
അബുദാബി: യുഎഇയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് നാലാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് അവധി. അവധിക്കാലത്തും പഠനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഈ വർഷത്തെ പുതിയ അധ്യയന കലണ്ടർ പ്രകാരം, യുഎഇയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ആകെ 135 ദിവസത്തെ അവധിയാണ് ലഭിക്കുക. ഇതിൽ ഏറ്റവും ദൈർഘ്യമേറിയ അവധിയാണ് നാലാഴ്ച നീളുന്ന ശൈത്യകാല അവധി. വിദ്യാർത്ഥികൾക്ക് വിശ്രമിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും അവസരം നൽകുന്നതോടൊപ്പം പഠന നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.
വിവിധ സ്കൂളുകൾ ഓൺലൈൻ പഠന സൗകര്യങ്ങൾ, ഹോംവർക്കുകൾ, പ്രോജക്ടുകൾ, സ്വയം പഠനത്തിനുള്ള നിർദേശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. പാഠ്യേതര വിഷയങ്ങളിലും കഴിവുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും അവധിക്കാലം പ്രയോജനപ്പെടുത്താമെന്ന് വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അവധിക്കാലം കഴിഞ്ഞാലും വിദ്യാർത്ഥികൾക്ക് പഠനവുമായി പെട്ടെന്ന് ഇഴുകിച്ചേരാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
പുതിയ അധ്യയന വർഷം ഓഗസ്റ്റ് 25-ന് ആരംഭിച്ചു. ഇതിനിടെ ഒക്ടോബറിൽ ഒരു ആഴ്ചത്തെ മിഡ്-ടേം അവധിയും നൽകിയിരുന്നു. കൂടാതെ, മെയ് മാസത്തിൽ മറ്റൊരു മിഡ്-ടേം അവധിയും നൽകാൻ പദ്ധതിയുണ്ട്. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഇടവേളകൾ ഉൾപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.