ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും; എതിർക്കാൻ പ്രതിപക്ഷം
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. നിയമമന്ത്രി രാം മേഘ് വാൾ ലോക്‌സഭയിൽ ബില്ല് അവതരിപ്പിക്കും. പ്രതിപക്ഷം ശക്തമായി ബില്ലിനെ എതിർക്കാൻ സാധ്യതയുള്ളതിനാൽ സംയുക്ത പാർലമെന്ററി സമിതിക്ക് ബില്ല് വിടാനാണ് സാധ്യത. 2034 മുതൽ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ പാർലമെന്റിലേക്ക് എത്തുന്നത്
ഭരണഘടനയുടെ അനുച്ഛേദം 83, 172 ഭേദഗതി ചെയ്തുള്ള ബില്ലും കേന്ദ്ര ഭരണപ്രദേശങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും അവതരിപ്പിക്കുക. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് ബില്ലിൽ പറയുന്നുണ്ട്
ആദ്യഘട്ടത്തിൽ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനും പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പുകൾ കൂടി ഇതിൽ ഉൾപ്പെടുത്താനുമാണ് നീക്കം. ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഭരണഘടന ഭേദഗതി അംഗീകരിക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. നിലവിലെ സാഹചര്യത്തിൽ എൻഡിഎക്ക് ഒറ്റയ്ക്ക് ബിൽ പാസാക്കാനാകില്ല. ഇതോടെയാണ് പ്രതിപക്ഷത്തിന്റെ സഹകരണം കൂടി തേടുന്നത്.