നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി
എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യ പ്രേരണ കേസിൽ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ ഇന്ന് അന്വേഷണ സംഘ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായി. എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന കോടതിയിലെ ജാമ്യ ഉത്തരവിലെ ഉപാധിയെ തുടർന്നാണിത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ എസ്എച്ച്ഒ ആയ ശ്രീജിത്ത് കോടേരിക്ക് മുന്നിലാണ് പിപി ദിവ്യ ഹാജരായത്.
അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് പി പി ദിവ്യ വ്യക്തമാക്കിയിരുന്നു. കേസിൽ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും എടുക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എഡിഎം കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴി സംശയകരമാണെന്ന് നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് ശേഷം ഇതുവരെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, കൈക്കൂലി ആരോപണത്തിൽ രണ്ട് പക്ഷമുണ്ടെന്ന സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണത്തിനെതിരെ കോൺഗ്രസും, ബിജെപിയും രംഗത്തുവന്നു.