ജാർഖണ്ഡിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു; രണ്ട് ലോക്കോ പൈലറ്റുമാർ അടക്കം മൂന്ന് പേർ മരിച്ചു

ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോക്കോ പൈലറ്റുകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കൽക്കരി നിറച്ച ചരക്ക് തീവണ്ടി ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചാണ് അപകടം. അഞ്ച് റെയിൽവേ തൊഴിലാളികൾക്കും ഒരു സിആർപിഎഫ് ജവാനും അപകടത്തിൽ പരുക്കേറ്റു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഭരണകൂടം ഒരു സംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സാഹിബ്ഗഞ്ച് ജില്ലയിലെ ബർഹൈത്ത് പോലീസ് സ്റ്റേഷൻ പ്രദേശത്തിന് സമീപമുള്ള ഫറാക്ക-ലാൽമതിയ എംജിആർ റെയിൽവേ ലൈനിലാണ് അപകടം നടന്നത്. പ്രാഥമിക വിവരം അനുസരിച്ച്, ബർഹൈത്ത് എംടിയിൽ നിർത്തിയിട്ടിരുന്ന ഒഴിഞ്ഞ ഗുഡ്സ് ട്രെയിനിൽ ലാൽമതിയയിൽ നിന്ന് വരികയായിരുന്ന കൽക്കരി നിറച്ച ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുിന്നു.
ഇന്ന് പുലർച്ചെ 3:30 ഓടെയാണ് കൂട്ടിയിടി ഉണ്ടായത്. അപകടം നടന്ന രണ്ട് ഗുഡ്സ് ട്രെയിനുകളും ട്രാക്കുകളും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസ് പറഞ്ഞു.