ചാരവൃത്തി കേസ്: യൂട്യൂബർ ജ്യോതി മൽഹോത്രയുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 3 വരെ നീട്ടി

ഹിസാർ: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ ജുഡീഷ്യൽ കസ്റ്റഡി ഹിസാർ കോടതി സെപ്റ്റംബർ 3 വരെ നീട്ടി.
‘ട്രാവൽ വിത്ത് ജോ’ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തിയിരുന്ന ഇവരെ മെയ് 16-നാണ് ചാരവൃത്തി ആരോപണത്തെ തുടർന്ന് ഹിസാർ പോലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ചാരവൃത്തി, ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ജ്യോതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ അന്വേഷണം പൂർത്തിയാക്കി പോലീസ് അടുത്തിടെ 2,500 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നിരുന്നാലും, കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ ജ്യോതി മൽഹോത്രയെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരാൻ കോടതി ഉത്തരവിട്ടു. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് മൽഹോത്രയുടെ അഭിഭാഷകൻ നേരത്തെ നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു.
കേസിന്റെ അടുത്ത വാദം കേൾക്കുന്നതിനായി ജ്യോതി മൽഹോത്രയെ സെപ്റ്റംബർ 3-ന് വീണ്ടും കോടതിയിൽ ഹാജരാക്കും.