കൊട്ടാരക്കരയിൽ എംഡിഎംഎയുമായി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി പിടിയിൽ

കൊല്ലം കൊട്ടാരക്കരയിൽ എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാവ് പിടിയിൽ. കരവാളൂർ വെസ്റ്റ് മേഖല സെക്രട്ടറി മുഹ്സിനാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 20.144 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
കൊല്ലം റൂറൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ രാത്രി കൊട്ടാരക്കര ചിരട്ടക്കുളം കോക്കാട് റോഡിൽ കാറിൽ ഒരു സംഘം യുവാക്കളെത്തുകയായിരുന്നു. തുടർന്ന് കാറിലുണ്ടായിരുന്നവർ ബൈക്കിലെത്തിയ മുഹ്സിന് എംഡിഎംഎ കൈമാറി. ഈ സമയം ഇവിടെ എത്തിയ പോലീസിനെ കണ്ട് യുവാക്കൾ കാറിൽ രക്ഷപ്പെട്ടു.
ബൈക്കിൽ ഇരിക്കുകയായിരുന്ന മുഹ്സിനെ പോലീസ് പിടികൂടി. വെഞ്ചേമ്പ് മാത്ര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ കൂടിയാണ് പ്രതി. തൗഫീഖ്, ഫയാസ്, മിൻഹാജ് എന്നിവരാണ് കാറിലുണ്ടായിരുന്നതെന്നും വിൽപ്പനക്കായാണ് എംഡിഎംഎ എത്തിച്ചതെന്നും മുഹ്സിൻ മൊഴി നൽകി.