അതൊന്നും സൗജന്യമായിരുന്നില്ല; പ്രളയം മുതല്‍ മുണ്ടക്കൈ ദുരന്തം വരെ നല്‍കിയ എയര്‍ലിഫ്റ്റ് സേവനത്തിന് പണം ആവശ്യപ്പെട്ട് കേന്ദ്രം
കേരളം നല്‍കേണ്ടത് 132.62 കോടി

2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ കേന്ദ്രം കേരളത്തിനായി നല്‍കിയ എയര്‍ലിഫ്റ്റ് സേവനം സൗജന്യമായിരുന്നില്ല. ഈ സേവനം നല്‍കിയതിന് 132.62 കോടി രൂപ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം.
കേന്ദ്രത്തിന് കേരളത്തോടുള്ള കരുതലായി ഇത്രയും കാലം മാധ്യമങ്ങളും ബി ജെ പിയും കൊട്ടിയാഘോഷിച്ച സേവനത്തിനാണ് പണം ആവശ്യപ്പെട്ടത്. വയനാടിനെ മഹാദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെയാണ് പുതിയ നീക്കം. വയനാട് ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കേന്ദ്രം ധനസഹായമൊന്നും അനുവദിച്ചില്ലെന്ന ആരോപണം സംസ്ഥാനം ഉന്നയിക്കുമ്പോഴാണ് ഈ കത്ത് ലഭിച്ചിരിക്കുന്നത്.
ഇത്രയും കാലം നല്‍കിയ സേവനത്തിന് ചെലവായത് 132.62 കോടി രൂപയാണെന്നും എത്രയും പെട്ടെന്ന് ഈ തുക തിരിച്ചടക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍വൈസ് മാര്‍ഷല്‍ കത്ത് നല്‍കി. ഒക്ടോബര്‍ 22നാണ് കത്ത് ലഭിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ അഭിസംബോധന ചെയ്താണ് എയര്‍വൈസ് മാര്‍ഷല്‍ വിക്രം ഗൗര്‍ കത്ത് അയച്ചിരിക്കുന്നത്.
വയനാട് ദുരന്തത്തിലെ ആദ്യ ദിനത്തില്‍ മാത്രം 8,91,23,500 രൂപ ചെലവായെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലായി വയനാട്ടില്‍ നടത്തിയ സേവനത്തിന് 69,65,46,417 രൂപയാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.