അർജുനെ ഏറ്റുവാങ്ങി കണ്ണാടിക്കൽ; അന്ത്യാഞ്ജലി അർപ്പിക്കാനായി ജനസാഗരം ഒഴുകിയെത്തുന്നു
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ഭൗതിക ദേഹം ഏറ്റുവാങ്ങാനായി കണ്ണാടിക്കലിലെത്തിയത് ജനസാഗരം. മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ അമരാവതി വീടിനരികിലേക്ക് എത്തിയത്. ഇവിടെ നിന്നും വീട്ടിലേക്കുള്ള വഴി നീളെ ആംബുലൻസിനെ അനുഗമിച്ച് നൂറുകണക്കിനാളുകൾ കാൽനടയായി ഒഴുകിയെത്തി
ആദ്യം ബന്ധുക്കൾക്ക് മാത്രം അന്ത്യാഞ്ജലി അർപ്പിക്കാൻ സമം നൽകി. നിലവിൽ നാട്ടുകാർക്കും അർജുന് അന്ത്യാഞ്ജലി അർപ്പിക്കാൻ വിവിധ നാടുകളിൽ നിന്ന് എത്തിയവർക്കുമായി പൊതുദർശനം നടക്കുകയാണ്. 11 മണിയോടെ വീട്ടുവളപ്പിലാണ് സംസ്‌കാരം തീരുമാനിച്ചിരിക്കുന്നത്.
കേരളാ അതിർത്തിയായ തലപ്പാടി ചെക്ക് പോസ്റ്റിലും കാസർകോടും കണ്ണൂരിലുമടക്കം നിരവധിയാളുകളാണ് അർജുന് ആദരമർപ്പിക്കാനായി ഒത്തുകൂടിയത്. കോഴിക്കോട് ജില്ലാ അതിർത്തിയിൽ മന്ത്രി എകെ ശശീന്ദ്രനും കെകെ രമ എംഎൽഎയും ജില്ലാ കലക്ടർ സ്‌നേഹിൽ കുമാറും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.