ആൽവിനെ ഇടിച്ചത് ബെൻസ് കാർ; ഇൻഷുറൻസ് ഇല്ല, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം
കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയത് ബെൻസ് കാർ എന്ന് പോലീസ്. ആൽവിനെ ഇടിച്ചത് ഡിഫൻഡർ കാർ എന്നാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നൽകിയത്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നത്
റീൽസ് എടുത്ത മൊബൈൽ ഫോൺ ഹാജരാക്കാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്. അപകടം വരുത്തിയ ബെൻസ് കാറിന്റെ ഡ്രൈവറുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സാബിത്താണ് ബെൻസ് കാർ ഓടിച്ചത്. തെലങ്കാന രജിസ്‌ട്രേഷൻ വാഹനമാണിത്. പ്രതികൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുക്കുക
ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചതിന് മറ്റ് നടപടികൾ സ്വീകരിക്കും. വാഹനവുമായി ബന്ധപ്പെട്ട നടപടികൾക്ക് മോട്ടോർ വാഹനവകുപ്പിന് ശുപാർശ ചെയ്യും. ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആൽവിൻ വാഹനമിടിച്ച് മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആൽവിൻ. ഇതിൽ ബെൻസിന്റെ നിയന്ത്രണം തെറ്റി യുവാവിനെ അടിക്കുകയായിരുന്നു.
ആൽവിൻ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടിയാണ് പ്രമോഷൻ വീഡിയോ ചിത്രീകരിച്ചത്. റോഡിന്റെ നടുക്ക് നിന്നാണ് ആൽവിൻ വീഡിയോ ചിത്രീകരിച്ചിരുന്നത്. സംഭവത്തിൽ രണ്ട് വാഹനങ്ങളും പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.