സംസ്ഥാനത്ത് വീണ്ടും നിപ മരണം; കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ചുള്ള മരണങ്ങളുടെ എണ്ണം രണ്ടായി. പാലക്കാട് നാട്ടുകൽ സ്വദേശിനിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകി. സംസ്ഥാനത്ത് സമ്പർക്ക പട്ടികയിൽ 345 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി, തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.