മലപ്പുറം പുഞ്ചക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾക്ക് പരുക്ക്

മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലിയിലെ കാട്ടാന ആക്രമത്തിൽ ഒരാൾക്ക് പരുക്ക്. പുഞ്ചക്കൊല്ലിയിലുള്ള ആദിവാസി നഗറിലെ നെടുമുടി ,60 (ചടയൻ) എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. വനത്തിനകത്തുള്ള പ്രദേശത്തുവെച്ചായിരുന്നു ഇന്ന് വൈകീട്ടോടെ ആക്രമണം ഉണ്ടായത്.
നഗറിൽ നിന്ന് അര കിലോമീറ്റർ അകലെയുള്ള ചോലയിൽ നിന്ന് വെള്ളം എത്തിക്കുന്ന പൈപ്പ് നന്നാക്കാൻ പോയതായിരുന്നു നെടുമുടി എന്ന ചടയനും സംഘവും. ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടു. തുമ്പിക്കൈ കൊണ്ട് അടിച്ചതിലാണ് പരുക്കുപറ്റിയത് . ആന ചുഴറ്റി എറിഞ്ഞുവെന്നാണ് അറിയുന്നത്. കൂടെയുണ്ടായിരുന്ന ബന്ധു ഒടുക്കൻ, മക്കളായ വിഷ്ണു വൈശാഖ് എന്നിവർ നെടുമുടിയെ പുഞ്ചക്കൊല്ലി നഗറിൽ എത്തിച്ചു. തുടർന്നാണ് വനപാലകരെ വിവരം അറിയിച്ചത്. അവിടെനിന്ന് ആളുകൾ ചുമന്ന് പുഴയ്ക്ക് ഇക്കരെ എത്തിക്കുകയായിരുന്നു. ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കൈയ്ക്കും കാലിനും നട്ടെല്ലിനുമാണ് പരുക്കേറ്റിരിക്കുന്നത്. നെടുമുടിയുടെ നില അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.