Novel

ശിശിരം: ഭാഗം 26

രചന: മിത്ര വിന്ദ

ജനാലകമ്പിയിൽ മുറുക്കി പിടിച്ചു കൊണ്ട് നിൽക്കുകയാണ് അമ്മു.
കണ്ണ് നിറഞ്ഞു ഒഴുകുന്നു. അമ്മയുടെ വിയോഗം അവളെ വല്ലാണ്ട് പിടിച്ചു കുലുക്കി

തോളിൽ ഒരു കൈ പതിഞ്ഞതും അമ്മു തിരിഞ്ഞു നോക്കി.
യദു ആയിരുന്നു.

അമ്മു…സോറി ടി, നിനക്ക് ഒരുപാട് വിഷമമായി എന്നൊക്കെ അറിയാം, പക്ഷേ എന്ത് ചെയ്യാനാ മീനാക്ഷിയുടെ ഒരു പ്രത്യേക സ്വഭാവമാണ്, എവിടെ എങ്ങനെ ആരോട് പറയണമെന്നുള്ളത് അവൾക്ക് ഇപ്പോഴും നിശ്ചയം ഇല്ല, നീ… നീ നീ അതൊക്കെ മറന്നു കളയണെ അമ്മു.

അവന്റെ തുറന്നുപറച്ചിൽ കേട്ടതും അമ്മു  ആ മുഖത്തേക്ക് ഉറ്റുനോക്കി.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധിയായിരുന്നു എന്റെ അമ്മ, ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ടിട്ടും, പൊരുതി ജീവിച്ചത് അമ്മ എനിക്കു വേണ്ടി മാത്രമായിരുന്നു, അച്ഛന്റെ വീട്ടിൽ നിന്നും ഒരുപാട് സഹിച്ചാണ് അമ്മ, തറവാട്ടിലേക്ക് അഭയം ചോദിച്ചു വന്നത്. അവിടെനിന്നും അനുഭവിച്ചത് അതിനേക്കാൾ ഏറെ ദുരിതം, ഒടുവില് നിലനിൽപ്പില്ലെന്ന് കണ്ടതും അമ്മ എന്നെയും കൊണ്ട് അവിടുന്ന് ഇറങ്ങി, ഞങ്ങൾ ഒരു വാടക വീട്ടിൽ താമസിച്ചു, അതറിഞ്ഞ്, തറവാടിന് നാണക്കേട്  ആകുമല്ലോ എന്ന് കരുതിയാണ്, ചെറിയ മാമ  ഇവിടെ ഒരു കിടപ്പാടം കെട്ടിത്തന്നത്, നകുൽ ഏട്ടന്റെ അച്ഛൻ സ്ഥലവും വാങ്ങിത്തന്നു.. ഈ വീട് വെച്ച് അന്നുമുതൽ ഇന്നോളം, ഞാനും എന്റെ അമ്മയും വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചത്, ഒരു നേരത്തെ ഭക്ഷണം, ഗിരിജയമ്മായി എനിക്ക് തന്നിട്ടുണ്ടെങ്കിൽ, അതിന്റെ 10 മടങ്ങ് ഞാൻ നിങ്ങളുടെ വീട്ടിൽ വന്ന്  ഓരോ പണികൾ ചെയ്തു തന്നിട്ടുണ്ട്. അല്ലാതെ ആരുടെ ഔദാര്യത്തിൽ അല്ല ഞങ്ങൾ കഴിഞ്ഞത്. പക്ഷേ എപ്പോഴൊക്കെയോ, ഞാൻ വെറുതെ വ്യാമോഹിച്ചു പോയി, നിങ്ങളുടെയൊക്കെ വീട്ടിൽ എനിക്കൊരു സ്ഥാനം ഉണ്ടെന്ന്, പ്രിയേച്ചിയെ പോലെ കാണുന്നില്ലെങ്കിൽ പോലും, എന്നെ ഒരു സഹോദരിയായി നിങ്ങളൊക്കെ  സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ വെറുതെ ഓർത്തു , ശരിക്കും അവിടെയാണ് എനിക്ക് തെറ്റുപറ്റിയത്, ഒരു വേലക്കാരിയുടെ സ്ഥാനമെങ്കിലും എനിക്ക് നിങ്ങൾ തന്നിരുന്നെങ്കിൽ,കഴിഞ്ഞ ദിവസം പറഞ്ഞപോലത്തെ വാക്കുകൾ ഒരിക്കലും മീനാക്ഷി എന്റെ നേർക്ക്  പറയില്ലായിരുന്നു.

