ശിശിരം: ഭാഗം 27
രചന: മിത്ര വിന്ദ
ഒറ്റയ്ക്ക് ഇവിടെ നിൽക്കുമോ.?
ഹമ്
അതൊന്നും ശരിയാവില്ലമ്മു, ഒന്നെങ്കിൽ എന്റെ കൂടെ, അല്ലേൽ കിച്ചന്റെ വീട്ടിൽ, ആലോചിച്ചു തീരുമാനിച്ചാൽ മതി.
എനിക്ക് ഇനി ഒന്നും തീരുമാനിക്കാനില്ല നകുലേട്ടാ,ഞാൻ ഇവിടെ എന്റെ വീട്ടിൽ നിന്നും എവിടേക്കും വരില്ല,,
അങ്ങനെ ഒറ്റയ്ക്ക് ഇവിടെ പറ്റുമോടി, അതൊന്നും നടക്കില്ല.
ഇനി ഒരിടത്തേക്കും ആട്ടും തുപ്പും വാങ്ങാൻ ഞാൻ വരില്ല, അതിനേക്കാൾ ഒക്കെ സമാധാനം ഇവിടെ ഈ വീട്ടിൽ എനിക്ക് ഉണ്ട്, എന്റെ അമ്മേടെ കൂടെ ഞാൻ ഇവിടെ കഴിയും. നകുലേട്ടൻ ചെല്ല്.
അങ്ങനെ പോകാൻ എനിക്ക് പറ്റില്ല, നിന്നെ എന്റെ കൈയിൽ ഏൽപ്പിച്ചിട്ടാണ് അപ്പച്ചി പോയത്. ആ സ്ഥിതിക്ക് കുറച്ചു ഉത്തരവാദിത്തം എനിക്ക് ഉണ്ടെന്ന് കൂട്ടിക്കോ.
അപ്പോളേക്കും മഴ പെയ്തു വരുന്നുണ്ട്. ഒപ്പം കാതടിക്കുന്ന ശബ്ദത്തിൽ ഇടിയും.
ഇപ്പൊ കാപ്പി ഒന്നും വേണ്ട, മഴ കഴിയട്ടെ കേട്ടോ.
അകത്തേക്ക് കയറിപ്പോയവളെ നോക്കി നകുലൻ ഉച്ചത്തിൽ പറഞ്ഞു.
എന്നാൽ അമ്മു ചെന്നിട്ട് പെട്ടന്ന് ഒരു ഗ്ലാസ് കട്ടൻ തിളപ്പിച്ച്.
അതുമായിട്ട് ഉമ്മറത്തേക്ക് ഇറങ്ങി വന്നപ്പോൾ കുത്തിമറിച്ചു പെയ്യുന്ന മഴയിലേക്ക് നോക്കി നകുലൻ നിൽപ്പുണ്ട്.
ഒരു മിന്നൽ വന്നതും ഒപ്പം വലിയൊരു ഇടിയും.
നകുലേട്ടാ…. അകത്തേക്ക് കയറി വാ, ഭയങ്കര മിന്നലും..
കാപ്പി അവനു കൊടുത്ത ശേഷം അമ്മു പറഞ്ഞു.
നീ ചെല്ല്. ഇവിടെ ഇങ്ങനെ നിൽക്കല്ലേ… കാലിൽ ചെരിപ്പും ഇല്ലാ.
നാകുലേട്ടനും വാ, ഭയങ്കര ഇടി.
അമ്മു അകത്തേക്ക് കയറി പോയ്.
എന്നാൽ നകുലൻ കേറി ചെന്നതും ഇല്ല.
അവൻ അങ്ങനെ തന്നെ ആ വരാന്തയിൽ ഇരുന്നു.
അമ്മു തന്റെ മുറിയിലേക്ക് ചെന്നു. ഫോണിൽ പ്രിയ വിളിക്കുന്നുണ്ട്.
എന്താ പ്രിയേച്ചി..
മോളെ, നീ ഒറ്റയ്ക്ക് ആണോ
അല്ല, നകുലേട്ടൻ ഉണ്ട്…
ഹമ്. ശരി ട്ടോ, വെച്ചേക്കാം.നല്ല ഇടി ഉണ്ടല്ലോ.
പെട്ടെന്ന് കോൾ മുറിഞ്ഞു..
