മലപ്പുറത്ത് പത്ത് പേർക്ക് നിപ രോഗലക്ഷണങ്ങൾ; സാമ്പിളുകൾ പരിശോധനക്ക് അയച്ചു
മലപ്പുറത്ത് മരിച്ച യുവാവ് നിപ ബാധിതനായിരുന്നെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിൽ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മലപ്പുറത്ത് ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നാണ് രോഗലക്ഷണമുള്ളവരുടെ സാമ്പിൾ ശേഖരിച്ചത്. മരിച്ച യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്.
മലപ്പുറം നടുവത്ത് നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 15 സഹപാഠികൾ നിരീക്ഷണത്തിലാണ്. ജാഗ്രത നിർദേശം ഏർപ്പെടുത്തിയ ബംഗളൂരിൽ സാഹചര്യം വിലയിരുത്താൻ ആരോഗ്യ വകുപ്പിന്റെ യോഗം നടക്കും. ബംഗളൂരുവിൽ വിദ്യാർഥിയായിരുന്ന യുവാവുമായി 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. 4 സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിട്ടുണ്ട്.
ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേർക്ക് ചില ലഘുവായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.