ദേശീയപാത നിർമാണത്തിലെ അപാകതകൾ സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം: എംവി ഗോവിന്ദൻ

ദേശീയപാത നിർമാണത്തിലെ അപാകതകൾ സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. നിർമാണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം കേന്ദ്രത്തിനാണെന്ന് ദേശീയപാത അതോറിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇടതുപക്ഷ സർക്കാർ ഉണ്ടായിരുന്നില്ലെങ്കിൽ ദേശീയപാത 66 യാഥാർത്ഥ്യമാകുമായിരുന്നില്ലെന്നും എം. വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
ദേശീയപാതയുടെ ഡി.പി.ആർ (വിശദമായ പദ്ധതി റിപ്പോർട്ട്) തിരുത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് എം. വി. ഗോവിന്ദൻ തറപ്പിച്ചു പറഞ്ഞു. ഡി.പി.ആർ. സംസ്ഥാന സർക്കാരിന്റെ കയ്യിലിരിക്കുന്ന കാര്യമല്ലെന്നും, വഴിയിൽ പോകുന്നവർ പറഞ്ഞാൽ ഡി.പി.ആർ. തിരുത്തുമോ എന്നും അദ്ദേഹം ചോദിച്ചു. നിലവിലെ പ്രശ്‌നത്തിൽ ദേശീയപാത അതോറിറ്റി കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി ശക്തമായ നടപടി സ്വീകരിച്ചത് സ്വാഗതാർഹമാണെന്നും, ബി.ജെ.പിക്ക് വലിയ തുക ഇലക്ട്രൽ ബോണ്ട് നൽകിയ കമ്പനികൾ പോലും ഈ കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ പ്രശ്‌നങ്ങളുടെ പേരിൽ റോഡ് നിർമാണം പൂർത്തിയാക്കുന്നത് വൈകാൻ പാടില്ലെന്ന് എം. വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മയാണെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും, ഈ വികസന പ്രവർത്തനങ്ങളെല്ലാം നടന്നത് വകുപ്പുകളുടെ ഏകോപനം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് കാരണം കാര്യക്ഷമമായ ഏകോപനമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ നിലപാട് സ്വീകരിക്കുന്ന ഏത് കമ്പനിക്കെതിരെയും ആവശ്യമായ നടപടികൾ സ്വീകരിച്ച് പദ്ധതി പൂർത്തീകരിക്കണമെന്നും, കമ്പനികളുടെ സുതാര്യതയും എവിടെയാണ് പാളിച്ച പറ്റിയതെന്നും വിശദമായി പരിശോധിക്കപ്പെടണമെന്നും എം. വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.