ബിന്ദു പത്മനാഭനും കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച്; സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്യും

ബിന്ദു പത്മനാഭൻ തിരോധാനക്കേസിൽ വഴിത്തിരിവ്. ബിന്ദു കൊല്ലപ്പെട്ടതായി ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. പ്രതി സെബാസ്റ്റ്യനെ ഈ കേസിലും അറസ്റ്റ് ചെയ്യും. നിലവിൽ ജെയ്നമ്മ കൊലക്കേസിൽ റിമാന്റിലാണ് സെബാസ്റ്റ്യൻ.
ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടാൻ സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനി ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തു. ജയ ആൾമാറാട്ടം നടത്തിയാണ് ബിന്ദു എന്ന പേരിൽ സ്വത്ത് തട്ടാൻ സെബാസ്റ്റിയനെ സഹായിച്ചത്. ജയക്കൊപ്പം അന്ന് ഉണ്ടായിരുന്ന റുക്സാനക്കും കേസിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ചില പേപ്പറുകളിൽ റുക്സാനയും ഒപ്പിട്ടെന്നാണ് വിവരം. സാമ്പത്തിക തർക്കത്തെ തുടർന്ന് പിന്നീട് ജയയും റുക്സാനയും സെബാസ്റ്റ്യന്റെ വീട്ടിൽ എത്തി പ്രശനമുണ്ടാക്കിയതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ ജയയേയും റുക്സാനെയും ചോദ്യം ചെയ്താൽ കൂടുതൽ വിവരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.