പാകിസ്ഥാന് വേണ്ടി ഇടപെടല്‍ നടത്താനാകില്ല; സിന്ദു നദീജല കരാറിലും പാകിസ്ഥാന് തിരിച്ചടി: നിലപാട് വ്യക്തമാക്കി ലോക ബാങ്ക്

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള നയതന്ത്ര-വ്യാപാര കരാറുകളില്‍ നിന്ന് പിന്മാറിയതിനൊപ്പം ഇന്ത്യ സിന്ധു നദീജല ഉടമ്പടി താത്കാലികമായി റദ്ദാക്കിയതില്‍ പ്രതികരിച്ച് ലോക ബാങ്ക്. സിന്ധു നദീജല ഉടമ്പടിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു തര്‍ക്കത്തിലും ഇടപെടില്ലെന്ന് ലോക ബാങ്ക് വ്യക്തമാക്കി.
കരാര്‍ ഇന്ത്യ റദ്ദാക്കിയിട്ടില്ലെന്നും സാങ്കേതികമായി തത്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുന്നതായാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. തങ്ങള്‍ക്ക് ഉടമ്പടിയില്‍ യാതൊരു ഇടപെടലും നടത്താനാകില്ലെന്നും ലോക ബാങ്കിന്റെ പങ്ക് അടിസ്ഥാനപരമായി ഒരു ഫെസിലിറ്റേറ്ററുടെ റോളാണെന്നും ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ലോക ബാങ്കിന്റെ പങ്ക് പ്രധാനമായും സാമ്പത്തികമായാണ്. അതാണ് തങ്ങളുടെ പങ്ക്. അതിനപ്പുറം തങ്ങള്‍ക്ക് വിഷയത്തില്‍ ഒരു പങ്കുമില്ല. സിന്ധു നദീജല ഉടമ്പടി സംബന്ധിച്ച് ഇന്ത്യയില്‍ നിന്നോ പാകിസ്ഥാനില്‍ നിന്നോ ലോകബാങ്കിന് ഇതുവരെ ഒരു നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടില്ലെന്നും അജയ് ബംഗ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടിയില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. നമുക്ക് ആ പങ്കില്ലാത്തതിനാല്‍ ഇടപെടല്‍ അപ്രായോഗികമാണ്. ഉടമ്പടി രണ്ട് പരമാധികാര രാജ്യങ്ങള്‍ തമ്മിലുള്ളതാണ്. അത് തുടരണോ എന്ന് അവര്‍ തീരുമാനിക്കണം. അത് അവരുടെ തീരുമാനമാണെന്നും ലോകബാങ്ക് പ്രസിഡന്റ് അറിയിച്ചു.