
അബുദാബി: ദുബായിലെ ചില എൻജിനീയറിങ് കൺസൾട്ടൻസി സ്ഥാപനങ്ങൾ വില്ലകളുടെ രൂപകൽപ്പനയുമായി ബന്ധപ്പെട്ട് അമിതമായി നിർമ്മാണച്ചെലവ് ഈടാക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റി കണ്ടെത്തി. ഇത് സംബന്ധിച്ച് നിരവധി സ്ഥാപനങ്ങൾക്ക് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ദുബായ് ബിൽഡിങ് കോഡിന് വിരുദ്ധമായതും അനാവശ്യമായി ചെലവ് വർദ്ധിപ്പിക്കുന്നതുമായ ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ദുബായിലെ പൗരന്മാർക്ക് വേണ്ടി നിർമ്മിക്കുന്ന വില്ലകളുടെ ഘടനാപരമായ രൂപകൽപ്പനകളിൽ അമിതമായ മാറ്റങ്ങൾ വരുത്തി ചെലവ് വർദ്ധിപ്പിക്കുന്നുവെന്നാണ് മുനിസിപ്പാലിറ്റിയുടെ കണ്ടെത്തൽ. ഇത് ഗുണമേന്മ കുറയ്ക്കാതെതന്നെ ഉടമകൾക്ക് അമിത സാമ്പത്തിക ബാധ്യത വരുത്തുന്നതായും മുനിസിപ്പാലിറ്റി അറിയിച്ചു.
ദുബായ് മുനിസിപ്പാലിറ്റിയുടെ ബിൽഡിങ് റെഗുലേഷൻസ് ആൻഡ് പെർമിറ്റ്സ് ഏജൻസി സിഇഒ മറിയം അൽ മുഹൈരിയുടെ അഭിപ്രായത്തിൽ, ഡിസൈനുകൾ ഉണ്ടാക്കുമ്പോൾ നിർമ്മാണ നിലവാരവും ചെലവും തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അമിതമായി സ്റ്റീൽ പോലുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, നിയമപരമായതും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ പാലിക്കണമെന്നും അൽ മുഹൈരി ഓർമ്മിപ്പിച്ചു.
മുമ്പ് സമാനമായ നിയമലംഘനങ്ങൾ നടത്തിയ രണ്ട് എൻജിനീയറിങ് കൺസൾട്ടൻസി സ്ഥാപനങ്ങളെ ആറ് മാസത്തേക്ക് പുതിയ പ്രോജക്റ്റുകൾ ചെയ്യുന്നതിൽ നിന്ന് ദുബായ് മുനിസിപ്പാലിറ്റി വിലക്കിയിരുന്നു. ആവർത്തിച്ചുള്ള ഇത്തരം ലംഘനങ്ങൾ സ്ഥാപനങ്ങളുടെ വാർഷിക മൂല്യനിർണ്ണയത്തെ ദോഷകരമായി ബാധിക്കുമെന്നും അച്ചടക്ക നടപടികളിലേക്ക് നയിക്കുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.