ഈദ് അല്‍ ഇത്തിഹാദ്: ഔദ്യോഗിക ചടങ്ങുകള്‍ ഇത്തവണ അല്‍ ഐനില്‍
അബുദാബി: ഇത്തവണത്തെ ഈദ് അല്‍ ഇത്തിഹാദി(നാഷ്ണല്‍ ഡേ)ന്റെ ഔദ്യോഗിക ചടങ്ങുകള്‍ അല്‍ ഐന്‍ നഗരത്തിലായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. യുഎഇയുടെ 53ാം ദേശീയദിന(ഈദ് അല്‍ ഇത്തിഹാദ്)മാണ് ഡിസംബര്‍ രണ്ടിന് വരാനിരിക്കുന്നത്. യൂണിയന്‍ ഡേ എന്നുകൂടി അറിയപ്പെടുന്ന 1971ലെ ഡിസംബര്‍ രണ്ടിനാണ് ആറ് എമിറേറ്റുകള്‍ കൂടിച്ചേര്‍ന്ന് യുഎഇ എന്ന മഹത്തായ രാഷ്ട്രം രൂപികരിക്കപ്പെടുന്നത്. 1972 ഫെബ്രുവരിയിലാണ് ഏഴാമത്തെ എമിറേറ്റായി റാസല്‍ഖൈമ യുഎഇയില്‍ ചേരുന്നത്.
ഔദ്യോഗിക ചടങ്ങുകളുടെ തത്സമയ പ്രക്ഷേപണം പ്രദേശിക ടെലിവിഷനിലും ഈദ് അല്‍ ഇത്തിഹാദിന്റെ യൂട്യൂബ് ചാനലിലും വെബ്‌സൈറ്റിലും തിരഞ്ഞെടുക്കപ്പെട്ട പൊതുയിടങ്ങളിലും ഉണ്ടായിരിക്കുമെന്ന് ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ വാം അറിയിച്ചു. ഈ വര്‍ഷത്തെ ഫോക്കസ് രാഷ്ട്രപിതാക്കന്മാരുടെ പാരമ്പ്യമെന്നതാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രപരമായ പാരമ്പര്യം അവകാശപ്പെടാനുള്ള പ്രദേശമാണ് അല്‍ ഐന്‍ എന്ന് സംഘാടക സമിതിയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ആയിശ അല്‍ നുഐമി ഓര്‍മിപ്പിച്ചു. പ്രകൃതിയും പാരമ്പര്യവും സമന്വയിക്കുന്നതിനൊപ്പം സുസ്ഥിര വികസനമെന്ന യുഎഇയുടെ പ്രതിബദ്ധതയുടെ നേര്‍സാക്ഷ്യവുമാണ് നഗരമെന്നും അവര്‍ പറഞ്ഞു.