Kerala

തൃശ്ശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ സുധാകരൻ

തൃശ്ശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ രേഖയക്ക് മറുപടി നൽകിയിരിക്കുന്നത്. ഇത് സ്ഥീരികരിക്കുന്ന പ്രതികരണമാണ് തൃശ്ശൂർ സിറ്റി പോലീസും നൽകിയത്.

ഇതിലൂടെ തന്നെ അന്വേഷണം അട്ടിമറിക്കപ്പെട്ടന്ന് വ്യക്തമാണ്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും ചേർന്നു ഇത്രയും നാൾ കേരളജനതയെ കബളിപ്പിക്കുകയായിരുന്നു. പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സർക്കാർ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ല.

പൂരംകലക്കിയത് സംബന്ധിച്ച് പോലീസ് മേധാവി അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അഞ്ചുമാസം പിന്നിടുമ്പോഴും അന്വേഷണമെന്നത് വെറും പ്രഖ്യാപനത്തിലും പ്രഹസനത്തിലും മാത്രം ഒതുങ്ങി. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ അതിന് മുഖ്യമന്ത്രിയും സർക്കാരും തയ്യാറാകാതിരുന്നത് അന്വേഷണം നടക്കാത്തത് കൊണ്ടാണ്.

ബിജെപിയെ തൃശ്ശൂർ വിജയിപ്പിക്കുന്നതിന് സിപഎമ്മും ആർഎസ്എസും നടത്തിയ ഗൂഢാലോചനയുടെ നേർചിത്രമാണ് വിവരാവകാശ രേഖലയിലൂടെ പുറത്തുവന്നത്. ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ മുഖ്യമന്ത്രി പൂരം കലക്കിയതിന്റെ അന്വേഷണ ചുമതലയേൽപ്പിച്ചതും അന്വേഷണം അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപിക്കെതിരെ സ്വർണ്ണക്കടത്ത്, കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും സർവീസിൽ നിന്ന് പുറത്താക്കാതെ സംരക്ഷിക്കുന്നതിന് പിന്നിൽ ഇതിനെല്ലാമുള്ള പ്രത്യുപകാരമാണെന്നും സുധാകരൻ ആരോപിച്ചു.

 

Related Articles

Back to top button