സീരിയലും സിനിമയും കണ്ട് കരയുന്നവരാണോ നിങ്ങള്‍?; എങ്കില്‍ നിങ്ങളെ തേടി മരണം വേഗമെത്തും
വാഷിങ്ടണ്‍: സീരിയലും സിനിമയും കണ്ട് കരയുന്നവരാണോ നിങ്ങള്‍; എങ്കില്‍ നിങ്ങളെ തേടി മരണം വേഗമെത്തുമെന്ന് പഠനം. സിനിമകളിലെയും സീരിയലുകളിലെയുമെല്ലാം വൈകാരിക രംഗങ്ങള്‍ നിങ്ങളെ കണ്ണീരണീക്കുന്നുണ്ടെങ്കില്‍ ഉറപ്പാണ് മരണം നിങ്ങളുടെ സമീപത്തുതന്നെയുണ്ടെന്ന്. സിനിമയും സീരിയലും കണ്ട് നായകനും നായികക്കും വേണ്ടിയെല്ലാം കണ്ണീരൊഴുക്കിയാല്‍ അത്തരക്കാരെ തേടി ചെറുപ്പത്തില്‍തന്നെ അകാലമരണം എത്തുമെന്നാണ് ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.
വൈകാരികമായ സെല്ലുലോയ്ഡ് ദൃശ്യങ്ങള്‍കണ്ട് കരയുന്നവരും ഒപ്പം പൊതുവേ ഭയപ്പെടുന്ന പ്രകൃതമുള്ളവരിലും ചെറുപ്പത്തിലേയുള്ള മരണ സാദ്ധ്യത വളരെ കൂടുതല്‍ ആണെന്നാണ് പഠനം പറയുന്നത്. കടുത്ത ഏകാന്തത അനുഭവിക്കുന്നവരിലും ചെറുപ്പത്തിലുള്ള മരണ സാദ്ധ്യത കൂടുതലാണ്.
അകാരണമായ ദു:ഖം, ഭയം, അസ്വസ്ഥത എന്നിവ തോന്നുന്ന ന്യൂറോട്ടിസം എന്ന മാനസികാവസ്ഥയുള്ളവരില്‍ ആയിരുന്നു പഠനം നടത്തിയത്. നമ്മുടെ ചുറ്റുമുള്ള ധാരാളം പേരില്‍ ഈ അവസ്ഥ കാണാറുണ്ട്. ഇവയ്ക്ക് പുറമേ ചിലരില്‍ ഉത്കണ്ഠ, ഏകാന്തത എന്നിവയും ഉണ്ടാകാം. ഇത്തരക്കാരില്‍ ചെറുപ്പത്തിലേയുള്ള മരണ സാദ്ധ്യത 10 ശതമാനം കൂടുതല്‍ ആണെന്നാണ് കണ്ടെത്തല്‍.
അഞ്ച് ലക്ഷം പേരെ കുറിച്ചുള്ള ബയോബാങ്കില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. പഠനത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ ഭൂരിഭാഗം പേരുടെയും മരണവും അവരുടെ വ്യക്തിത്വവും തമ്മില്‍ ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദീര്‍ഘിച്ച 17 വര്‍ഷക്കാലമാണ് ഇത്തരം ഒരു പഠനത്തിനായി ഗവേഷകര്‍ ചെലവിട്ടത്.