ആഭ്യന്തര മന്ത്രിയുടെ അനുമതിയില്ലാതെ എഡിജിപിക്ക് ആർഎസ്എസ് നേതാവിനെ കാണാൻ കഴിയില്ലെന്ന് ചെന്നിത്തല
ആഭ്യന്തര മന്ത്രിയുടെ അനുമതിയില്ലാതെ എഡിജിപിക്ക് ആർഎസ്എസ് നേതാവിനെ കാണാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. ബിജെപിയുമായുള്ള സിപിഎം ബന്ധം ഓരോ ദിവസവും മറ നീക്കി പുറത്തുവരികയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൂടിക്കാഴ്ച. എന്തുകൊണ്ടാണ് ഇതിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു.
എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ബിജെപി ബന്ധം പുറത്തുവരുമെന്നതിനാലാണ്. ആർഎസ്എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എംആർ അജിത് കുമാർ. എഡിജിപി സ്വകാര്യ വാഹനത്തിലെത്തി ആർഎസ്എസ് നേതൃത്വവുമായി ചർച്ച ചെയ്യേണ്ട എന്ത് കാര്യമാണുണ്ടായതെന്നും അദ്ദേഹം ചോദിച്ചു.
ബിജെപിയുമായുള്ള സിപിഎം ബന്ധം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയതാണ്. തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ ഈ രഹസ്യധാരണയാണ്. തൃശ്ശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും ചെന്നിത്തല പറഞ്ഞു.