അമ്മു വീണ്ടും എഴുന്നേറ്റു വാതിൽക്കൽ വന്നു, നകുലൻ അപ്പോളും അവിടെ ഇരിപ്പുണ്ട്.
അകത്തേക്ക് വാ നകുലേട്ടാ,അവിടെ അങ്ങനെ നിൽക്കല്ലേ…
മഴ കഴിയുമ്പോൾ നീ എന്റെ കൂടെ പോരേ, എല്ലാ ദിവസവും കാലത്തെ ഇങ്ങട് പോരാം, സന്ധ്യ കഴിഞ്ഞു അവിടേക്ക് വന്നാൽ മതി, ഇവിടെ ഒറ്റയ്ക്ക് ശരിയാവില്ല അമ്മു…
ഞാൻ എങ്ങോട്ടും ഇല്ല, ബിന്ദു അമ്മായിക്ക് എന്നേ ഇഷ്ട്ടം അല്ല നാകുലേട്ടാ,വെറുതെ ഞാൻ ആയിട്ട് ഇനി അവിടെ ഒരു പ്രശ്നം ഉണ്ടാക്കില്ല.
അമ്മയുടെ ഇഷ്ടവും ഇഷ്ടക്കേടും ഒന്നും നീ നോക്കണ്ട. സേഫ് ആയിട്ട് നിൽക്കാൻ പറ്റിയ ഇടം. അങ്ങനെ കരുതിയാൽ മതി.
അത് എന്നും എനിക്ക് ഈ വീടാണ്..
നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല, മര്യാദക്ക് നിന്റെ സാധങ്ങൾ ഒക്കെ എന്താണ് വേണ്ടത് എന്ന് വെച്ചാൽ എടുക്ക്..
പറഞ്ഞു കൊണ്ട് അവൻ അകത്തേക്ക് കയറി.
ഞാൻ വരില്ലന്നെ , ഇത്ര നേരം മനസിലാകുന്ന ഭാഷയിൽ അല്ലെ കാര്യങ്ങൾ ഒക്കെ പറഞ്ഞത്.
നീ വരും, നകുലൻ ആണ് പറയുന്നത്, നിന്നെ കൊണ്ട് പോകാനും അറിയാം.
അലമാര തുറന്ന് അവൻ അമ്മുവിന്റെ ഒന്ന് രണ്ടു ചുരിദാറുകൾ വലിച്ചു പുറത്തേക്ക് എടുത്തു. ആ കൂടെ അവളുടെ ഇന്നറും കൂടെ താഴേക്ക് പോന്നു.
ച്ചേ,,,,, ഇതെന്താ ഈ കാണിക്കുന്നേ.
അമ്മു ചെന്നിട്ട് അതെല്ലാം പെട്ടെന്ന് എടുത്തു അലമാരയ്ക്ക് ഉള്ളിൽ കേറ്റി.
ഓഹ് അതൊന്നും ഞാൻ ശ്രെദ്ധിച്ചില്ലടി, നീ ആവശ്യം ഉള്ളത് എന്താണന്നു വെച്ചാൽ എടുക്ക്.
നാകുലേട്ടാ ഞാൻ വരില്ല… വരില്ല, വരില്ല… ഇവിടെ വിട്ടു എങ്ങോട്ടും വരില്ല.. എന്റെ അമ്മയെ ഇവിടെ തനിച്ചാക്കി ഞാൻ വരില്ല…,, എന്റെ അമ്മ…. അമ്മ ഒറ്റയ്ക്ക് ആകും നകുലേട്ടാ…
പറഞ്ഞു കൊണ്ട് അവൾ ഉറക്കെ കരഞ്ഞു, ഇരു കൈകളും മുഖത്തേക്ക് പൊത്തി പിടിച്ചു കൊണ്ട് ഉച്ചത്തിൽ…
എടി…
നകുലൻ അവളുടെ തോളിൽ പിടിച്ചതും അമ്മു ഒന്ന് ഞെട്ടി.
എന്നിട്ട് ഊർന്ന് നിലത്തേയ്ക്ക് ഇരുന്നു.അവന്റെ കാലിൽ കെട്ടിപിടിച്ചു കരഞ്ഞു.
