പ്രിയങ്കയുടെ റോഡ് ഷോക്കിടെ പ്രകോപനവുമായി ബി ജെ പി പ്രവര്‍ത്തകര്‍; പുഞ്ചിരിയോടെ നേരിട്ട് പ്രിയങ്ക
ബി ജെ പിക്ക് ആശംസ നേർന്നു
മുംബൈ: ആര്‍ എസ് എസ് ആസ്ഥാനമായ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്കിടെ പ്രകോപനവുമായി ബി ജെ പി പ്രവര്‍ത്തകര്‍. എന്നാല്‍, പ്രകോപനത്തെ പുഞ്ചിരിയോടെ നേരിട്ട പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി.
മണ്ഡലത്തില്‍ റോഡ്ഷോ നടത്തുന്നതിനിടെയാണ് ഒരു കൂട്ടം ബിജെപി അനുഭാവികള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് പാര്‍ട്ടി പതാക വീശിയാണ് പ്രകോപനത്തിന് ശ്രമിച്ചത്. എന്നാല്‍, അവര്‍ക്കെതിരെ യാതൊരു പ്രസ്താവനയും നടത്താതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാന്തരാക്കി നിര്‍ത്തി ബി ജെ പി അണികളോട് പ്രിയങ്ക പുഞ്ചിരിച്ചാണ് മറുപടി നല്‍കിയത്. ബുധനാഴ്ച നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ മഹാ വികാസ് അഘാഡി ബ്ലോക്ക്, ശിവസേന (യുബിടി), എന്‍സിപിയുടെ ശരദ് പവാര്‍ വിഭാഗം എന്നിവര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും പ്രിയങ്ക പ്രതികരിച്ചു.
ജനക്കൂട്ടത്തിനിടയിലൂടെ പ്രചാരണ വാഹനം നീങ്ങിയപ്പോള്‍, കെട്ടിടങ്ങളിലും റോഡരികിലും നില്‍ക്കുന്ന ആളുകള്‍ക്ക് നേരെ ഗാന്ധി കൈകാണിച്ചു. റോഡ്ഷോയുടെ അവസാനം കെട്ടിടത്തില്‍ ഒരു സംഘം ആളുകള്‍ തടിച്ചുകൂടി ബിജെപി പതാകകള്‍ വീശുകയും ബി ജെ പിയുടെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.
ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് അനുഭാവികളും മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഒരു ഘട്ടത്തില്‍ പ്രിയങ്ക മൈക്ക് എടുത്ത് ബിജെപി പതാകകള്‍ വീശുന്നവരെ അഭിസംബോധന ചെയ്തു, ‘ബിജെപിയിലെ സുഹൃത്തുക്കളേ, തിരഞ്ഞെടുപ്പിന് നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. എന്നാല്‍ മഹാ വികാസ് അഘാഡിയാണ് വിജയിക്കുക.’ ഈ പരാമര്‍ശം കോണ്‍ഗ്രസ് അനുഭാവികളെ ആവേശത്തിലാക്കി.
നാഗ്പൂര്‍ ലോക്സഭാ സീറ്റ് 2014 മുതല്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ കൈവശമാണ്. ഇവിടുത്തെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണം നിലവില്‍ ബിജെപിക്കൊപ്പമാണ്.
വയനാട് ഉപതിരഞ്ഞെടുപ്പില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഗാന്ധി വധേര തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമാണ് മഹാരാഷ്ട്രയിലെത്തിയത്. നവംബര്‍ 20 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ റോഡ്ഷോ നയിച്ചത് ഇവരായിരു
ന്നു.
റോഡ്ഷോ നാഗ്പൂര്‍ വെസ്റ്റ്, നാഗ്പൂര്‍ സെന്‍ട്രല്‍ മണ്ഡലങ്ങളിലൂടെ കടന്നുപോയി, വന്‍ ജനക്കൂട്ടമാണ് റാലിക്കെത്തിയത്. ഇത് ബി ജെ പി പ്രവര്‍ത്തകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ വലിയ അട്ടിമറിയുണ്ടാകുമെന്നും ബി ജെ പിക്ക് ഭീതിയുണ്ട്. നിലവില്‍ നാഗ്പൂര്‍ വെസ്റ്റ് കോണ്‍ഗ്രസിന്റെ കൈവശമാണ്, നാഗ്പൂര്‍ സെന്‍ട്രല്‍ 2009 മുതല്‍ ബിജെപിക്കൊപ്പമാണ്.