തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അഴിമതി; ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രിയുടെ മകന്‍ അറസ്റ്റിൽ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയെ തുടര്‍ന്ന് ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രിയുടെ മകന്‍ പൊലീസ് കസ്റ്റഡിയില്‍. കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മകന്‍ ബല്‍വന്ത് സിങ് ഖബാദിനെ ആണ് അഴിമതി കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ദേവഗഢ് ബാരിയ, ധന്‍പുര്‍ എന്നീ താലൂക്കുകളില്‍ നിന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദഹോദ് പൊലീസ് ബല്‍വന്ത് സിങ് ഖബാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മക്കളായ ബല്‍വന്ത് സിങ്ങിനും ഇളയ സഹോദരന്‍ കിരണിനെതിരെയുമാണ് അഴിമതി ആരോപണം ഉയര്‍ന്നത്.
ഇതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പിന്നീട് ജാമ്യാപേക്ഷ പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബല്‍വന്ത് സിങിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രാഥമികാന്വേഷണത്തില്‍ അഴിമതി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ എഫ്ഐആര്‍ അനുസരിച്ചാണ് കേസില്‍ അറസ്റ്റ് നടന്നതെന്നും ദഹോദ് പൊലീസ് അറിയിച്ചു. തൊഴിലുറപ്പ് പദ്ധതികള്‍ക്കായുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നത് ബല്‍വന്ത് സിങ് ഖബാദ് നടത്തുന്ന ഏജന്‍സിയാണ്.
ഇതിന്റെ കണക്കുകളില്‍ ഇവര്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. ഇതേ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ ബച്ചു ഖബാദിന്റെ ഇളയ മകന്‍ കിരണിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.