Gulf

വണ്‍ ബില്യണ്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

ദുബൈ: വണ്‍ ബില്യണ്‍ ഫോളോവേഴ്‌സ് സമ്മിറ്റിന്റെ ഭാഗമായി 10 ലക്ഷം ഡോളര്‍ സമ്മാനം നല്‍കുന്ന വണ്‍ ബില്യണ്‍ അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള മികച്ച ഉള്ളടക്ക സ്രഷ്ടാക്കളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈയിലെ ന്യൂ മീഡിയ അക്കാദമി പുതിയ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവ മാധ്യമങ്ങളിലെ(സാമൂഹികമാധ്യമങ്ങള്‍ ഉള്‍പ്പെടെ) ഉള്ളടക്ക സൃഷ്ടിയുടെ പോസിറ്റീവ് റോള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് അവാര്‍ഡ് നല്‍കുന്നത്.

ഉള്ളടക്ക സ്രഷ്ടാക്കള്‍ക്ക് വണ്‍ ബില്യണ്‍ ഫോളോവേഴ്‌സ് സമ്മിറ്റ് വെബ്‌സൈറ്റ് വഴി അവാര്‍ഡിനായി അപേക്ഷിക്കാം. അവസാന തിയതി നവംബര്‍ 30 ആണ്. 2025 ജനുവരി 11 മുതല്‍ 13 വരെ നടക്കുന്ന വണ്‍ ബില്യണ്‍ ഫോളോവേഴ്‌സ് ഉച്ചകോടിയുടെ സമാപന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിക്കുക. ‘നല്ലതിനായുള്ള ഉള്ളടക്കം’ എന്നതാണ് അവാര്‍ഡിന്റെ തീം.

ശാസ്ത്രീയവും സാംസ്‌കാരികവും മാനുഷികവും സാമൂഹികവുമായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണം. മനസ്സുകളെ പ്രചോദിപ്പിക്കണം, രാഷ്ട്രങ്ങളെ അടുപ്പിക്കണം, ഐക്യം പ്രോത്സാഹിപ്പിക്കണം, സുസ്ഥിരതയെ പിന്തുണയ്ക്കണം, അനുകമ്പയുടെയും സഹാനുഭൂതിയുടെയും മൂല്യങ്ങള്‍ നിലനിര്‍ത്തണം തുടങ്ങിയവയാണ് അവാര്‍ഡിനുള്ള ഉള്ളടക്കത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. അവാര്‍ഡിനുള്ള അപേക്ഷകര്‍ അവരുടെ പ്രോജക്റ്റുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. അവരുടെ ചരിത്രവും പ്രധാന ആശയങ്ങളും അപേക്ഷയോടൊപ്പം നല്‍കണം. തങ്ങളുടെ കമ്മ്യൂണിറ്റികള്‍ക്ക് ക്രിയാത്മകമായി സംഭാവന നല്‍കുകയും വിജ്ഞാനപ്രദമായ ഉള്ളടക്കം, കരുതലുള്ള മൂല്യങ്ങള്‍, സാമൂഹിക നന്മയുടെ സന്ദേശങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്ക സ്രഷ്ടാക്കളെ മറ്റുള്ളവര്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യുകയുമാവാമെന്നും സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button