യു എസ് ചരിത്രത്തിലെ ഏറ്റവും വലിയ കെടുതിക്ക് കാരണമായ കാട്ടുതീയീയില്‍ മരണം ഉയരുന്നു. ലോസ് ആഞ്ചലസില്‍ കത്തിപ്പടര്‍ന്ന കാട്ടുതീയില്‍ അകപ്പെട്ട് മരിച്ചവരുടെ എണ്ണം 24 ആയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ പലരും മരണത്തിന് കീഴ്‌പ്പെട്ടിട്ടുണ്ടാകുമെന്നാണ് സൂചന. ആയിരത്തിലധികം കെട്ടിടങ്ങളും വീടുകളുമാണ് ഇതുവരെ കത്തിയമര്‍ന്നത്. കാട്ടുതീ പടരുമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
പ്രദേശത്ത് വരണ്ട കാറ്റായ സാന്റാ അന വീശിയടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അഗ്‌നിബാധ ഇനിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബാധിക്കാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വരെ ദൂരത്തിലായിരിക്കും കാറ്റ് വീശുക. അതുകൊണ്ടുതന്നെ അടുത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു.
അതേസമയം, അഗ്‌നിബാധയെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രദേശം മുഴുവന്‍ പുക നിറഞ്ഞതിനാല്‍ ആളുകളോട് വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടര്‍ന്ന് ലോസ് ആഞ്ചലസില്‍ മാത്രം അരലക്ഷത്തോളം വീടുകള്‍ ഇരുട്ടിലാണ്.