മോഹൻലാലിനെതിരായ സൈബര്‍ ആക്രമണം; ഉടൻ നടപടിയെന്ന് ഡിജിപി

മോഹൻലാല്‍ നായകനായെത്തിയ എമ്പുരാൻ ബോക്സ് ഓഫീസിൽ വലിയ കളക്ഷനുകൾ നേടി മുന്നേറുകയാണ്. 2019ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ചിത്രം. എമ്പുരാൻ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ പ്രമേയത്തെ ചൊല്ലി വിവാദങ്ങൾ ഉയർന്നു. ചിത്രം കേന്ദ്ര സർക്കാരിനെ അപമാനിച്ചുവെന്നും നുണകൾ പ്രചരിപ്പിക്കുന്നു എന്നുമാണ് സംഘപരിവാറിന്റെ ആരോപണം. വിഷയത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ നായകൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ. ഡിജിപി ക്കാണ് പരാതി നൽകിയത്. അഭിഭാഷകന്റെ പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി പറഞ്ഞു.
വിവാദത്തെ തുടർന്ന് ചിത്രം റി എഡിറ്റ് ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് കലാപ രംഗങ്ങൾ, കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങൾ തുടങ്ങിയ ഭാഗങ്ങളിലാണ് ചില മാറ്റങ്ങൾ വരുത്തുന്നത്. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാനും ആലോചന ഉണ്ട്. റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തും. അതിനിടെ, സിനിമക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.