ഞാൻ ഇവിടുത്തെ കുട്ടിയാണ് എന്നൊരു വാക്ക് നിങ്ങളാരെങ്കിലും പറഞ്ഞൊ, എല്ലാവരും മീനാക്ഷി പറയുന്നത് കേട്ട് നിന്നു , എന്നെ വെറുമൊരു കോമാളി ആക്കികൊണ്ട്..

എന്നിട്ടും എല്ലാം സഹിച്ചു എന്റെ ഉള്ളിൽ ഒതുക്കി, ഞാൻ അവിടെ നിന്നും പടി ഇറങ്ങിപ്പോന്നത്, എന്റെ സതി അമ്മയോട് ഒരിക്കലും ഈ വിവരം പറയരുത് എന്ന്, ഞാൻ എന്റെ മനസ്സിനെ ഒരായിരം ആവർത്തി പറഞ്ഞു പഠിപ്പിച്ചു കൊണ്ട് തന്നെയാണ് ഇവിടേക്ക് വന്നതും, കുമ്പസാരിക്കാൻ വന്നിരിക്കുന്നു കിച്ചേട്ടനും പ്രിയചേച്ചിയും കൂടെ. എന്റെ പാവം അമ്മ തകർന്നുപോയി, ഇതൊക്കെ കേട്ട് കഴിഞ്ഞാണ് എന്റെ അമ്മയ്ക്ക് ഇത്രയ്ക്ക് ടെൻഷൻ ആയത്. ഇന്നലെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുവന്നപ്പോൾ ആ ഡോക്ടർ എന്നോട് ചോദിച്ചത് എന്താണെന്ന് കേൾക്കണോ,
ഇത്രമാത്രം ഷോക്ക് ഉണ്ടാകാൻ എന്ത് കാര്യമാണ് നിങ്ങളുടെ കുടുംബത്തിൽ സംഭവിച്ചത്.

പ്ലീസ് യദുവേട്ടാ, ദയവുചെയ്ത് ഒന്ന് ഇറങ്ങി പോകു, എനിക്ക് എനിക്കിനി ആരെയും കാണണ്ട,എന്റെ അമ്മയുടെ മരണത്തിന് ഉത്തരവാദികളാണ് നിങ്ങൾ ഓരോരുത്തരും, അതുകൊണ്ട് ഇനിമേലിൽ എന്റെ ഈ മുറ്റത്ത് ആരും കാലു കുത്തരുത്,അതുപോലെ ഞാനും, എന്റെ മരണം വരെയും  ഇനി മേടയിൽ വീട്ടിലേക്ക് വരില്ല.

ഉറച്ച ശബ്ദത്തോടെ അവൾ പറഞ്ഞപ്പോൾ യദുവിനു മറുത്തൊരു അക്ഷരം പോലും അവളോട് പറയുവാൻ സാധിച്ചില്ല.

കുറച്ചു നിമിഷങ്ങൾ അവിടെനിന്ന ശേഷം,യദു വെളിയിലേക്ക് ഇറങ്ങിവന്നു. നകുലൻ അപ്പോഴും ഉമ്മറത്തെ അര ഭിത്തിയിൽ ഇരിപ്പുണ്ട്.
യദു അവനെ ഒന്നു നോക്കി.
നകുലൻ പക്ഷേ മൈൻഡ് ചെയ്തതേയില്ല.

മുറ്റത്തേക്ക് ഇറങ്ങിയശേഷം യദു വേഗത്തിൽ നടന്നു പോയി.
അകത്തെ മുറിയിൽ നിന്നും അമ്മുവിന്റെ കരച്ചിൽ പുറത്തേക്ക് ഒഴുകിവന്നു.

എന്റെ അമ്മേ,,,, എന്നേ ഒറ്റയ്ക്ക് ആക്കിയിട്ടു പോയല്ലോ അമ്മേ, എന്നോട് പെട്ടന്ന് വരാൻ പറഞ്ഞിട്ട് ഞാൻ ഓടി വന്നത് അല്ലെ, ഗുളിക ഒക്കെ കഴിച്ചു കിടക്കണേ എന്ന് ഞാൻ പറഞ്ഞത് അല്ലെ അമ്മേ.. എന്നിട്ട്.. എന്നിട്ട് ഞാൻ പറഞ്ഞത് ഒന്നും കേൾക്കാതെ  പോയി അല്ലെ, എനിക്ക് ഇനി ആരുണ്ട്, ഈ ലോകത്തു സ്വന്തം എന്ന് പറയാൻ ഈ അമ്മുട്ടന് ആരും ഇല്ലാ….. അനാഥയാക്കി കളഞ്ഞല്ലോ അമ്മേ,

ഉള്ളിൽ അടക്കി വെച്ച നൊമ്പരം എല്ലാം പുറത്തേക്ക് പ്രവഹിച്ചു വന്നു.

