവില്ല.”
റിഷിൻ വീണ്ടും ആമുഖം പോലെ പറഞ്ഞു.

“ഇപ്പഴും കാര്യം പറഞ്ഞില്ല ”
ഗൗരി ഓർമ്മിപ്പിച്ചു.

“ഞാൻ നിനക്ക് സ്വന്തമാണെന്നുള്ളതിന് ചെറിയൊരു ഉറപ്പില്ലേ.തത്കാലം കല്യാണം വരെയും അത് പോരെ? ഞാൻ പോയിട്ട് പെട്ടന്ന് തന്നെ വരുമല്ലോ. അന്ന് നമ്മൾക്ക് കല്യാണമുണ്ടാക്കാം. ഇപ്പൊ ഞാൻ പോകുന്ന കാര്യം പറഞ്ഞാൽ ആദ്യം ഈ കല്യാണകാര്യമാവും പൊങ്ങി വരുന്നത്. നിനക്കും അറിയാമല്ലോ അത്.കയ്യിൽ നിറയെ കാശുള്ളവർ പോലും കല്യാണം നടത്തിയ പൊളിയും. പിന്നെയാ പത്തു പൈസ ഇല്ലാത്ത ഞാൻ.ഇനി ആരോടും പറയാതെ പോയാലും ഞാൻ എവിടെയാണേലും പൊക്കിയെടുത്ത് കൊണ്ട് വരുമെന്നും എനിക്കറിയാം. അത് കൊണ്ടാണ് ”
റിഷിൻ പരമാവധി ദയനീയതയോടെയാണ് പറയുന്നത്.

“നീ പറഞ്ഞാൽ ഇതൊക്കെ നടക്കും. എനിക്ക് എങ്ങോട് വേണമെങ്കിലും പോവാനാവും. ആ ജോലി എനിക്ക് കിട്ടും. എന്റെ കയ്യിൽ കാശുണ്ടാവും. നമ്മൾ ആഗ്രഹിക്കുന്ന പോലെ നമ്മുടെ വിവാഹം ആരുടേയും മുന്നിൽ കൈ നീട്ടാതെ അന്തസായി എനിക്ക് നടത്താനാവും. എല്ലാവരേം പോലെ നിന്നെ രാജകുമാരിയെ പോലെ എനിക്ക് കൊണ്ട് നടക്കാനാവും. പക്ഷേ.. അതിനെല്ലാം.. നീ.. നീ വിചാരിക്കണം ”

റിഷിൻ അവളെ പ്രതീക്ഷയോടെ നോക്കി.

അവളാവട്ടെ യാതൊരു ഭാവമാറ്റവുമില്ലാതെ നിൽക്കുന്നുണ്ട്.

“നീ.. നീ പറയില്ലേ ഗൗരി നമ്മുക്ക് വേണ്ടി?”
റിഷൻ അവളുടെ കൈ പിടിച്ചു.

“ഞാൻ പറയില്ല..”
ഒട്ടും ആലോചിക്കാതെ.. പതറാതെ ഗൗരിയുടെ മറുപടി.

അവൻ നെറ്റി ചുളിച്ചു.

“എന്താ.. എന്താ പറഞ്ഞത്?”
റിഷിൻ വിശ്വാസം വരാത്തത് പോലെ വീണ്ടും ചോദിച്ചു.

“ഞാനത്… നിങ്ങളിപ്പോ പറഞ്ഞത് പോലെ ആരോടും പറയില്ലെന്ന്…”
ഗൗരി ഒന്ന് കൂടി വിശദമായി പറഞ്ഞു കൊടുത്തു.

“അതെന്താ.. നീ പറയാത്തത്. നിനക്ക് കൂടി വേണ്ടിയല്ലേ?”
റിഷിന്റെ സ്വരവും ഭാവവും മാറി തുടങ്ങി.
കൈകൾ അവളുടെ വിരൽ പിടിച്ചു ഞെരിച്ചു.

“എനിക്ക് നിങ്ങളെ വിശ്വാസമില്ല. അത് കൊണ്ട് തന്നെ ”
അവൾ അവന് മുന്നിൽ നിവർന്നു നിന്നിട്ട് പറഞ്ഞു.

“അതൊന്നും അല്ലേടി. നിനക്ക് പെട്ടന്ന് കാശുള്ള എന്നെ വിട്ടു പോവാൻ നിനക്ക് മടി. ഒറ്റയടിക്ക് പണക്കാരി ആവാമല്ലോ. ഈ കോളനി കൾച്ചർ വെച്ചിട്ട് നീയൊക്കെ ഇങ്ങനെ ചിന്തിച്ചില്ലങ്കിലേ അത്ഭുതമുള്ളു ”
റിഷിന്റെ ശബ്ദം വല്ലാതെ ഉയർന്നു.

കോളനിക്ക് പരിസരത്ത് നിന്നുള്ള ഒന്ന് രണ്ട് പേര് അവരെ ശ്രദ്ധിക്കാനും തുടങ്ങി.

