Sports

ഭരണം തോന്നിയപോലെ; പാകിസ്താൻ ഫുട്ബോൾ ഫെഡറേഷനെ സസ്പൻഡ് ചെയ്ത് ഫിഫ

പാകിസ്താൻ ഫുട്ബോൾ ഫെഡറേഷനെ (പിഎഫ്എഫ്) സസ്പൻഡ് ചെയ്ത് ഫിഫ. നിക്ഷ്പക്ഷവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിഫയുടെ നടപടി. അഴിമതിയും ദുർഭരണവും കാരണം ഫിഫ നിയമിച്ച പ്രത്യേക കമ്മറ്റിയാണ് 2019 മുതൽ പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ്റെ ഭരണം കൈകാര്യം ചെയ്യുന്നത്.

ഫിഫയുടെ നിർദ്ദേശമനുസരിച്ചുള്ള നിയമഭേദഗതികൾ കൈക്കൊള്ളുന്നത് വരെ പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ്റെ സസ്പൻഷൻ തുടരുമെന്ന് ഫിഫ അറിയിച്ചു. ഫിഫയും ഏഷ്യൻ ഫുട്ബോൾ ഫെഡറേഷനും ചേർന്ന് നിർദ്ദേശിച്ച ഭരണഘടന അംഗീകരിച്ചാൽ മാത്രമേ പിഎഫ്എഫിൻ്റെ സസ്പൻഷൻ പിൻവലിക്കൂ

പാകിസ്താൻ ഫുട്ബോൾ ഫെഡറേഷനിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. ഇതിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് ഫെഡറേഷൻ സ്വീകരിച്ചത്. ഈ തീരുമാനത്തോടെ പാകിസ്താൻ ഫുട്ബോൾ പ്രതിസന്ധിയിലായി. അതുകൊണ്ട് തന്നെ ഫെഡറേഷനെ സസ്പൻഡ് ചെയ്യാതെ നിവർത്തിയില്ലെന്ന് ഫിഫ നിലപാടെടുക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഫിഫ പ്രത്യേക കമ്മറ്റിയിലെ അംഗങ്ങൾ മാറിയിരുന്നു. എന്നാൽ, ഫെഡറേഷനിലെ പ്രധാന പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ കഴിഞ്ഞില്ല. കമ്മറ്റി അംഗങ്ങളും പാകിസ്താൻ കായിക ബോർഡുമായി പലതവണ ഏറ്റുമുട്ടിയിരുന്നു. ഭേദഗതിയ്ക്ക് അനുവദിക്കാതിരുന്നത് കായിക ബോർഡിൻ്റെ പിടിവാശി ആണെന്നാണ് റിപ്പോർട്ടുകൾ.

ഫെബ്രുവരി 15ന് മുൻപ് നിർദ്ദേശിച്ച ഭേദഗതികൾ നടപ്പിലാക്കിയില്ലെങ്കിൽ ഫെഡറേഷനെ സസ്പൻഡ് ചെയ്യുമെന്ന് കമ്മറ്റി ചെയർമാൻ ഹാറൂൺ മാലിക് പാർലമെൻ്ററി പാനലിന് മുന്നറിയിപ്പ് നൽകുയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. ഇതാണ് സസ്പൻഷനിലേക്ക് നയിച്ചത്

Related Articles

Back to top button
error: Content is protected !!