നകുലൻ അവിടെ ഉണ്ടന്ന് പോലും അമ്മുന് അറിയില്ലയിരുന്നു.

ആകെക്കൂടി സ്വന്തക്കാരെന്നു പറയുവാൻ ഈ , രണ്ടു വീട്ടുകാർ മാത്രമാണ് ഉള്ളത്.. അമ്മുവിന്റെ അച്ഛന്റെ വീട്ടുകാരാരും പണ്ടുമുതലേ അവരോട് അടുപ്പമില്ലായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു കുട്ടിയും ആയിട്ട്, സതി അവിടെ നിന്നും ഇറങ്ങിപ്പോന്നതിനാൽ, പിന്നീട് ആരും അവരുമായി യാതൊരു ഇടപാടിനും വന്നിട്ടില്ല.

പന്തലിന്റെ  കാശ് കൊടുക്കുവാൻ വേണ്ടി കവലയ്ക്ക് പോയതായിരുന്നു നകുലൻ,  ആ സമയത്ത് കിച്ചനും പ്രിയയും  അമ്മുവിന്റെ അടുത്ത് ഉണ്ടായിരുന്നു. ആ ഒരു ബലത്തിലാണ് അവൻ പോയതും, പക്ഷേ അവൻ മടങ്ങി വന്നപ്പോൾ, യദു അകത്തു ഉണ്ടായിരുന്നു..
അകത്തേക്ക് കേറി പോകാതെ അവൻ ഉമ്മർത്തു തന്നെ ഇരിക്കുകയായിരുന്നു.

അമ്മു അലറി നിലവിളിച്ചു കൊണ്ട് അകത്തു ഇരുന്നപ്പോൾ അവിടക്ക്ക് കയറി പോകാതെ വെളിയിൽ തന്നെ കഴിച്ചു കൂട്ടി നകുലൻ.

കാരണം അവൾ ഉള്ളിന്റെ ഉള്ളിലെ ദുഃഖം ഒക്കെ ഒന്ന് കുറയ്ക്കുവാൻ വേണ്ടി കരയുന്നത് നല്ലത് ആണെന്ന് അവനും അപ്പോൾ തോന്നി,

എന്തൊക്കെയോ പുലമ്പി കൊണ്ട് അവൾ വിങ്ങി പൊട്ടി.
അപ്പോളേക്കും ആകാശം ഇരുണ്ടു മൂടാൻ തുടങ്ങി.
തുലാ മഴയ്ക്ക് ആണ്..
ഇടി മുഴങ്ങി വരുന്നുണ്ട്. അമ്മു പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ ആയിരുന്നു നകുലനെ കണ്ടത്.

നകുലേട്ടൻ പൊയ്ക്കോളൂ, ഇന്നലെ മുതൽ ഉറക്കം വെടിഞ്ഞു ഇരിക്കുന്നത് അല്ലെ..

മുഖം ഒന്നമർത്തി തുടച്ചുകൊണ്ട് അവൾ പറയുമ്പോൾ നകുലൻ ഫോണിൽ എന്തോ തിരഞ്ഞു കൊണ്ട് ഇരുന്നു.

നാകുലേട്ടാ…..
ഒന്നൂടെ അവൾ വിളിച്ചു

നീ, ചെന്നിട്ട് എനിക്ക് ഇത്തിരി കാപ്പി ഇട്ട് തന്നെ, വല്ലാത്ത തലവേദന പോലെ.

അത്, ഉറങ്ങാഞ്ഞിട്ട് ആവും, വീട്ടിലേക്ക് ചെല്ല്.

നീ ഒറ്റയ്ക്ക് ഇവിടെ നിൽക്കുമോ.?

ഹമ്

അതൊന്നും ശരിയാവില്ലമ്മു, ഒന്നെങ്കിൽ എന്റെ കൂടെ, അല്ലേൽ കിച്ചന്റെ വീട്ടിൽ, ആലോചിച്ചു തീരുമാനിച്ചാൽ മതി.

എനിക്ക് ഇനി ഒന്നും തീരുമാനിക്കാനില്ല നകുലേട്ടാ,ഞാൻ ഇവിടെ എന്റെ വീട്ടിൽ നിന്നും എവിടേക്കും വരില്ല,,

അങ്ങനെ ഒറ്റയ്ക്ക് ഇവിടെ പറ്റുമോടി, അതൊന്നും നടക്കില്ല…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button