ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയോട് കൊടുംക്രൂരത; ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു, മൂന്ന് ആയമാർ അറസ്റ്റിൽ
തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ആയമാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവെച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്. മറ്റ് രണ്ട് പേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചു. മൂന്ന് ആയമാരും കുട്ടിയെ ഉപദ്രവിച്ചെന്നാണ് വിവരം
ശിശുക്ഷേമ സമിതിയിൽ 103 ആയമാരാണുള്ളത്. ഇവരെല്ലാം കരാർ ജീവനക്കാരാണ്. പ്രതികളായ മൂന്ന് പേരും ഇവിടെ വർഷങ്ങളായി ജോലി ചെയ്യുന്നവരാണ്. കുട്ടിയെ വൈദ്യചികിത്സക്ക് വിധേയമാക്കി. അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതോടെയാണ് അഞ്ച് വയസുകാരിയെയും രണ്ടര വയസുകാരിയെയും ശിശുക്ഷേമ സമിതിയിൽ എത്തിച്ചത്
രണ്ടര വയസുകാരി സ്ഥിരമായി കിടക്കയിൽ മൂത്രമൊഴിക്കാറുണ്ട്. ഇതിന്റെ പേരിൽ കുട്ടിയുടെ ശരീരത്തിൽ നഖം പതിപ്പിച്ച് നുള്ളി മുറിവിൽപ്പിച്ചു. പിന്നാലെ കുട്ടിയുടെ ജനനേന്ദ്രിയത്തിലും നുള്ളി മുറിവേൽപ്പിക്കുകയായിരുന്നു. ഒരു ദിവസം നാലാമതൊരു ആയ കുട്ടിയെ പരിചരിക്കാനെത്തിയപ്പോഴാണ് ശരീരത്തിലെ മുറിവ് കാണുന്നത്. തുടർന്ന് മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.