എന്നെ നിർബന്ധിക്കരുത് നാകുലേട്ടാ, ഞാൻ വരില്ല… ഒരിടത്തേയ്ക്കും വരില്ല. മതിയായി, എനിക്ക് എല്ലാം മതിയായി. എന്റെ അമ്മ ഇത്ര പെട്ടന്ന് പോകില്ലായിർന്നു.മീനാക്ഷി അങ്ങനെ ഒക്കെ സംസാരിച്ചപ്പോൾ അമ്മക്ക് സഹിക്കാൻ പറ്റിയില്ല.. ചങ്ക് പൊട്ടിമരിച്ചു പോയില്ലേ… പാവം എന്റെ അമ്മ..
അപ്പച്ചിക്ക് വയ്യാതെ ഇരിക്കുവല്ലയിരുന്നോ, ഈ അസുഖത്തെ കുറിച്ച് നിനക്ക് ശരിക്കും അറിയാവുന്നതല്ലെ അമ്മു.. ഇനി ഇങ്ങനെ വിഷമിച്ചു ഇരുന്ന് നിനക്ക് എന്തേലും വരുത്താൻ ആണോ..
പറഞ്ഞു കൊണ്ട് അവൻ അവളെ എഴുന്നേൽപ്പിക്കാൻ അവളുടെ ചുമലിൽ പിടിച്ചു.
ആരുടെയും കുത്തുവാക്കുകൾ കേൾക്കാൻ അമ്മാളു ഇനി ഒരിടത്തേക്കും ഇല്ലാ. ആയുസ് ഉള്ളടത്തോളം ഞാൻ എന്റെ വീട്ടിലെ നിൽക്കൂ.നകുലേട്ടൻ ചെല്ല്, അമ്മായി വിഷമിക്കും.
“നിന്റെ കിച്ചേട്ടനെയും യദുവേട്ടനെയും പോലെ പുണ്യാളൻ ഒന്നും അല്ല
ഇത്തിരി കുടിയ്ക്കും, വലിയ്ക്കുംഎന്നു കരുതി, കണ്ടപ്പെണ്ണിന്റെ ചൂട് തേടി പോയിട്ടുള്ളവൻ ഒന്നും അല്ല.ഒരാൾക്ക് കൂടി ചിലവിനു കൊടുക്കാൻ ഉള്ള പ്രാപ്തി ഒക്കെയുണ്ട്, നിനക്ക് വരാൻ മേലേ അമ്മു..
ഞാൻ വന്നാൽ ശരിയാവില്ല നകുലേട്ടാ. ഇനി എന്നേ നിർബന്ധിക്കരുത്. പ്ലീസ്..
വാശിയ്ക്ക് ഒരു കുറവും ഇല്ലല്ലേ അമ്മു നിനക്ക്,
മഴ ചെറുതായി തോർന്ന നേരം നോക്കി നകുലൻ മുറ്റത്തേക്ക് ഇറങ്ങി.
ഫോൺ എടുത്തു പെങ്ങളെ വിളിച്ചു
ശ്രീജേ, അമ്മു ഇവിടെ തനിച്ചാണ്, നിനക്ക് ഒന്ന് വരാൻ പറ്റുമോ, ഞാൻ ഒരു ഓട്ടോ പറഞ്ഞു വിടട്ടെ.
ഞാൻ കവല കഴിഞ്ഞു ഏട്ടാ, അവിടേക്ക് എത്താറായി.
ഹമ്.. ശരിടി..
അവൻ ഫോൺ വെച്ചു തിരിഞ്ഞപ്പോൾ അമ്മു അരഭിത്തിയിൽ ഇരിപ്പുണ്ട്. അമ്മയെ അടക്കം ചെയ്ത സ്ഥലത്തേക്ക് നോക്കി കൊണ്ട്.
നീ എന്റെ വീട്ടിലേക്ക് വരാത്ത സ്ഥിതിക്ക് ഒരു കാര്യം ചെയ്യാം, ഞാൻ ഇങ്ങോട്ട് പോരാം, അതേ നടക്കൂ.. അല്ലാതെ നിന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കി പോകാൻ ഒന്നും പറ്റില്ല. അറിയാല്ലോ അപ്പച്ചി എന്നേ ഏൽപ്പിച്ചിട്ടാണ് പോയത്. അതുകൊണ്ട് ഞാൻ പോയി എന്തായാലും എന്റെ ഡ്രസ്സ് ഒക്കെ എടുത്തിട്ട് വേഗം എത്താം കേട്ടോ.
അവളുടെ മറുപടി കാക്കാതെ നകുലൻ നടന്നു കഴിഞ്ഞു…..തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…