ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ തീപിടിത്തം; പരിശോധനയിൽ നോട്ടുകെട്ടുകളും കണ്ടെത്തി

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ജസ്റ്റിസ് യശ്വന്ത് വർമ വസതിയിലുണ്ടായിരുന്നില്ല
തീപിടിത്തമുണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് ഫയർ ഫോഴ്‌സിനെ വിളിച്ചത്. തീ അണച്ചതിന് ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി നാശനഷ്ടം കണക്കാക്കുന്നതിനിടെയാണ് ഒരു മുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ഇത് കണക്കിൽപ്പെടാത്തതാണെന്ന് മനസ്സിലായ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു
2014ലാണ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായത്. പിന്നീട് 2021ൽ ഡൽഹി ഹൈക്കോടതിയിലേക്ക് മാറുകയായിരുന്നു. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് കൊളീജിയം വിളിച്ചിട്ടുണ്ട്.