അര്‍മാനിയുടെ കാപ്പികട ഇന്ത്യയില്‍ അവതരിപ്പിച്ച് അംബാനി
മുംബൈ: ബിസിനസ് രംഗത്ത് ശക്തമായ വൈവിധ്യവത്കരണവുമായി കരുത്തോടെ മുന്നേറുന്ന മുകേഷ് അംബാനി മുംബൈയില്‍ അര്‍മാനി ബ്രാന്റിന്റെ പുത്തന്‍ കാപ്പിക്കട തുടങ്ങി. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിന്റെ ഹൃദയഭാഗത്ത് ഒരു പുതിയ ആഡംബര കഫേ ആണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ അംബാനി കെട്ടിപൊക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളില്‍ ഇറ്റാലിയന്‍ കോഫീ സെന്‍സേഷനായ സാക്ഷാല്‍ അര്മാനിയെയാണ് അംബാനി കുടിയിരുത്തിയിരിക്കുന്നത്. ഇന്ത്യയിലെ അര്‍മാനി കഫേയുടെ ആദ്യ ഔട്ട്ലെറ്റാണിതെന്ന സവിശേഷതയുമുണ്ട്.
റിലയന്‍സ് ബ്രാന്‍ഡിലെ ഹാംലീസ് ആന്‍ഡ് പ്രെറ്റ് ഇന്ത്യയുടെ തലവന്‍ സുമീത് യാദവാണ് അര്‍മാനി കഫേയുടെ ലോഞ്ച് പ്രഖ്യാപിച്ചത്. ഫാഷന്‍ ഐക്കണായ ജോര്‍ജിയോ അര്‍മാനിയുടെ കാഴ്ചപ്പാടില്‍ 1998ല്‍ പാരീസിലാണ് അര്‍മാനി കഫേ ബ്രാന്‍ഡിന് തുടക്കമായത്. വളരെ സമ്പന്നമായ ഒരു ചരിത്രം ഈ ബ്രാന്‍ഡിനുണ്ട്. ലോകത്ത് ഹൈ-എന്‍ഡ് ഡൈനിംഗിന്റെ പ്രതീകമായി നിലകൊള്ളുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണിത്.
റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സിന്റെ ഉപസ്ഥാപനമായ റിലയന്‍സ് ബ്രാന്‍ഡ് ലിമിറ്റഡ് ആണ് ഈ കഫേ പെരുമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സമ്പന്ന വര്‍ഗത്തിന്റെ പ്രത്യേകിച്ച് യുവത്വത്തിന്റെ രുചി ആവശ്യകതകള്‍ നിര്‍വഹിക്കുന്നതാകും അര്‍മാനി കഫേ. അംബാനിയുടെ കഫേ സാമ്രാജ്യ വികാസത്തിന്റെ തുടക്കമായിരിക്കും ഇതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ എംപോറിയോ അര്‍മാനി, അര്‍മാനി എക്സ്ചേഞ്ച് എന്നിവയുമായി റിലയന്‍സിന് ഇതോടകം ദീര്‍ഘകാല പങ്കാളിത്തമുണ്ട്. ഈ ബന്ധമാണ് റിലയന്‍സ് റീട്ടെയില്‍ അര്‍മാനി കഫേയുടെ ഇന്ത്യയിലേക്കുള്ള വരവിലേക്കു നയിച്ചത്.
കഴിഞ്ഞ കുറച്ചു നാളായി പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരണത്തിലാണ് മുകേഷ് അംബാനിയുടെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി വിദേശ ബ്രാന്‍ഡുകളെ ഏറ്റെടുക്കുകയും, അവരുമായി ധാരണയില്‍ എത്തുകയും ചെയ്യുന്നതിനിടെയാണ് രാജ്യത്തെ അതിസമ്പന്നരെ ലക്ഷ്യമിട്ട് കോഫി ഷോപ്പ് തുടങ്ങിയിരിക്കുന്നത്.
അര്‍മാനി കഫേയുടെ ലോകത്തെ അഞ്ചാമത്തെ ഔട്ട്ലെറ്റാണ് മുംബൈയില്‍ ആരംഭിച്ചിരിക്കുന്നത്. പരമ്പരാഗതമായ രാജ്യത്തെ മുന്തിയ കഫേകളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാകും അംബാനിയുടെ അര്‍മാനി കഫെ. സാധാരണക്കാരെ സംബന്ധിച്ച് ഇവിടം ശരിക്കും നക്ഷത്രമെണ്ണും. ആഡംബരത്തിന്റെ ഏറ്റവും ഉയര്‍ന്ന വിശേഷണമാകും ഈ കഫേയ്ക്ക് ചേരുക. കോഫിക്കും ഇന്ത്യന്‍ ഇറ്റാലിയന്‍ പരമ്പരാഗത രുചികള്‍ക്കുമൊപ്പം 52 വൈവിധ്യമാര്‍ന്ന രുചികളില്‍ ഇറ്റലിയില്‍നിന്നും പറന്നെത്തിയ മുന്തിയ വൈനുകളും ഫ്രാന്സില്നിന്നുമെത്തിയ മൂന്നു മുന്തിയ ഷാമ്പെയിനുകളും 11 അമറോ ലിക്വറുകളും യൂറോപ്പിലെ നിരോധിത കാലഘട്ടത്തിലെ കോക്ക്ടെയിലുകളുമെല്ലാം ഇവിടെ വിളമ്പുന്നുണ്ട്. എന്തായാലും മാറുന്ന ഇന്ത്യയിലെ അത്യാഢംബര കോഫി ഷോപ്പുകളുടെ മുഖമുദ്രയായി അംബാനി അര്‍മാനി കഫേ മാറുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.