
ദുബായ്: ഡി എസ് എഫി(ദുബായ് ഷോപ്പ് ഷോപ്പിംഗ് ഫെസ്റ്റിവല്‍)ന്റെ ഭാഗമായ നറുക്കെടുപ്പില്‍ തമിഴ്നാട് സ്വദേശിക്ക് ലഭിച്ചത് 7 കോടി(30 ലക്ഷം ദിര്‍ഹം)രൂപ. സുരേഷ് പാവയ്യയെയാണ് ജന്മദിനത്തില് മഹാഭാഗ്യം എതിരേറ്റത്. ഡിഎസ്എഫിന്റെ ഗ്രാന്‍ഡ് പ്രൈസില്‍ ഷോപ്പ് ആന്റ് വിന് നറുക്കെടുപ്പിലാണ് സുരേഷ് ഒറ്റ ദിവസംകൊണ്ട് കോടിപതിയായി മാറിയത്.
ദുബായ് അധികൃതരുടെ സാന്നിധ്യത്തില്‍ ഡ്രീം ദുബായ് ആപ്പിലൂടെയും സമൂഹമാധ്യമത്തിലൂടെയുമാണ് വിജയിയെ തെരഞ്ഞെടുത്തത്. നിരവധി തവണ നറുക്കെടുപ്പില്‍ പങ്കെടുത്ത് ഭാഗ്യം പരീക്ഷിച്ച വ്യക്തിയാണ് സുരേഷ്. ഇത്തവണ ജന്മദിനത്തില് തനിക്ക് സമ്മാനം ലഭിക്കാന്‍ സാധ്യതയുള്ളതായി അദ്ദേഹം വിശ്വസിച്ചിരുന്നു. ആ വിശ്വാസമാണ് പുലര്‍ന്നത്. 19 വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന സുരേഷിന്റെ ജീവിതാഭിലാഷമായ സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക എന്ന സ്വപ്നം സമ്മാനത്തുകയിലൂടെ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ഈ ഭാഗ്യവാന്.