“എങ്കിൽ കേട്ടോ.. എനിക്ക് നിന്നെ വേണ്ടടി.. നീ എനിക്കെന്റെ വെറും ടൈം പാസ് ആയിരുന്നു. അങ്ങനെയെന്റെ തലയിൽ തൂങ്ങാമെന്ന് നീ വെറുതെ മോഹിക്കുകയും വേണ്ട. നിന്നെ കൊന്ന് കെട്ടിതൂക്കിയിട്ടാണേലും ഈ റിഷിൻ ഇതിൽ നിന്ന് ഊരും. ഞാൻ ഉദ്ദേശിച്ചത് നടത്തുകയും ചെയ്യും. നീയും നിന്റെയീ ചീഞ്ഞ കോളനിക്കാരും എന്തോ ചെയ്യുമെന്ന് ഞാനൊന്ന് കാണട്ടെ ”
റിഷിന്റെ നിയന്ത്രണം പാടെ നഷ്ടപെട്ടു കഴിഞ്ഞിരുന്നു അപ്പോഴേക്കും.

അവനാ പറയുന്നത് അവനിൽ നിന്നും പ്രതീക്ഷിക്കുന്ന കാര്യമായിട്ട് പോലും ഗൗരിക്ക് വല്ലാതെ നൊന്തു.
എങ്കിലും… ശില പോലെ അവനെ തുറിച്ചു നോക്കി അവൾ അനങ്ങാതെ നിന്നു.

റിഷിൻ പിന്നെയും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.

കോളനിക്കാർ അരികിലേക്ക് വരും മുന്നേ അവൻ ബൈക്കിൽ കയറി ധൃതിയിൽ തിരിച്ചു പോയി.

ആത്മനിന്ദയോടെ.. നേർത്തൊരു ചിരിയോടെ ഗൗരിയപ്പോഴും അവൻ പോയ വഴി നോക്കി നിന്നു.

❣️❣️

പറയെടാ… ”

പാതിയോളം ദൂരം എത്തിയിട്ടാണ് ക്രിസ്റ്റിക്ക് ഫൈസിയുടെ കോൾ വന്നത്.

“നീ എവിടെ പോകുവാ…?”
ശബ്ദത്തിലുള്ള മാറ്റം അറിഞ്ഞിട്ടെന്ന പോലെ ഫൈസി ചോദിച്ചു.

“വല്യപ്പച്ചൻ ചെല്ലാൻ പറഞ്ഞെടാ..”

ക്രിസ്റ്റി പറഞ്ഞു.

എന്നിട്ടെന്താ നീ എന്നെ വിളിക്കാഞ്ഞത്? ”

“ഞാൻ മാത്രം അല്ല ഫൈസി ഇപ്രാവശ്യം.. പൊറുക്കിയും റിഷിനും ഒഴിച്ച് ബാക്കി എല്ലാർക്കും ഇന്ന് വല്യപ്പച്ചനെ കാണാൻ കൊതി ”

അത് പറയുമ്പോൾ ക്രിസ്റ്റിയുടെ കണ്ണുകൾ മിററിൽ കൂടി മീരയുടെ നേരെയായിരുന്നു.
ദിലുവിനോട് എന്തോ പറയുന്നതിനിടയിലും അവളുടെ ശ്രദ്ധ തന്റെ നേരെ ആണെന്ന് അവന് തോന്നി.

ഡെയ്സിയും അവന്റെ വർത്താനം കേട്ടിട്ട് ചിരി അടക്കി പിടിച്ചിരിപ്പാണ്.
മറിയാമ്മച്ചി മുന്നിൽ അവനരികിൽ ഗമയോടെ ഇരുന്നിട്ട് പുറത്തെ കാഴ്ചകൾ കാണുന്നുണ്ട്.

“ആ.. ഞാനിപ്പഴാ ഓർത്തത്. എനിക്കൊന്ന് വല്യപ്പച്ചനെ കാണാൻ വല്ലാത്ത കൊതി ”
മറുവശം ഫൈസി ആവേശത്തിൽ പറയുന്നുണ്ട്.

“എപ്പോ മുതലാ മോനെ ഫൈസി ആ കൊതി തുടങ്ങിയത്.?’
ക്രിസ്റ്റി ചിരിയമർത്തി കൊണ്ട് ചോദിച്ചു.

“ദേ… ഓൺ ദി സ്പോട്ടിൽ ”

ഫൈസിയുടെ മറുപടി കേട്ടതും ക്രിസ്റ്റി ചിരിച്ചു പോയി.

“പെട്ടന്ന് അങ്ങോട്ട്‌ വാ. ഞങ്ങൾ അവിടയുണ്ടാവും ”

അവനോടത് പറയുബോഴും ക്രിസ്റ്റിയുടെ കണ്ണുകൾ മീരയുടെ നേരെ പാളി വീണു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button