KeralaSports

തുടർച്ചയായി രണ്ടാം തവണയും അഖിലേന്ത്യാ തലത്തിൽ ഒന്നാം സ്ഥാനം; GEC തൃശ്ശൂരിന്റെ സ്വർണ്ണക്കുതിപ്പ് ഇ-സ്കൂട്ടർ സ്കീവയിലൂടെ

അപ്രതീക്ഷിതമായി വണ്ടിയുമായി പോകുമ്പോൾ അപകടം സംഭവിച്ചാൽ വേണ്ടപ്പെട്ടവരുടെ നമ്പറിലേക്ക് സന്ദേശം പോകും, കൂടാതെ നിലവിൽ വാഹനം എവിടെ ഉണ്ടെന്നും ലൊക്കേഷൻ സഹിതം അയച്ച് കൊടുക്കും. നൂതനാശയങ്ങളും സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നതിൽ തൃശൂർ ഗവ. എൻജിനീയറിങ്ങ് കോളേജിന് ഒരു പൊൻതൂവൽ കൂടി. സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എൻജിനീയേ ഴ്സസ് ഇന്ത്യ സംഘടിപ്പിച്ച ഇലക്ട്രിക് ടൂവീലർ ഡിസൈൻ മൽസരത്തിൽ അഖിലേന്ത്യാ തലത്തിൽ തൃശൂർ ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മത്സരത്തിനായി വിദ്യാർഥികൾ സ്വന്തമായി ‘സ്കീവ’ എന്ന ഇലക്ട്രിക് സ്കൂട്ടർ രൂപകൽപന ചെയ്ത് നിർമിച്ചു. 48 വോൾട്ട് ലിഥിയം അയൺ ബാറ്ററിയും 1000 വാട്ട് ബിഎൽഡിസി മോട്ടറും സ്കൂട്ടറിന് കരുത്തായി.

നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഏഴിൽ പരം അധിക സവിശേഷതകൾ വാഹന ത്തിൽ സജ്ജമാക്കി. സെൻസറു കളുടെയും പ്രോഗ്രാമിംഗ് ലാംഗ്വേജുകളുടെയും സഹായത്തോടെ ബ്ലൈൻഡ് സ്പോട്ട് സെൻസിംഗ്, ജിയോ ഫെൻസിങ്, എമർജൻസി അസിസ്റ്റീവ് ബ്രേക്കിംഗ്, ബാറ്ററി കൂളിങ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് ബ്രൈറ്റ്‌നസ് കൺട്രോൾ, ആക്സിഡന്റ് ഡിറ്റക്ഷൻ ആൻഡ് ഇൻഫോമിങ് സിസ്റ്റം, ഓട്ടോ ഇൻഡിക്കേറ്റർ കട്ട് ഓഫ്, അഡ്ജസ്റ്റബിൾ ഹാൻ്റിൽ ബാർ ആൻ്റ് സീറ്റ് തുടങ്ങിയവയും സ്‌കൂട്ടറിൽ ഘടിപ്പിച്ചു. ഇത് വണ്ടി ഓടിക്കുന്നവർക്ക് ഏറെ സഹായകമാണ്.

പ്രൊഫസർ അൻവർ സാദിക്കിൻ്റെ മേൽനോട്ടത്തിൽ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥി അർച്ചന സുനിൽ നേതൃത്വം വഹിച്ച ഒമ്പതംഘ ടീമിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികളായ ആരോൺ സൈമൺ (ടീം വൈസ് ക്യാപ്റ്റൻ), അഭിനവ് വി, അലൻ ടി പോൾ, ക്രിസ്റ്റോ ജോസഫ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ അഞ്ചന ആർ.ബി, ദേവിക കെ, മുഹമ്മദ് റാഷിദ് കെ. എസ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി തേജലക്ഷ്മി എന്നിവർ ചേർന്നാണ് റ്റൂ വീലർ വെഹിക്കിൾ നിർമ്മിച്ചത്.

സ്കീവ എന്ന പേരിൽ നിർമ്മിച്ചെടുത്ത സ്കൂട്ടറിനായി പ്രത്യേകം ഒരു ആപ്പും വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിച്ചെടുത്തു. വയർലെസ്സ് ഡിസ്പ്ലേ സിസ്റ്റം വാഹനത്തിൻ്റെ മറ്റൊരു പ്രത്യേകത ആണ്. ഏതൊരു ഭൂപ്രകൃതിയിലും ബുദ്ധിമുട്ടില്ലാതെ ഓടിക്കാൻ കഴിയുന്ന രീതിയിലാണ് എക്സ്റ്റേണൽ ഡിസൈനിങ്. അമ്പതോളം ടീമുകൾ മാറ്റുരച്ച മത്സരത്തിൽ മറ്റു സംഘങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന തരത്തിലുള്ള ആകർഷകമായ വ്യത്യസ്ഥതകൾ കൊണ്ടും, സവിശേഷതകളുടെ മികവുകൾ കൊണ്ടുമാണ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

Related Articles

Back to top button
error: Content is protected !!