ഇടപെട്ട് എഐസിസി; രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയേക്കും

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം എഐസിസി പരിശോധിക്കുന്നു. പാർട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാൻഡ് വിശദാംശങ്ങൾ തേടി. നിലവിലെ ആരോപണങ്ങൾ പുറത്തുവരും മുൻപ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നതായാണ് വിവരം.
രാഹുലിനെതിരായ ആരോപണം അന്വേഷിക്കാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി ദീപദാസ് മുൻഷി കെപിസിസി നേതൃത്വത്തിന് നിർദേശം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നടക്കം മാറ്റുന്നതടക്കം ഹൈക്കമാൻഡ് ആലോചനയിലുണ്ട്.
യുവ നേതാവിനെതിരെ മാധ്യമപ്രവർത്തക നടത്തിയ വെളിപ്പെടുത്തൽ വ്യാപക ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. മാധ്യമപ്രവർത്തക ആരോപണം ഉന്നയിച്ചത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തുവന്നിരുന്നു.