ഉത്തർപ്രദേശ് മീററ്റിൽ കെട്ടിടം തകർന്നുവീണു; 10 മരണം
ഉത്തർപ്രദേശിലെ മീററ്റിൽ കെട്ടിടം തകർന്നുവീണ് 10 പേർ മരിച്ചു. കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകൾ കെട്ടിടത്തിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മീററ്റിലെ ലോഹിയ നഗറില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് മൂന്ന് നിലകെട്ടിടം തകർന്ന് അപകടമുണ്ടായത്.
ഒന്നര വയസ്സുള്ള സിമ്ര, ആലിയ (6), റീസ (7), സാഖിബ് (11), സാനിയ (15) എന്നിവരുൾപ്പെടെ പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ജില്ലാ ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു. സാജിദ് (40), നാഫോ (63), ഫർഹാന (20), അലിസ (18) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ പരുക്കേറ്റവർ ലാലാ ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
എൻഡിആർഎഫ്, അഗ്നിശമന സേന, പൊലീസ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, കെട്ടിടാവശിഷ്ടങ്ങളിൽ മനുഷ്യജീവനുണ്ടാകാൻ സാധ്യതയില്ലെന്ന് കണ്ടെത്തുന്നത് വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ദീപക് മീണ പറഞ്ഞു.