അച്ഛന് ഇഷ്ടം പഠിപ്പിസ്റ്റായ മകളെ; ബന്ധുക്കളുടെ മുന്നിൽ വച്ച് അപമാനിച്ചു: മാതാപിതാക്കളെയും സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തി 20-കാരൻ

ന്യൂഡൽഹി: മാതാപിതാക്കളെയും സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ 20-കാരൻ അറസ്റ്റിൽ. സൗത്ത് ഡല്‍ഹിയിലെ നെബ്‌സരായിയില്‍ താമസിക്കുന്ന രാജേഷ് കുമാര്‍(51), ഭാര്യ കോമള്‍(46), മകള്‍ കവിത(23) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷിന്റെയും കോമളിന്റെയും 25-ാം വിവാഹവാര്‍ഷികദിനമായ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ മരണം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ തെളിഞ്ഞു. ഇതോടെയാണ് ദമ്പതിമാരുടെ ഇരുപതുവയസ്സുകാരനായ മകനിലേക്ക് അന്വേഷണം നീങ്ങിയത്.
എന്നാൽ സംഭവസമയത്ത് താൻ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് ഡൽഹി സർവ്വകലാശാലയിലെ ബിരുദ വിദ്യാർത്ഥി അർജുൻ തൻവാർ പൊലീസിന് നൽകിയ വിവരം. താൻ നടക്കാൻ പോയതാണെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളെയും സഹോദരിയെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നുമായിരുന്നു ഇയാൾ മൊഴി നൽകിയത്. പക്ഷേ സംശയം തോന്നിയ പോലീസ് വീണ്ടും ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു. സഹോദരിയുമായി നിരന്തരം താരതമ്യം ചെയ്യുന്നതും. സഹോദരിയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്ളുടെ മുന്നിൽ വച്ച് തന്നെ അപമാനിച്ചതുമാണ് 20കാരന് പ്രകോപിച്ചത് എന്നാണ് പോലീസ് പറയുന്നത്.
ഉറങ്ങികിടക്കുന്നതിനിടെയിലാണ് ഇയാൾ മൂവരെയും കൊലപ്പെടുത്തിയത്. അച്ഛന് പഠിപ്പിസ്റ്റായ മകളെയാണ് ഇഷ്ടമെന്നും മാതാപിതാക്കളുടെ സ്വത്ത് സഹോദരിക്ക് നല്‍കാനുള്ള നീക്കവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി. കൊലപാതകത്തിനായി ഏറെനാളായി പ്രതി ആസൂത്രണം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നാണ് മാതാപിതാക്കളുടെ വിവാഹവാര്‍ഷികദിനം തന്നെ കൊലപാതകം നടത്താനായി തിരഞ്ഞെടുത്തത്. ഉറങ്ങുന്നതിനിടെ കത്തികൊണ്ട് മൂവരുടെയും കഴുത്തറക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചതും ഇയാള്‍ തന്നെയായിരുന്നു. താൻ നടത്തം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയിലാണ് മൂവരും മരിച്ച നിലയിൽ കണ്ടതെന്നായിരുന്നു അര്‍ജുന്‍ എല്ലാവരോടും പറഞ്ഞിരുന്നത്. മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നതിന് ശേഷമാണ് വീട്ടില്‍നിന്ന് പ്രഭാതസവാരിക്ക് പോയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
പിതാവിന് താൻ ബോക്സിംഗിലേക്ക് പോയത് ഇഷ്ടമായില്ല. മകൻ ഉഴപ്പി നടക്കാനായി ആർട്സ് വിഷയവും ബോക്സിംഗും തെരഞ്ഞെടുത്തുവെന്നായിരുന്നു രാജേഷ് കുമാർ വിലയിരുത്തിയിരുന്നത്. ഡൽഹിയെ പ്രതിനിധീകരിച്ച് നേടിയ വെള്ളി മെഡൽ പോലും സഹോദരിയുടെ അച്ചടക്കത്തിനും പഠനമികവിനും പകരം വയ്ക്കാനോ 20കാരന്റെ ബോക്സിംഗിലെ താൽപര്യം അംഗീകരിക്കാനോ വീട്ടുകാർക്ക് കാരണമാവാത്തതിൽ അർജുൻ നിരാശനായിരുന്നു. കുടുംബത്തില്‍നിന്ന് ആരും തനിക്ക് പിന്തുണ നല്‍കുന്നില്ലെന്നും ഒറ്റപ്പെട്ടലും അവഗണനയും മാത്രമാണ് എന്ന തോന്നലുമാണ് ക്രൂരകൃത്യത്തിനു ഇയാളെ നയിച്ചത് എന്നാണ് പോലീസ് പറയുന്നത്