അനിശ്ചിതാവസ്ഥയില്‍ തുടര്‍ന്ന് വെടിനിര്‍ത്തല്‍; പലസ്തീന്‍ ബന്ദികളെ വിട്ടയക്കുന്നത് വൈകുന്നു

ടെല്‍ അവീവ്: ഗസയില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ അനിശ്ചിതത്വത്തില്‍ തുടരുന്നു. പലസ്തീന്‍ തടവുകാര മോചിപ്പിക്കുന്നത് വൈകുകയാണ്. ശനിയാഴ്ച ആറ് ഇസ്രായേല്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. എന്നാല്‍ പകരം 620 പലസ്തീനില്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കാന്‍ തയാറായിട്ടില്ല
കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭാ യോഗം തടവുകാരെ വിട്ടയക്കുന്നത് വൈകിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേല്‍ സ്വീകരിച്ചിരിക്കുന്ന തീരുമാനം വെടിനിര്‍ത്തല്‍ കരാറിന്റെ കടുത്ത ലംഘനമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.
ബന്ദികളെ സ്വീകരിക്കുന്നതിനായി ഗസയില്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നിരുന്നത്. എന്നാല്‍ ഇവര്‍ക്കെല്ലാം നിരാശയോടെ മടങ്ങേണ്ടതായി വന്നു. കരാര്‍ പ്രകാരം ഇസ്രായേല്‍ 620 പലസ്തീന്‍ തടവുകാരെയാണ് കഴിഞ്ഞ ദിവസം മോചിപ്പിക്കേണ്ടിയിരുന്നത്
അതേസമയം, ബന്ദിയായിരുന്ന ഷീറി ബിബാസിന്റെ മൃതദേഹമല്ല കഴിഞ്ഞ ദിവസം കൈമാറിയതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ഹമാസ് തള്ളി. ഇസ്രായേല്‍ നടത്തിയ വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടവരുമായി മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കൂടികലര്‍ന്നിരിക്കാമെന്നാണ് ഹമാസ് വിശദീകരണം നല്‍കിയത്.
ഷീറി ബിബാസിന്റെയും കൊല്ലപ്പെട്ട മറ്റ് ബന്ദികളുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ചയ്ക്ക് മുമ്പ് വിട്ടുനല്‍കണമെന്നാണ് ഇസ്രായേല്‍ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയും 73 ബന്ദികള്‍ കൂടി ഹമാസിന്റെ പക്കലുണ്ടെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇവരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ നടത്തുമെന്നും നെതന്യാഹു വ്യക്തമാക്കി.
അതേസമയം, മധ്യ ഗസയിലെ നുസൈറത്തില്‍ ബന്ദി കൈമാറ്റ ചടങ്ങിനിടെ വിട്ടയക്കുന്നതിന് മുമ്പ് ഹമാസ് പോരാളിയുടെ നെറ്റിയില്‍ ചുംബിക്കുന്ന ഇസ്രായേല്‍ ബന്ദി ഒമര്‍ ഷെം ടോവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി ഇതുവരെ 25 ബന്ദികളെയാണ് ഹമാസ് കൈമാറിയത്. ആദ്യഘട്ടത്തില്‍ 33 ബന്ദികളെ കൈമാറണമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. മോചിപ്പിച്ചിട്ടുള്ള 602 തടവുകാരില്‍ 50 പേര്‍ ജിവപര്യന്തം തടവ് അനുഭവിക്കുന്നവരും 60 പേര്‍ ദീര്‍ഘകാല തടവ് ശിക്ഷ ലഭിച്ചവരുമാണെന്നാണ് പലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.