
ദുബായ്: ദുബായിലെ എമിറേറ്റ്സ് ഇന്റർനാഷണൽ സ്കൂളിൽ (EIS) ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സ്കൂൾ അധികൃതർ ഈ തീരുമാനം പ്രഖ്യാപിച്ചത്.
പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വിദ്യാർത്ഥികൾക്കിടയിൽ ചിട്ടയായ പെരുമാറ്റം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരാൻ വിദ്യാർത്ഥികളെ അനുവദിക്കില്ല. ഇനി അഥവാ കൊണ്ടുവരികയാണെങ്കിൽ, ക്ലാസുകൾ തുടങ്ങുന്നതിന് മുൻപ് തന്നെ സ്കൂൾ അധികൃതരെ ഏൽപ്പിക്കണം. ക്ലാസുകൾ അവസാനിച്ചതിന് ശേഷം ഫോൺ തിരികെ നൽകും.
യുഎഇയിലെ മറ്റ് പല പൊതുവിദ്യാലയങ്ങളിലും നേരത്തെ തന്നെ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുക, സാമൂഹിക പെരുമാറ്റം മെച്ചപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഈ നടപടികൾ. എമിറേറ്റ്സ് ഇന്റർനാഷണൽ സ്കൂളിന്റെ ഈ പുതിയ തീരുമാനം പൊതുവിദ്യാഭ്യാസ മേഖലയിൽ മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വഴിവെച്ചേക്കാം.