മലയാളത്തിന്റെ നടന വിസ്മയം; മഹാ നടൻ മമ്മൂട്ടിക്ക് 73ാം പിറന്നാൾ
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 73ാം പിറന്നാൾ. എഴുപതുകളിലും സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന അഭിനയ മികവോടെ മലയാള സിനിമയിൽ നിരന്തരം ചലനങ്ങൾ സൃഷ്ടിക്കുകയാണ് ഈ താരം. പ്രായം മമ്മൂട്ടിക്ക് വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിക്കുന്നു കാലവും.
1971ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ അരങ്ങേറിയതാണ് മമ്മൂട്ടി. എന്നാൽ അദ്ദേഹത്തിന്റെ പേര് ആദ്യമായി രേഖപ്പെടുത്തിയത് 1980ൽ പുറത്തിറങ്ങിയ വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന സിനിമയിലൂടെയായിരുന്നു
പിന്നീട് കഴിഞ്ഞ നാല് ദശാബ്ദക്കാലത്തോളം മലയാളികളെ വിസ്മയിപ്പിച്ച നൂറുകണക്കിന് കഥാപാത്രങ്ങൾക്ക് അദ്ദേഹം ജന്മം നൽകി. വടക്കൻ വീരഗാഥയിലെ ചന്തുവും പൊന്തൻമാടയിലെ മാടയും വാത്സ്യല്യത്തിലെ രാഘവനും മൃഗയയിലെ വാറുണ്ണിയുമൊക്കെ ഇതിൽ ചിലത് മാത്രം.
മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ അഭിനയശേഷി. വിവിധ ഇന്ത്യൻ ഭാഷകളിലെ സിനിമകളിലും അദ്ദേഹം വേഷമിട്ടു. തന്നിലെ നടനെ തേച്ചുമിനുക്കനായി സ്റ്റാർഡം പോലും കാര്യമാക്കാതെ അദ്ദേഹം ചെയ്തു ഫലിപ്പിക്കുന്ന വേഷങ്ങളാണ് മമ്മൂട്ടി എന്ന നടനെയും അടയാളപ്പെടുത്തുന്നത്.